ദേവസ്വം കമ്മീഷണര്‍മാര്‍ ഹിന്ദു മതത്തില്‍പ്പെട്ടവര്‍ മാത്രമെന്ന് കോടതി

കൊച്ചി: തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം കമ്മീഷണര്‍മാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗമായതിനാല്‍ നിയമപ്രകാരം ആ പദവികളില്‍ നിയമിക്കപ്പെടുന്നത് ഹിന്ദു മതത്തില്‍പ്പെട്ടവര്‍ മാത്രമായിരിക്കുമെന്ന് ഹൈക്കോടതി. ദേവസ്വം കമ്മീഷണ ര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തില്‍ ഭേദഗതി വരുത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള അടക്കം നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
കമ്മീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാനും ക്ഷേത്രങ്ങളുടെ ഭരണം അഹിന്ദുക്കളുടെ കൈകളിലെത്തിക്കാനുമാണ് തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതെന്ന വാദം തെറ്റാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിലെ 29 വകുപ്പനുസരിച്ച് ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുക്കളായ ഉ ദ്യോഗസ്ഥരെ മാത്രമേ നിയമിക്കാനാവൂ. ഈ വകുപ്പ് ഭേദഗതി ചെയ്തിട്ടില്ലെന്നും റവന്യൂ (ദേവസ്വം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി ല്‍ യോഗ്യരായ ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്നൊരാളെ കമ്മീഷണറായി നിയമിക്കുകയോ അഡീഷനല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ ഈ പദവിയിലേക്ക് നിയമിക്കുകയോ ചെയ്യുന്നതിനാണ് ഭേദഗതി കൊണ്ടുവന്നത്. ഇതേ പോലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ജോയിന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കമ്മീഷണറായി ഡെപ്യൂട്ടേഷനില്‍ നിയമിക്കാനും ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഇവയൊന്നും അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറാക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല. നിയമ പ്രകാരം ദേവസ്വം ബോര്‍ഡുകളിലേക്ക് അഹിന്ദുക്കളെ നിയമിക്കാനാവില്ല.
ഹരജിക്കാര്‍ ചോദ്യം ചെയ്യുന്ന നിയമ ഭേദഗതികള്‍ ദേവസ്വം കമ്മീഷണര്‍മാരുടെ നിയമന രീതി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നേരിട്ട് തിരഞ്ഞെടുക്കുന്ന മുന്‍ രീതിക്കു പകരം ഇപ്പോ ള്‍ പ്രമോഷനിലൂടെയോ ഡെപ്യൂട്ടേഷനിലൂടെയോ നിയമനം നടത്താം. ഇതിനു പകരം അഹിന്ദുവിനെ നിയമിക്കാനാണെന്ന ഹരജിക്കാരുടെ ആശങ്ക തെറ്റാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് കോടതി ഉത്തരവിറക്കിയത്.

RELATED STORIES

Share it
Top