ദേശീയപാതയില്‍ ടാങ്കര്‍ലോറി കാറിലിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്‌

കായംകുളം:ദേശീയപാതയില്‍ കരീലക്കുളങ്ങരയില്‍  ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറോടിച്ച മുതുകുളം വെട്ടത്തുമുക്ക് ചന്ദ്രഭവനത്തില്‍ ഹരി (42), ടാങ്കര്‍ ലോറി െ്രെഡവര്‍ അങ്കമാലി കൊരട്ടി സ്വദേശി ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഷിജുവിനെ കായംകുളം താലൂക്കാശുപത്രിയിലും ഹരിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറിഞ്ഞ ടാങ്കര്‍ ലോറി മരത്തിലിടിച്ച് നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി  കൊല്ലത്തേക്ക്  ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി കൂട്ടിയിടിക്കുകയും നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയുമായിരുന്നു . പെട്രോളും ഡീസലുമായി വന്ന ടാങ്കറില്‍ നിന്നും ചോര്‍ച്ചയുണ്ടായത് പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. തുടര്‍ന്ന്  പോലിസും അഗ്‌നിശമന സേനയും ചേര്‍ന്ന് സമീപത്തെ  വീടുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചു. ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം  ഏര്‍പ്പെടുത്തി  വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കായംകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ എന്‍ ടി പി സി റോഡു വഴിയും ,ഹരിപ്പാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കായംകുളം ഒ എന്‍ കെ ജംഗ്ഷനില്‍ നിന്നും കാര്‍ത്തികപ്പള്ളി റോഡുവഴിയുമാണ് കടത്തി വിട്ടത്. ജില്ലാ അഗ്‌നിശമന സേനാ ഓഫീസറുടെ നേതൃത്വത്തില്‍   കായംകുളം,ഹരിപ്പാട് യൂണിറ്റിലെ അഗ്‌നിശമന സേനയും,എന്‍ ടി പി സി സുരക്ഷാ ഉദ്യോഗസ്ഥ സംഘവും പോലിസും  രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങി. ഐ ഒ സി ഉദ്യോഗസ്ഥരുടെ സംഘവും സ്ഥലത്തെത്തിയിരുന്നു .ചോര്‍ച്ചയുണ്ടായ  ഭാഗത്തെ ഇന്ധനം അഗ്‌നിശമന സേന നിര്‍വീര്യമാക്കി.
തുടര്‍ന്ന് വൈകുന്നേരം ആറുമണിയോടെ ക്രയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തിയശേഷം ടാങ്കറിലെ ഇന്ധനം സമീപത്തെ ഐ ഒ സി പെട്രോള്‍ പമ്പിലേക്ക് മാറ്റി. തുടര്‍ന്നാണ് ഇവിടെ ഗതാഗതം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചത്. അപകട സ്ഥലത്തു നിന്നും നൂറുമീറ്റര്‍ അരികിലായിട്ട് പെട്രോള്‍ പമ്പ് സ്ഥിതി ചെയ്തതും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു.

RELATED STORIES

Share it
Top