ദേശീയപാതയിലെ പോരായ്മകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമായില്ല

കൊടകര: ദേശീയപാത 47നെ നാലുവരി പാതയാക്കി വികസിപ്പിച്ച് ടോള്‍ പിരിവു തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായിട്ടും ദേശീയപാതയിലെ പോരായ്മകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമായില്ല. സര്‍വ്വീസ് റോഡുകളുടേയും കാനകളുടേയും നിര്‍മ്മാണമടക്കം ഒട്ടേറെ പണികള്‍ ഇപ്പോഴും ബാക്കിയാണ്.
കൊടകര മേഖലയിലെ കൊളത്തൂര്‍ മുതല്‍ പേരാമ്പ്ര വരെ പലയിടങ്ങളിലും സര്‍വീസ് റോഡുകള്‍ ഇപ്പോഴും അപൂര്‍ണ്ണമാണ്. സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കലുങ്കുകള്‍ നിര്‍മ്മിക്കാനെടുത്ത കുഴികള്‍ യാത്രക്കാര്‍ക്ക് മരണക്കെണിയായി മാറിയിരിക്കുകയാണ്. കൊളത്തൂര്‍ മേഖലയില്‍ പതിവായി അപകടങ്ങള്‍ നടക്കുന്നതിന്റെ പ്രധാന കാരണവും സര്‍വ്വീസ് റോഡുകളിലെ അപര്യാപ്തയാണ്. സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ച ഭാഗങ്ങളിലാകട്ടെ അനുബന്ധപണികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ജീവന്‍പണയം വെച്ചുകൊണ്ട് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. സര്‍വ്വീസ് റോഡുകളുള്ള ഭാഗത്ത് അവയ്ക്ക് കുറുകെ ചെറിയ തോടുകള്‍ കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം കലുങ്കുനിര്‍മ്മാണത്തിനായി കുഴിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ കുഴികളില്‍ കോണ്‍ക്രീറ്റിംഗിനായി വലിയ ഇരുമ്പുകമ്പികള്‍ നാട്ടിയത് യാത്രക്കാരുടെ ജീവനുനേരെ ഭീഷണിയായി ഉയര്‍ന്നുനില്‍ക്കുകയാണ്.
റോഡരുകില്‍ ഉയര്‍ന്നുനില്‍ക്കുന്ന കമ്പികള്‍ പുല്ലുമൂടി കിടക്കുന്നതിനാല്‍ പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധയില്‍പെടാറില്ല. കൊടകര മുതല്‍ പേരാമ്പ്ര വരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ഇത്തരത്തിലുള്ള നിരവധി കുഴികളാണ് സര്‍വ്വീസ് റോഡുകളുടെ ഓരത്തുള്ളത്. ഈ കുഴികളിലേക്ക് വാഹനങ്ങള്‍ മറിയുന്നത് പതിവുസംഭവമാണ്. കൊടകര പോലിസ് സ്‌റ്റേഷനു സമീപം സര്‍വ്വീസ് റോഡിനോടുചേര്‍ന്ന് കാന നിര്‍മ്മിക്കാത്തതിനാല്‍ യാത്രക്കാര്‍ റോഡരുകിലെ ഗര്‍ത്തത്തിലേക്കു വീഴാവുന്ന സ്ഥിതിയാണുള്ളത്. നെല്ലായി തൂപ്പന്‍കാവ് പാലത്തിനോട് ചേര്‍ന്ന് സര്‍വ്വീസ് റോഡിനായി നിര്‍മ്മാണം തുടങ്ങിയ പാലം ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നു.
നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്ന ഈ മേഖലയില്‍ പാലവും സര്‍വ്വീസ് റോഡും വന്നാല്‍ യാത്ര സുരക്ഷിതമാകും. ബി.ഒ.ടി.പാതയാക്കി വികസിപ്പിച്ചതിനു ശേഷം ദേശീയപാതയിലെ പേരാമ്പ്ര, പെരിങ്ങാകുളം, ഉളുമ്പത്തുകുന്ന്, കൊളത്തൂര്‍, നെല്ലായി എന്നിവിടങ്ങളിലായി ആയിരത്തോളം അപകടങ്ങളാണുണ്ടായിട്ടുള്ളത്.
പേരാമ്പ്ര ജംഗ്ഷന്‍, നെല്ലായി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ യാത്രക്കര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിട്ടില്ല. ഇവിടങ്ങളിലെ നിര്‍ദ്ദിഷ്ട ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം പ്രഖ്യാപനത്തിലൊതുങ്ങി. പാതവിളക്കുകള്‍ വേണ്ടത്ര സ്ഥാപിക്കാത്തതിനാല്‍ ദേശീയപാത പലയിടത്തും ഇരുട്ടിലാണ്. കൊടകര പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ ഭാഗങ്ങളില്‍ കാനനിര്‍മ്മാണമടക്കമുള്ള പണികള്‍ ഇനിയും ചെയ്തുതീര്‍ക്കാനുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രസാദന്‍ പറഞ്ഞു. ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ് അടക്കമുള്ള സഹായം ആവശ്യപ്പെടുന്നതിനായി പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള എസ്ഒഎസുകള്‍ മിക്കവയും തുരുമ്പെടുത്തു നശിക്കുകയാണ്.

RELATED STORIES

Share it
Top