ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ വാക്കാലുള്ള നിര്‍ദേശം നല്‍കരുത്‌

കൊച്ചി: ശബരിമല സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ വാക്കാലുള്ള നിര്‍ദേശങ്ങള്‍ നല്‍കരുതെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല സംബന്ധിയായ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.
തിരുവിതാംകൂര്‍ മഹാരാജാവുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് 1949ല്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്വതന്ത്ര സ്ഥാപനമായ ബോര്‍ഡില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല. ക്രമസമാധാന വിഷയങ്ങളില്‍ മാത്രമേ ഇടപെടാനാവൂ. പക്ഷേ, സര്‍ക്കാര്‍ ഭക്തിപരമായ വിഷയങ്ങളിലും ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണവും സമയവും നിയന്ത്രിക്കാ ന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിന് ഇടപെടാമെന്നു കോടതി പറഞ്ഞു. ഭക്തരുടെ എണ്ണം കൂടുന്നതു തിക്കിനും തിരക്കിനും കാരണമാവും. അപകടവും ക്രമസമാധാന പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാരിന് ഇടപെട്ടുകൂടെ. തിരക്ക് നിയന്ത്രിക്കുന്നതില്‍ എന്താണു തെറ്റെന്നും കോടതി ചോദിച്ചു. ബോര്‍ഡും ശബരിമലയും സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കോടതിക്കു അവകാശമുണ്ടെന്നു കോടതി പറഞ്ഞു. വിവരങ്ങള്‍ അറിയിക്കാതിരിക്കരുത്. ഓരോ തീരുമാനങ്ങളും അറിയിക്കണമെന്നും കോടതി വിശദീകരിച്ചു.
ഹരജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു വ്യക്തമാക്കിയ കോടതി കേസ് തിങ്കളാഴ്ച്ച പരിഗണിക്കാന്‍ മാറ്റി. ശബരിമലയില്‍ ഭക്തര്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആരാധനയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരന്‍ വാദിക്കുന്നത്. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി, ദേവസ്വംമന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവരാണ് എതിര്‍കക്ഷികള്‍.
ശബരിമലയില്‍ സ്ത്രീപ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജി ഹരജിക്കാരന്‍ തന്നെ പിന്‍വലിച്ചു. ജുഡീഷ്യല്‍ അന്വേഷണം തീരുമാനിക്കേണ്ടതു നിയമസഭയാണെന്ന കോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് ഹരജിക്കാരന്‍ ഹരജി പിന്‍വലിച്ചത്.
ശബരിമലയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ദേവസ്വം ഓംബുഡ്‌സ്മാന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയും ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പോലിസ് മര്‍ദനത്തിനിരയായെന്ന് ആരോപിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 55കാരിയായ വീട്ടമ്മ സമര്‍പ്പിച്ച ഹരജിയും പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.

RELATED STORIES

Share it
Top