ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഒറ്റയാന്‍

അടിമാലി: ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി ഒറ്റയാന്റെ വിളയാട്ടം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് സമീപം മൂന്നുകലുങ്കിലാണ് കാട്ടാന ഗതാഗതം തടഞ്ഞത്. ശനിയാഴ്ച രാവിലെ 8 മണിയോടെ ദേശീയപാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനം തുറക്കാന്‍ എത്തിയ വ്യാപാരിയാണ് റോഡില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടത്. ഒരുമണിക്കൂറോളം ദേീയപാതയില്‍ നിലയുറപ്പിച്ചശേഷമാണ് കാട്ടാന റോഡില്‍ നിന്ന് മാറിയത്. ഇതോടെ നിരവധി വാഹനങ്ങള്‍ കുടുങ്ങുകയും ചെയ്തു.
വിവരമറിഞ്ഞ് നേര്യമംഗലം റേഞ്ച് ഓഫിസര്‍ അരുണ്‍ കെ.നായരുടെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി ഒരുമണിയോടെ ഉള്‍വനത്തിലേക്ക് കാട്ടാനയെ ഓടിച്ച് വിട്ടു.വെള്ളിയാഴ്ചയും ഇവിടെ കാട്ടാന ഇറങ്ങിയിരുന്നു.എന്നാല്‍ ആരും കണ്ടിരുന്നില്ല.ഇവിടെ പകല്‍ സമയത്ത് ആദ്യമായിട്ടാണ് കാട്ടാനയെ നാട്ടുകാര്‍ കാണുന്നത്.ആവറുകുട്ടി വനമേഖലയില്‍ നിന്നാണ് ഈ കാട്ടാന എത്തിയതെന്നാണ് കരുതുന്നത്. കടുത്ത വേനലില്‍ ദേവിയാര്‍ പുഴയില്‍ നിന്ന് വെളളം കുടിക്കാന്‍ എത്തിയതാണെന്നാണു സൂചന.
സാധാരണ രാത്രിയിലെ ഈ ഭാഗത്ത് കാട്ടാന എത്താറുള്ളൂ.ജില്ലയില്‍ ഏറ്റവും തിരക്ക് അനുഭപ്പെടുന്ന റോഡുകളിലൊന്നാണ് ഇത്.മൂന്നാറിലേക്ക് വരുന്ന സഞ്ചാരികളും ഇതുവഴി മാത്രമാണ് എത്തുന്നത്. കാട്ടാനയെ കണ്ടസാഹചര്യത്തില്‍ രാത്രി യാത്രികര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top