ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിക്കും

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. ഇതു സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് സുപ്രിംകോടതിയില്‍ ബോര്‍ഡ് സമര്‍പ്പിക്കും. ഹൈക്കോടതിയിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമെന്ന് ബോര്‍ഡ് യോഗത്തിനു ശേഷം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
സുപ്രിംകോടതിയിലെ കേസ് നടപടികള്‍ക്ക് അഡ്വ. മനു അഭിഷേക് സിങ്‌വിയെ ചുമതലപ്പെടുത്തും. ഏതു രീതിയിലാണ് കോടതിയെ സമീപിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് സിങ്‌വിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. റിവ്യൂ ഹരജി നല്‍കുമോ എന്ന ചോദ്യത്തിന് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമായ ഉത്തരം നല്‍കിയില്ല. നിലവില്‍ 25 റിവ്യൂ ഹരജികള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലെല്ലാം ദേവസ്വം ബോര്‍ഡും കക്ഷിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സുപ്രിംകോടതി വിധിക്കു ശേഷം പന്തളം രാജകുടുംബം, തന്ത്രിമാര്‍, വിവിധ സംഘടനകള്‍ എന്നിവരുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. 19നു ദേവസ്വം ബോര്‍ഡ് യോഗം കൂടി പരിഹാരം കാണാമെന്ന നിര്‍ദേശം തള്ളി ഇക്കൂട്ടര്‍ സമരത്തിന് ഇറങ്ങുകയായിരുന്നു. മാസപൂജയ്ക്ക് നട തുറന്നപ്പോള്‍ യുവതികള്‍ പ്രവേശിക്കാനും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമമുണ്ടായി. ഇക്കാര്യം കോടതിയെ അറിയിക്കും.
ശബരിമലയെന്ന പൂങ്കാവനത്തെ യുദ്ധക്കളമാക്കാന്‍ അനുവദിക്കില്ല. സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് വേണ്ട സുരക്ഷയൊരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ശബരിമലയില്‍ നടക്കുന്ന സമരങ്ങള്‍ ബുദ്ധിമുട്ടാവുന്നുണ്ട്. അതിനാല്‍, അയല്‍ സംസ്ഥാനങ്ങളിലെ നേതാക്കളെ ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, വൈകിയെങ്കിലും ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. കോടതിയെ സമീപിക്കുന്നത് കണക്കിലെടുത്ത് തന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം തല്‍ക്കാലം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് യോഗം കൂടുന്നതിനു മുമ്പായി സിപിഎം-സിപിഐ സെക്രട്ടറിമാരെയും പത്മകുമാര്‍ സന്ദര്‍ശിച്ചിരുന്നു.

RELATED STORIES

Share it
Top