ദൃശ്യമേളയ്ക്ക് തിരശ്ശീല വീണു; സുവര്‍ണചിത്രം 'വാജിബ്'

ശ്രീജിഷ   പ്രസന്നന്‍

തിരുവനന്തപുരം: എട്ടു ദിനരാത്രങ്ങള്‍ ആവേശമാക്കിയ സിനിമാപ്പൂരത്തിന് സമാപനമായി. ഇന്നലെ വൈകീട്ട് നിശാഗന്ധിയില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങോടെയാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണത്. ഫലസ്തീനിയന്‍ സംവിധായിക ആന്‍മേരി ജാസിറിന്റെ വാജിബ് മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം കരസ്ഥമാക്കി. 15 ലക്ഷം രൂപയാണ് അവാര്‍ഡ്തുക. സംവിധായികയും നിര്‍മാതാവും തുല്യമായി തുക പങ്കിടും. മികച്ച സംവിധാനത്തിനുള്ള രജതചകോരം തായ്‌ലന്‍ഡില്‍ നിന്നുള്ള അനൂച ബൂന്യവദനയ്ക്കാണ്. ദി ഫെയര്‍വെല്‍ ഫഌവര്‍ ആണ് അനൂചയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. നാലുലക്ഷം രൂപയാണ് അവാര്‍ഡ് തുക. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം മലയാളിയായ സഞ്ജു സുരേന്ദ്രനാണ്. മൂന്നുലക്ഷം രൂപയുടെ പുരസ്‌കാരം സഞ്ജുവിന് നേടിക്കൊടുത്തത് ഏതന്‍ എന്ന ചിത്രമാണ്. ജോണി ഹെന്‍ട്രിക് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം രെയ്ഹാന ഒബെയ്‌മെയര്‍ സംവിധാനം ചെയ്ത ഫ്രാന്‍സ് ചിത്രം ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക് നേടി. ഹിന്ദി ചിത്രം ന്യൂട്ടനും മലയാള ചിത്രം ഏതനും രണ്ടു പുരസ്‌കാരം വീതം നേടി. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടനാണ്. അമിത് വി മര്‍സൂര്‍ക്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിനു പുറമെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സഞ്ജു സുരേന്ദ്രന്റെ ഏതനാണ് നേടിയത്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി. ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ മാര്‍ക്കോ മുള്ളര്‍ ചെയര്‍മാനും മേരി സ്റ്റീഫന്‍, ടി വി ചന്ദ്രന്‍, അബൂബക്കര്‍ സാങ്കോ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഇത്തവണ മല്‍സരചിത്രങ്ങള്‍ വിലയിരുത്തിയത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകറോവിന് മന്ത്രി എ കെ ബാലന്‍ സമ്മാനിച്ചു. ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍, മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു പങ്കെടുത്തു. സമാപനചടങ്ങിനു ശേഷം സുവര്‍ണചകോരത്തിന് അര്‍ഹമായ ചിത്രം വാജിബ് പ്രദര്‍ശിപ്പിച്ചു.

RELATED STORIES

Share it
Top