ദേശവിരുദ്ധമായ ഒരു ദേശീയത

യോഗേന്ദ്ര യാദവ്

ഈയിടെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആര്‍എസ്എസ് നടത്തിയ സമ്പര്‍ക്ക പരിപാടി അതിന്റെ ലക്ഷ്യങ്ങള്‍ കണ്ടെത്തി എന്നു തോന്നുന്നു. പ്രതിച്ഛായ മിനുക്കലാണ് അവര്‍ പ്രധാനമായി ലക്ഷ്യം വച്ചത്. ആര്‍എസ്എസ് പ്രതീക്ഷിച്ചതും ആഗ്രഹിച്ചതുമായ ചോദ്യങ്ങള്‍ തന്നെയാണ് പരിപാടിയില്‍ എല്ലാവരും ഉയര്‍ത്തിയത്: സര്‍ക്കാരില്‍ നിങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ടോ, ആര്‍എസ്എസ് മുസ്‌ലിം വിരുദ്ധമാണോ? പക്ഷേ ഒരു ചോദ്യം ഉയര്‍ത്താന്‍ സമയമായിരിക്കുന്നു: ആര്‍എസ്എസ് ദേശവിരുദ്ധമാണോ?
ഒറ്റനോട്ടത്തില്‍ ഇതെന്തൊരു ചോദ്യം എന്നു സംശയിച്ചേക്കാം. ദേശീയതയും ഹിന്ദുത്വവുമാണ് അവരുടെ പ്രധാന മൂലധനം തന്നെ. ഇതു വെറുതെ പറയുന്നതല്ല. എനിക്ക് ആര്‍എസ്എസിനെ അടിമുടി അറിയാം. ആര്‍എസ്എസുകാര്‍ തങ്ങളുടെ ദേശീയത നിരന്തരം ആവര്‍ത്തിക്കുന്ന കൂട്ടരാണ്. പഴയകാല കമ്മ്യൂണിസ്റ്റുകളെയും സോഷ്യലിസ്റ്റുകളെയും പോലെ സാധാരണ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാഷ്ട്രീയക്കാരേക്കാള്‍ ആത്മാര്‍ഥതയും ആദര്‍ശബോധവും പ്രകടിപ്പിക്കുന്നയാളാണെന്നും എനിക്കറിയാം. ദുരന്തവേളകളില്‍ അവരുടെ സംഭാവനകളെക്കുറിച്ചും എനിക്കു ബോധ്യമുണ്ട്. ആര്‍എസ്എസിന്റെ ദേശീയ പാരമ്പര്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ അത് പ്രകോപനമുണ്ടാക്കുമെന്നും എനിക്കറിയാം.
എന്നാല്‍, ഈ വിഷയം സത്യസന്ധമായും ഗൗരവത്തോടെയും ചര്‍ച്ച ചെയ്യുക തന്നെ വേണം. ദേശീയ ജീവിതത്തില്‍ ഇന്ന് ആര്‍എസ്എസ് വഹിക്കുന്ന സുപ്രധാന സ്ഥാനം നോക്കുമ്പോള്‍ അത്തരമൊരു ചര്‍ച്ച അനിവാര്യമാണ്. ഇസ്‌ലാമിക മൗലികവാദവും മാവോവാദവുമൊക്കെ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് രാജ്യത്തു ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിഘടനവാദം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ ദേശീയതയ്ക്കും ദേശനിര്‍മാണത്തിനും ആര്‍എസ്എസും സഖ്യസംഘടനകളും ഉയര്‍ത്തുന്ന ഭീഷണി നാം കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ആര്‍എസ്എസിന്റെ സിദ്ധാന്തവും പ്രയോഗവും മാത്രമല്ല, സംഘടന എന്ന നിലയ്ക്ക് ഇന്ത്യന്‍ ദേശീയതയുമായുള്ള അതിന്റെ ബന്ധങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും കൂടി ചര്‍ച്ച ചെയ്യപ്പെടണം.
ഭൂതകാലത്തെ ചില വസ്തുതകള്‍ നോക്കുക: 1925ല്‍ സ്ഥാപിതമായ ആര്‍എസ്എസ് ദേശീയപ്രസ്ഥാനത്തില്‍ പങ്കെടുത്തിട്ടില്ല. വാസ്തവത്തില്‍, അതിന്റെ ഘടകമായിരുന്ന ഹിന്ദുമഹാസഭ ദേശീയപ്രസ്ഥാനത്തെ പരസ്യമായി തന്നെ എതിര്‍ക്കുകയാണുണ്ടായത്. അതേപോലെ തന്നെ വസ്തുതയാണ്, വി ഡി സവര്‍ക്കര്‍ ആന്തമാന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ബ്രിട്ടിഷ് ഭരണത്തോടു കൂറുപുലര്‍ത്തുമെന്ന് വൈസ്രോയിക്ക് നല്‍കിയ പ്രതിജ്ഞയുടെ അടിസ്ഥാനത്തിലാണ് എന്ന കാര്യവും. വിമോചനത്തിനുശേഷം ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കിയ തുക ഉപയോഗിച്ചാണ് അദ്ദേഹം കഴിഞ്ഞത്. ബ്രിട്ടിഷ് സര്‍ക്കാരിന്റെ നിബന്ധനകള്‍ അദ്ദേഹം പൂര്‍ണമായി അനുസരിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ മറ്റൊരു നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി ക്വിറ്റിന്ത്യാ സമരകാലത്ത് ബ്രിട്ടിഷ് ഭരണകൂടവുമായി സജീവമായി സഹകരിക്കുകയുണ്ടായി. ആര്‍എസ്എസ് ആവട്ടെ, ആ സമരത്തില്‍ നിന്നു അകന്നുനില്‍ക്കുകയും ചെയ്തു. മുസ്‌ലിംലീഗ് ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്നതിന് മുമ്പ് ആ വാദം ഉന്നയിച്ചവരാണ് ഹിന്ദു ദേശീയവാദികള്‍. അതേപോലെ വസ്തുതയാണ്, നാഥുറാം ഗോഡ്‌സെ ഒരുകാലത്ത് ആര്‍എസ്എസ് അംഗമായിരുന്നു എന്നതും. ഗാന്ധിവധസമയത്ത് സംഘപരിവാരത്തിലെ സജീവ അംഗവുമായിരുന്നു അദ്ദേഹം. ചുരുക്കത്തില്‍, ദേശീയ വിമോചനസമരത്തില്‍ ഒരു പങ്കാളിത്തവുമില്ലാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്നാല്‍, അതിന്റെ പേരില്‍ ആര്‍എസ്എസ് ദേശവിരുദ്ധമാണ് എന്ന് ഇന്ന് ആരോപിക്കാനും കഴിയില്ല.
അതിനാല്‍ സ്വാതന്ത്ര്യാനന്തര കാലത്ത് ആര്‍എസ്എസിന്റെ പങ്ക് പരിശോധിക്കപ്പെടണം. ദേശനിര്‍മാണ പ്രക്രിയയില്‍ എന്തു പങ്കാണ് ആര്‍എസ്എസ് വഹിച്ചത്? ഇവിടെയും ഉത്തരം നിര്‍ഭാഗ്യവശാല്‍ നിഷേധാത്മകം തന്നെ. ഇന്ത്യന്‍ റിപബ്ലിക്കിന്റെ സുപ്രധാന ചിഹ്നങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിച്ച പ്രസ്ഥാനമാണ് ആര്‍എസ്എസ്. ദേശീയപതാക, ദേശീയഗാനം, എന്തിന് ഇന്ത്യന്‍ ഭരണഘടന പോലും അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടിനുശേഷം ആര്‍എസ്എസ് നേതൃത്വം തങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ട് എന്നു പറയുമ്പോള്‍, അത് അര്‍ഥവത്തായ ഒരുപാട് കാര്യങ്ങള്‍ തുറന്നുകാട്ടുന്നുണ്ട്. മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാനും ആര്‍എസ്എസ് തയ്യാറാവുന്നില്ല: മതേതരത്വം, സോഷ്യലിസം, ഫെഡറലിസം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ സങ്കല്‍പങ്ങള്‍.
ദേശസമൂഹത്തിന്റെ വളര്‍ച്ചയില്‍ ക്രിയാത്മകമായ പങ്കാളിത്തമല്ല, നിഷേധാത്മകമായ പങ്കാണ് ആര്‍എസ്എസിനുള്ളത്. വിഭജനവും അതിന്റെ ദുരന്തങ്ങളും പുതിയ ദേശരാഷ്ട്രത്തിന് അതിഗുരുതരമായ പ്രശ്‌നങ്ങളാണു നല്‍കിയത്. ആ സന്ദര്‍ഭത്തില്‍ തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ് ആര്‍എസ്എസ് പ്രകടിപ്പിച്ചത്. കാരണം, ഹിന്ദുരാഷ്ട്രവാദമാണ് അവര്‍ ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുകയാണ് അവര്‍ ചെയ്തത്. മറ്റൊരു നിലയ്ക്കു നോക്കിയാല്‍ ഭരണഘടനാപരമായ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ആര്‍എസ്എസ് ചെയ്തത്. 1992ലെ ബാബരി മസ്ജിദ് ധ്വംസനം ഒരു ഉദാഹരണം മാത്രം. ഭരണഘടനയില്‍ ഊന്നിയ ദേശാഭിമാനമാണ് ദേശീയജീവിതത്തിന്റെ ആത്മാവെങ്കില്‍ ആര്‍എസ്എസ് ദേശീയ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത് എന്നു തീര്‍ച്ച.
ദേശീയതയെ സംബന്ധിച്ച യൂറോപ്യന്‍ സമീപനമാണ് ആര്‍എസ്എസ് അനുവര്‍ത്തിച്ചുവരുന്നത്. ഇന്ത്യന്‍ ദേശീയതാ സങ്കല്‍പത്തില്‍ നിന്നു തുലോം വ്യത്യസ്തമാണത്. യൂറോപ്പില്‍ വികസിച്ചുവന്ന ദേശരാഷ്ട്ര സങ്കല്‍പമാണ് അവര്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ അതിരുകള്‍ ഒന്നായിരിക്കണം എന്നതാണ് ഈ സങ്കല്‍പം. യൂറോപ്പില്‍ ഒരു വംശം, ഒരു ഭാഷ, ഒരു പ്രദേശം, ഒരു സംസ്‌കാരം എന്നതാണ് ദേശത്തിന്റെ അടിത്തറയായി സങ്കല്‍പിക്കപ്പെട്ടത്. ഇന്ത്യയില്‍ അത് ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സവര്‍ക്കറുടെ മുദ്രാവാക്യമായാണ് ഉയര്‍ന്നുവന്നത്. എന്നാല്‍, ഇന്ത്യന്‍ ദേശീയത ഈ യൂറോപ്യന്‍ സങ്കല്‍പത്തെ അടിസ്ഥാനപരമായി തന്നെ ചോദ്യം ചെയ്തു. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയായി വര്‍ത്തിച്ചത്.
ഇന്ന് ലോകം ഇന്ത്യയുടെ ഈ വൈവിധ്യത്തിന്റെ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം ആര്‍എസ്എസ്, തങ്ങളുടെ വൈദേശികമായ, വിഭജനാത്മകമായ ദേശസങ്കല്‍പത്തില്‍ അഭിരമിക്കുകയും. ഇന്ന് ഇന്ത്യന്‍ ദേശീയതയുടെ ഏറ്റവും വലിയ കണ്ഠകോടാലി ഈ ഭൂരിപക്ഷ സങ്കല്‍പത്തിലുള്ള ദേശീയതയാണ്. ഇന്ത്യന്‍ ദേശീയ ഐക്യത്തിനു ഭീഷണിയാവുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ യാതൊരു പരിഹാര നിര്‍ദേശവും ഇല്ലാത്ത ഒരു പ്രസ്ഥാനമാണ് ആര്‍എസ്എസ്. അത്തരം പ്രശ്‌നപരിഹാരത്തിന് ഒരു ശ്രമവും അവര്‍ നടത്താറുമില്ല. പ്രാദേശികമായ ഭിന്നതകളും (കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന ജലതര്‍ക്കങ്ങള്‍ ഉദാഹരണം) ഭാഷാ പ്രശ്‌നങ്ങളും (പഞ്ചാബി-ഹിന്ദി, കന്നഡ-മറാത്തി) വംശീയമായ പ്രശ്‌നങ്ങളും രാജ്യത്തെ വേട്ടയാടുന്നു. ഒന്നിലും അവര്‍ക്ക് യാതൊരു താല്‍പര്യവുമില്ല; പരിഹാര നിര്‍ദേശങ്ങളും.
മതപരമായ പ്രശ്‌നങ്ങള്‍ എവിടെയുണ്ടോ അവിടെ ആര്‍എസ്എസ് തലയുയര്‍ത്തും. എന്നാല്‍, ഹിന്ദുമതത്തിലും അവര്‍ക്കു യാതൊരു താല്‍പര്യവുമില്ല എന്നതാണ് സത്യം. ഹിന്ദു പാരമ്പര്യങ്ങളെ സംബന്ധിച്ച് അവര്‍ക്കു വലിയ അറിവില്ല; താല്‍പര്യവുമില്ല. വാസ്തവത്തില്‍, അവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വം യാഥാസ്ഥിതിക ഇസ്‌ലാമില്‍ നിന്നും യാഥാസ്ഥിതിക ക്രൈസ്തവതയില്‍ നിന്നും കടംകൊണ്ടതാണ്. പക്ഷേ ഹിന്ദു-മുസ്‌ലിം ഭിന്നതകള്‍ വളര്‍ത്തി അക്രമവും വിരോധവും പടര്‍ത്താനാണ് അവര്‍ക്കു താല്‍പര്യം. ഹിന്ദു-മുസ്‌ലിം കലാപങ്ങളാണ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ തടസ്സം. അതിനാല്‍ അത്തരം ഭിന്നതകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന കൂട്ടരെ ദേശവിരുദ്ധരായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ; അവര്‍ രാജ്യദ്രോഹികളുമാണ്.
ഞാന്‍ ആര്‍എസ്എസിനെ നിരോധിക്കണം എന്ന അഭിപ്രായക്കാരനല്ല. അവരുടെ ദര്‍ശനവും പ്രയോഗവും രാഷ്ട്രം നേരിടുന്ന വലിയൊരു രോഗമാണ്; അതിന് ആഴത്തിലുള്ള ചികില്‍സയും വേണം. ആധുനിക സമൂഹത്തില്‍ ഹിന്ദുവിന്റെ ചില ഭീതികളില്‍നിന്നാണ് അവരുടെ ഇത്തരം ആശയങ്ങള്‍ ഉദിച്ചുയരുന്നത്. അതിനാല്‍ ആര്‍എസ്എസിനു വേണ്ട ചികില്‍സ ഇന്ത്യയുടെ സമുന്നതമായ പാരമ്പര്യങ്ങളും വൈവിധ്യമായ രീതികളുമായി ഉദാത്തമായ ബന്ധം ഉണ്ടാക്കിയെടുക്കലാണ്. ടാഗൂറും ഗാന്ധിജിയും അടങ്ങുന്ന ഇന്ത്യയുടെ പാരമ്പര്യങ്ങളെ ആഴത്തില്‍ പഠിക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. അതിനാല്‍ ആര്‍എസ്എസിന് ഇന്ന് ആവശ്യം ഗാന്ധിജി കോണ്‍ഗ്രസ്സിനു നല്‍കിയ ഉപദേശമാണ്: സ്വയം പിരിച്ചുവിടുക. ി

(കടപ്പാട്: ദ ഹിന്ദു,
സപ്തംബര്‍ 26, 2018)

RELATED STORIES

Share it
Top