ദേശങ്ങള്‍ക്ക് വര്‍ണക്കാഴ്ചയൊരുക്കി പുതിയങ്കം കാട്ടുശ്ശേരി വേല ആഘോഷിച്ചു

ആലത്തൂര്‍: പുതിയങ്കം, കാട്ടുശ്ശേരി ദേശങ്ങള്‍ നേതൃത്വം നല്‍കുന്ന ആലത്തൂര്‍ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം വേല ആഘോഷിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പുതുക്കുളങ്ങരക്കാവിലും, പുതിയങ്കം വേട്ടക്കരുമന്‍ ക്ഷേത്രത്തിലും, കാട്ടുശ്ശേരി തൃക്കണാദേവന്‍ ക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ നടന്നതോടെയാണ് വേല ചടങ്ങുകള്‍ ആരംഭിച്ചത്.
ഉച്ചയ്ക്ക് ക്ഷേത്ര മന്ദുകളില്‍ ഈടു നടന്നതോടെ ഇരു ദേശങ്ങളും ഉല്‍സവ ലഹരിയിലായി. പുതിയങ്കം ദേശത്ത് ഉച്ചയ്ക്ക് തിടമ്പുപൂജയ്ക്ക് ശേഷം ആല്‍ത്തറ മന്ദില്‍ നിന്ന് വേട്ടക്കരുമന്‍ കാവിലെത്തി. വേട്ടക്കരുമന്‍ കാവില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഏഴാനകള്‍ അണിനിരന്ന എഴുന്നള്ളത്താരംഭിച്ചു. എഴുന്നള്ളത്ത് വേലക്കണ്ടത്തിലെത്തി ആനപന്തലില്‍ അണിനിരന്നു. തുടര്‍ന്ന് ചപ്പിലാന എഴുന്നള്ളത്തും നടന്നു. പാണ്ടിമേളവും, കുടമാറ്റവും നടത്തി ഭഗവതിക്കോലം വഹിച്ച ആന കാവുകയറിയതോടെ പകല്‍വേല സമാപിച്ചു. കാട്ടുശ്ശേരി ദേശത്ത് തൃക്കണാദേവന്‍ ക്ഷേത്രത്തില്‍ നിന്നും കേളികൊട്ടോടെയാണ് പകല്‍ വേല തുടങ്ങിയത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഏഴാനകള്‍ അണിനിരന്ന എഴുന്നള്ളത്ത് വെള്ളാട്ടുചിറയിലെ ആനപ്പന്തലില്‍ അണിനിരന്നു. തുടര്‍ന്ന് പാണ്ടിമേളവും കുടമാറ്റവും  ചപ്പിലാന എഴുന്നള്ളത്തും നടന്നു. എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തിയതോടെ പകല്‍ വേല സമാപിച്ചു. രാത്രി ഇരു ദേശത്തും തായമ്പക നടന്നു. കേളി പഞ്ചവാദ്യം എന്നിവയ്ക്ക് ശേഷം രാത്രിവേല എഴുന്നള്ളത്തുകള്‍ പുതുക്കുളങ്ങര ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഇരു ദേശങ്ങളിലെയും പഞ്ചവാദ്യം ഗാന്ധി ജങ്ഷനില്‍ നാദ വിസ്മയം തീര്‍ത്തു.ഞായറാഴ്ച പുലര്‍ച്ചെ പറവേലയും, ചപ്പിലാന എഴുന്നള്ളത്തും, കാവുകയറി പ്രദക്ഷിണം നടത്തി ഇരു ദേശങ്ങളുടെയും കൂട്ടിയെഴുന്നള്ളത്ത് നടത്തി കാവിറങ്ങുന്നതോടെയാണ് വേല സമാപിക്കും.

RELATED STORIES

Share it
Top