ദൃശ്യവിസ്മയത്തില്‍ മെഗാതിരുവാതിരയും നാടന്‍ കലകളും

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഘോഷയാത്രയ്ക്കു പകരം നടത്തുന്ന ദൃശ്യവിസ്മയത്തില്‍ോ മെഗാ തിരുവാതിരക്കളിയും നാടന്‍ കലകളും. ദശ്യവിസ്മയത്തിന്റെ കൂടിയാലോചന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആയിരം പേര്‍ അണിനിരക്കുന്ന തിരുവാതിരക്കളിയും കേരളത്തനിമയുള്ള പന്ത്രണ്ടിന കലാരൂപങ്ങളും ദൃശ്യാവിഷ്‌കാരത്തിന്റെ ഭാഗമാകും. ചെറിയ സംഘങ്ങളായാണ് തിരുവാതിരക്കളി ഒരുക്കുക. തെയ്യം, കുമ്മാട്ടി, പുലിക്കളി, കൂടിയാട്ടം, മാര്‍ഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം തുടങ്ങിയവ ദൃശ്യാവിഷ്‌കാരത്തിലുണ്ടാകും. തേക്കിന്‍കാട്ടിലെ മരങ്ങള്‍ക്ക് ചുറ്റും വൃത്താകൃതിയില്‍ ചെറിയ വേദികളുണ്ടാക്കിയാണ് കലാപ്രകടനങ്ങള്‍ നടത്തുക. പ്രധാനവേദിയുള്ള പൂരം പ്രദര്‍ശന മൈതാനിയിലെ ഫൗണ്ടന്‍ പ്രവര്‍ത്തനക്ഷമമാക്കാനും പദ്ധതിയുണ്ട്. ഇതേസമയം ദൃശ്യാവിഷ്‌കാരത്തിന് നിലവില്‍ ഒരു ലക്ഷത്തി പതിനായിരം രൂപയുടെ ഫണ്ട് മാത്രമാണുള്ളത്. ബാക്കി തുക കണ്ടെത്തേണ്ടിവരും. മാര്‍ഗംകളി, പരിചമുട്ടുകളി തുടങ്ങിയ കലാപ്രകടനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ തന്നെ ഉള്‍പ്പെടുത്താനുമാണ് തീരുമാനം.ഉദ്ഘാടനദിനം രാവിലെ കിഴക്കേഗോപുരനടയില്‍ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരത്തിന് സൂര്യ കൃഷ്ണമൂര്‍ത്തി മേല്‍നോട്ടം വഹിക്കും. കുട്ടികളെ അണിനിരത്തിയുള്ള ഘോഷയാത്ര വേണ്ടെന്ന് തീരുമാനിച്ചത് ഈ കലോത്സവം മുതലാണ്. ഇതിന് പകരമാണ് ദൃശ്യാവിഷ്‌കാരം എന്ന ആശയം ഉയര്‍ന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ക.വി.മോഹന്‍കുമാറിനോടൊത്ത് സൂര്യകൃഷ്ണമൂര്‍ത്തി തേക്കിന്‍കാട് മൈതാനം സന്ദര്‍ശിക്കുകയും ചെയ്തു. വടക്കുന്നാഥ ക്ഷേത്രത്തിലെ കിഴക്കേഗോപുരത്തിനും കലോത്സവത്തിന്റെ പ്രധാനവേദിക്കുമിടയിലാണ് ദൃശ്യാവിഷ്‌കാരമൊരുക്കുക. കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡിപിഐ കെ വി മോഹന്‍കുമാര്‍, സബ് കലക്ടര്‍ രേണുരാജ്, ഡിഡിഇ കെ സുമതി, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top