ദേശീയപാതയിലെ വെള്ളക്കെട്ട്: പരിഹാരം കാണാനാവാതെ അധികൃതര്‍

വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി വെള്ളം കയറുന്നതിന് പരിഹാരം കണ്ടെത്താന്‍ കഴിയാതെ ദേശീയപാത അധികൃതര്‍. മേഖലയില്‍ മഴ ശക്തമായതോടെ ഗതാഗതം സുഗമമല്ലാതായിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. കക്കിക്കവല, നെല്ലിമല തുടങ്ങിയ പ്രദേശങ്ങളില്‍ വെളളം കയറിയതോടെ റോഡ് ഗതാഗതം പൂര്‍ണമായും നിലച്ച സ്ഥിതിയാണ്.
വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ ഉണ്ടാകുന്ന മഴയില്‍ ദേശീയ പാതയില്‍ പതിവായി വെള്ളം കയറുന്നത് സ്ഥിരം സംഭവമാണെങ്കിലും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളം ഇറങ്ങി പോവുകയാണ് ചെയ്തിരുന്നത്. മഴ ശക്തി പ്രാപിച്ചതോടെ ദിവസങ്ങളായി ചെറുതും വലുതുമായ വാഹനങ്ങളുടെ ഓട്ടം നിലച്ചു. ഇതോടെ ജോലിക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. ഇതിന് മുമ്പ് അഞ്ചുവര്‍ഷം മുമ്പാണ് സമാനമായ രീതിയില്‍ നെല്ലിമല മുതല്‍ വണ്ടിപ്പെരിയാര്‍ പെട്രോള്‍ ബങ്ക് വരെ വെള്ളം കയറിയത്.
പ്രധാനമായും ദേശിയ പാതയോട് ചേര്‍ന്ന് ഒഴുകുന്ന പെരിയാര്‍  ചോറ്റാപാറ തോടിന് വീതിയും ആഴവും ഇല്ലാത്തതിനാലാണ് വെള്ളം തോട് കവിഞ്ഞൊഴുകി റോഡിലേക്ക് ഒഴുകുന്നത്. നെല്ലിമല മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള തോടിന് ഇരുവശങ്ങളിലെ അനധികൃത കൈയേറ്റവും വ്യാപകമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറഞ്ഞത് ശരാശരി 6 മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് കൈയേറ്റങ്ങളുടെ അനന്തരഫലമായി വീതി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി കലുങ്ക് നിര്‍മ്മിച്ചിട്ടും കലുങ്കിന്റെ നിര്‍മാണത്തിന്റെ അപാകത മൂലം വെള്ളം കയറുന്നത് തിരികെ ഇറങ്ങി പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നെല്ലിമലയില്‍ വെള്ളം ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ്  കലുങ്ക് സ്ഥിതി ചെയ്യുന്ന കക്കിക്കവലയില്‍ വെള്ളം ഇറങ്ങുന്നത്. കക്കിക്കവല, നെല്ലിമല,   ചുരക്കുളം എന്നിവടങ്ങളിലായി ദേശിയ പാതയോരത്ത് 150 തോളം വീടുകള്‍ ഉണ്ട്. പാതയില്‍ വെള്ളം കയറിയാല്‍ അമ്പതോളം വീടുകളുടെ മുറ്റത്തും വെളളം കയറും. ഈ സമയങ്ങളില്‍  ബന്ധുവീടുകളിലേയ്ക്കും മറ്റും സമീപവാസികള്‍ മാറി താമസിക്കുകയാണ് പതിവ്.   വെളളം ഇറങ്ങുമ്പോള്‍ മാത്രമാണ് നിവാസികളുടെ ജീവിതം പൂര്‍വ്വ സ്ഥിതിയിലാകും.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടികജാതി വകുപ്പില്‍ നിന്നും പഞ്ചായത്തില്‍  നിന്നുമായി കഴുതപ്പേട്ടയില്‍ വീട് വച്ചു മാറുവാനായി സ്ഥലം അനുവദിച്ചിരുന്നു. പലരും  സ്ഥലം കൈവശപ്പെടുത്തിയെങ്കിലും താമസം മാറാന്‍ കൂട്ടാക്കിയില്ല. കഴുതപ്പേട്ടയിലെ സ്ഥലത്ത് വീട് നിര്‍മിച്ച് വാടകയ്ക്ക് നല്കിയതിനു ശേഷം ദേശിയ പാതയോരത്ത് താമസം തുടരുന്നവരുമുണ്ട്.  കഴുതപ്പേട്ടയില്‍ ലഭിച്ച സ്ഥലത്ത് വേനല്‍ കാലത്ത് വെളളത്തിന്റെ ലഭ്യതക്കുറവും ദേശിയ പാതയോരത്ത് താമസിക്കുന്ന സ്ഥലം നഷ്ടമാകുമെന്നതു കൊണ്ടുമാണ് മിക്കവരും അവിടെ തന്നെ താമസം തുടരുന്നത്. കൂലിപണിക്കാരും എസറ്റേറ്റ് തൊഴിലാളികളുമാണ് ഇവിടെ താമസിക്കുന്ന കൂടുതല്‍ ആളുകളും. ജോലിക്ക് പോകുന്നതിനുള്ള എളുപ്പത്തിനും വണ്ടിപ്പെരിയാര്‍ ടൗണ്‍ അടുത്തായതു കൊണ്ടും താമസം നെല്ലിമല മേഖലയില്‍ തുടരുന്നതിന് കാരണമാണ്.
ദേശിയ പാതയില്‍ ഗതാഗത തടസം സ്ഥിരം സംഭ4വമായിട്ടും അധികൃതരു ടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് ആവശ്യത്തിന് വെള്ളം കടന്നു പോകുന്നതിന് യോഗ്യമായി തോട് നിര്‍മ്മിക്കുക എന്നതാണ് ഏക പ്രതിവിധി. സ്വകാര്യ സ്ഥലമുടമകള്‍ തോട് കയ്യേറി കല്ലു കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതും ഒഴുപ്പിക്കേണ്ടതുണ്ട്.
ദേശിയ പാതയിലൂടെ കടന്നു പോകുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഈ കാരണത്താല്‍ ദുരിതത്തിലാവുന്നത്. വിനോദ സഞ്ചാരികളും ,  ചരക്കു വാഹനങ്ങളും  വെള്ളം ഇറങ്ങുന്നതിനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കുന്നത്.
കക്കിക്കവല, നെല്ലിമല മേഖലകളില്‍ വെളളം കയറി ഗതാഗതം തടസപ്പെടുന്നത് നീക്കം ചെയ്യുന്നതിനുള്ള മറുപടി അടിയന്തരമായി അധികൃതര്‍ സ്വീകരിക്കണമെന്ന  ആവശ്യം ശക്തമാണ്.ദേശിയപാതയുടെ ചുരക്കുളം കവല മുതല്‍ നെല്ലിമല വരെയുള്ള അര കിലോമീറ്റര്‍ റോഡ് ഉയര്‍ത്തുന്നതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയപാത വിഭാഗം ആരംഭിച്ചെങ്കിലും പ്രതികൂലമായ കാലവസ്ഥ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്.
ഏകദേശം 4 അടിയോളം ഉയര്‍ത്തിയാണ് റോഡ് ടാറിങ് നടത്തുക.റോഡിന്റെ ഒരു വശം മണ്ണിട്ട് നികത്തുകയും കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം പ്രധാനമായ വെള്ളം കയറുന്ന ഭാഗങ്ങളില്‍ കലുങ്ക് നിര്‍മ്മിക്കാനുമാണ് ദേശീയ പാത അധികൃതരുടെ തീരുമാനം.

RELATED STORIES

Share it
Top