'ദേവസ്വം ബോര്‍ഡിന് ഒരു ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശമില്ല'

പന്തളം: ദേവസ്വം ബോര്‍ഡിന് ഒരു ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നയിച്ച അവകാശവാദത്തിനെതിരേ പ്രതികരിക്കുകയായിരുന്നു നിര്‍വാഹകസമിതി ഭാരവാഹികള്‍.
ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും ആചാരങ്ങള്‍ പാലിക്കുന്നതിനുമുള്ള രക്ഷകര്‍തൃ സ്ഥാന—മാണ് ദേവസ്വംബോര്‍ഡിനുള്ളത്. 1820ല്‍ തിരുവിതാംകൂറുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം പന്തളം രാജകുടുംബത്തിന്റെ അധീനതയിലുള്ള ഭൂപ്രദേശങ്ങളും അതിലെ ആദായവും തിരുവിതാംകൂര്‍ രാജാവിന് അവകാശപ്പെടുകയും ചെയ്തു. പന്തളം രാജകുടുംബത്തിന്റെ അധീനതയിലുണ്ടായിരുന്ന ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെയും സംരക്ഷണ ചുമതലയും പന്തളം രാജകുടുംബത്തില്‍ ഭാവിയില്‍ ഉണ്ടാവുന്ന തലമുറകള്‍ക്കും ഉടമ്പടി പ്രകാരം സുരക്ഷയും ഉറപ്പാക്കിയിരുന്നു.
1820 മുതല്‍ തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലായിരുന്നു ഭരണമെങ്കിലും ശബരിമലയുടെ ക്ഷേത്രേശന്‍ സ്ഥാനം പന്തളം രാജകുടുംബത്തിന്റെ അവകാശമായി നിലനിര്‍ത്തിയിരുന്നു. 1949ലാണ് രാജാക്കന്‍മാരുടെ മേല്‍ക്കോയ്മ അവകാശങ്ങളും ക്ഷേത്രസംരക്ഷണവും ദേവസ്വം ബോര്‍ഡിന് ലഭിച്ചത്. ദേവസ്വംബോര്‍ഡും അന്ന് ഈ നടപടികളെ അംഗീകരിച്ചാണ് മുന്നോട്ടുപോയത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ ശബരിമലയില്‍ വിശ്വാസികള്‍ക്ക് വേദന ഉണ്ടാവുമായിരുന്നില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ്—പി ജി ശശികുമാര വര്‍മ, സെക്രട്ടറി പി എന്‍ നാരായണ വര്‍മ, ട്രഷറര്‍ ദീപ വര്‍മ പങ്കെടുത്തു.

RELATED STORIES

Share it
Top