ദൃശ്യമാധ്യമങ്ങളിലെ പ്രതിസന്ധി

എന്‍ പി ചെക്കുട്ടി

തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടിയുമായി രിസാല വാരികാ പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

ദൃശ്യമാധ്യമങ്ങളുടെ സ്വഭാവം വളരെ പ്രസക്തമായ വിഷയമാണ്. വിവരങ്ങള്‍ സംവേദനം ചെയ്യുക, വാര്‍ത്തകള്‍ നല്‍കിക്കൊണ്ട് ജനങ്ങളെ ചിന്തിപ്പിക്കുക, വിവരാധിഷ്ഠിത സംവാദങ്ങളിലൂടെ ഒരു ജനാധിപത്യസമൂഹത്തെ മുന്നോട്ടു നയിക്കുക എന്നതൊക്കെയാണ് മീഡിയയുടെ അടിസ്ഥാനപരമായ ജോലി. പക്ഷേ, ഇലക്ട്രോണിക് മീഡിയക്ക് അതുകൊണ്ടുമാത്രം മുന്നോട്ടുപോവാനാവില്ല. അവര്‍ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ കഴിയണം. അല്ലെങ്കില്‍ പ്രേക്ഷകര്‍ ചാനല്‍ മാറ്റിക്കളയും. അതുകൊണ്ട് സെന്‍സേഷനല്‍ ആംഗിളില്‍ ഊന്നിക്കൊണ്ടുവേണം ഇലക്ട്രോണിക് മീഡിയക്ക് പ്രവര്‍ത്തിക്കാന്‍.
വളരെ ചിന്താശീലനായ ഒരു വ്യക്തിയെയാണ് പ്രിന്റ് മീഡിയ അഡ്രസ്സ് ചെയ്യുന്നത്. അവര്‍ ദ്രുതഗതിയിലുള്ള പ്രതികരണം നടത്തുന്നവരല്ല. തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍, വാദഗതികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതിലൂടെ ജനാധിപത്യ നടപടിക്രമങ്ങളുടെ ഭാഗമാവുകയുമാണ് അവര്‍ ചെയ്യുന്നത്. ഇലക്ട്രോണിക് മീഡിയയില്‍ അതല്ല സംഭവിക്കുന്നത്. ആളുകളെ പിടിച്ചിരുത്താനുള്ള വിനോദത്തിന്റെ ഒരു ഘടകം അതിലുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യമാധ്യമങ്ങളെ മാത്രം ആശ്രയിച്ച് ഒരാള്‍ക്ക് ഒരു നിലപാടിലേക്കെത്താനാവില്ല. ടിവി ചാനലുകളിലൂടെ വിവരങ്ങള്‍ ലഭ്യമാവും. പക്ഷേ, ഒരു വാര്‍ത്തയെ അനലൈസ് ചെയ്ത് ശരിയേത്, തെറ്റേത് എന്നു പരിശോധിച്ച് തീര്‍പ്പിലേക്കെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ഇലക്ട്രോണിക് മീഡിയ മാത്രമാണ് മീഡിയാരംഗം കൈകാര്യം ചെയ്യുന്നതെങ്കില്‍ സമൂഹത്തിന് വലിയ ദോഷമുണ്ടാവും. ഇക്കാര്യം ഇലക്ട്രോണിക് മീഡിയയിലുള്ളവര്‍ക്കു തന്നെ അറിയാം. ഉപരിപ്ലവമായ പ്രയത്‌നമാണ് അവിടെ നടക്കുന്നത് എന്ന കാര്യം അവര്‍ക്കും ബോധ്യമുണ്ട്. പക്ഷേ, അതിനെ മറികടക്കണമെങ്കില്‍, ഒന്നാമതായി മീഡിയക്ക് ശക്തമായ റിസോഴ്‌സ് വേണം. അങ്ങനെയുള്ളൊരു മാധ്യമത്തിനു മാത്രമേ ആഴത്തിലുള്ള പരിശോധനയിലേക്കു പോവാന്‍ കഴിയൂ. രണ്ടാമത്, ഇത്തരം ചര്‍ച്ചകളില്‍ ഇടപെടുന്നവര്‍ ബൗദ്ധികമായി ഉയര്‍ന്ന നിലവാരമുള്ളവരാകണം. പരിമിതമായ അറിവു വച്ചാണ് പലരും ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നത്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് പലപ്പോഴും പ്രേക്ഷകരുടെ പൂര്‍ണ തൃപ്തിയാര്‍ജിക്കാന്‍ കഴിയുന്നില്ല. ലോകാടിസ്ഥാനത്തില്‍ തന്നെ ഇതാണ് അവസ്ഥ.
ജനങ്ങള്‍ വലിയതോതില്‍ ഇലക്ട്രോണിക് മീഡിയയില്‍ നിന്ന് അകന്നുമാറുകയാണ്. ചാനലുകള്‍ക്കിടയില്‍ മല്‍സരം കനത്തതോടെ ആഴത്തിലുള്ള വിശകലനങ്ങള്‍ ഇല്ലാതായി; വിവാദ വിഷയങ്ങളില്‍ മാത്രം ഫോക്കസ് ചെയ്തു. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ഏഴോ എട്ടോ ഇംഗ്ലീഷ് ചാനലുകളില്‍ ഒന്നുപോലും ഒരഞ്ചുമിനിറ്റ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തില്‍ ഗൗരവപ്പെട്ട ഒരു കാര്യവും ചര്‍ച്ചചെയ്യുന്നില്ല. അദ്ഭുതകരമാണത്. റോഡില്‍ ഒരു അടിപിടി നടക്കുമ്പോള്‍ കൗതുകത്തിനു വേണ്ടി ആളുകള്‍ പോയിനോക്കും. അല്ലെങ്കില്‍ ആക്‌സിഡന്റ് നടന്നാല്‍ എന്താണെന്നറിയാന്‍ ജനങ്ങള്‍ കുറച്ചു സമയം അവിടെ പോയി നില്‍ക്കും. കുറച്ച് പടവുമെടുക്കും. ഏതാണ്ട് അതേപോലെ ഒരു കൗതുകത്തിനാണ് ആളുകളിപ്പോള്‍ ചാനലുകള്‍ ശ്രദ്ധിക്കുന്നത്. ഒരു കോണ്‍ഗ്രസ്സുകാരന്‍, ഒരു ബിജെപിക്കാരന്‍, ഒരു കമ്മ്യൂണിസ്റ്റ്, ഒരു വഴിപോക്കന്‍- എല്ലാവരും കൂടി ചാനലിലിരുന്ന് ഒച്ചയുണ്ടാക്കുമ്പോള്‍ എന്താണൊരു ബഹളം എന്നറിയാന്‍ വേണ്ടി കുറച്ചുസമയം നമ്മള്‍ നോക്കും. എന്തോ വലിയ കാര്യമെന്നു കരുതിയാവും ചര്‍ച്ച ശ്രദ്ധിക്കുക. ഒന്നുമില്ല, നിസ്സാര കാര്യമാണെന്നറിയുമ്പോള്‍ അതു വിട്ട് നാം നമ്മുടെ വഴിക്കുപോവും. ആ തരത്തില്‍, തെരുവിലെ ഒരടിപിടിയുടെ അന്തരീക്ഷത്തിലേക്ക് ചാനല്‍ ചര്‍ച്ചകള്‍ മാറിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇതാണവസ്ഥ. താരതമ്യേന മെച്ചം മലയാളമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
വ്യാജമായി വാര്‍ത്തകള്‍ നിര്‍മിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതു വ്യാപകമല്ല. സമൂഹത്തിന് ചില കാര്യങ്ങളിലുള്ള മുന്‍വിധികള്‍ ശക്തിപ്പെടുത്തുന്നവിധത്തില്‍ വാര്‍ത്തകള്‍ കൊണ്ടുവരാന്‍ ചില മീഡിയകള്‍ ശ്രമിക്കാറുണ്ട്. ഒരു ഉദാഹരണം പറയാം: 'ഇസ്‌ലാമിക ഭീകരത'യെക്കുറിച്ച് വലിയതോതിലുള്ള കാംപയിന്‍ വന്നപ്പോള്‍ കോഴിക്കോട്ടെ ഒരു ചാനല്‍ ലേഖിക പഴയ സിമി പ്രവര്‍ത്തകനെ വിളിച്ചിട്ട് നിങ്ങള്‍ മുഖംമൂടി ധരിച്ച് സംസാരിക്കണം എന്നാവശ്യപ്പെട്ടു. അന്തരീക്ഷനിര്‍മിതിക്കുവേണ്ടി എന്നോ മറ്റോ ആണ് അയാളോട് പറഞ്ഞത്. അയാള്‍ക്ക് അതിന്റെ ഗൗരവം മനസ്സിലായില്ല. അയാള്‍ മുഖം മറച്ച് സംസാരിച്ചു. യഥാര്‍ഥത്തില്‍ ആ ലേഖിക ചെയ്തത് വൃത്തികേടാണ്. അയാള്‍ ലേഖികയുടെ സംസാരം റിക്കാഡ് ചെയ്തതുകൊണ്ട് കള്ളി വെളിച്ചത്തായി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള പ്രവണതയുണ്ട് എന്നതു ശരിയാണ്. അതുപക്ഷേ, താല്‍ക്കാലിക പ്രതിഭാസമാണെന്നാണു ഞാന്‍ കരുതുന്നത്.
ജനങ്ങളെയാകെ ഭീതിപ്പെടുത്തുന്നവിധത്തില്‍ വാര്‍ത്തകളെ വലിയതോതില്‍ പൊലിപ്പിച്ചവതരിപ്പിക്കുന്ന പ്രവണതയും ഇവിടെയുണ്ട്. 2005ല്‍ സുനാമി ഉണ്ടായ കാലത്ത് ഞാന്‍ ഡല്‍ഹിയിലാണുള്ളത്. അവിടെയിരുന്ന് കേരളത്തിലെ വാര്‍ത്തകളറിയാന്‍ മലയാള ചാനലുകള്‍ നോക്കിയപ്പോള്‍ വളരെ ഭീകരമായ റിപോര്‍ട്ടിങ് ശൈലിയായിരുന്നു മിക്കവരുടേതും. യഥാര്‍ഥത്തില്‍ എന്താണു സംഭവിക്കുന്നതെന്നറിയാതെ തികച്ചും ഏകപക്ഷീയമായി, തങ്ങളുടെ മനോധര്‍മമനുസരിച്ച് വായില്‍ തോന്നിയത് റിപോര്‍ട്ട് ചെയ്യുകയായിരുന്നു പലരും. ചിലയിടങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോവേണ്ടിവന്നു എന്നതു ശരിയാണ്. അതിനപ്പുറം, കേരളത്തിന്റെ തീരദേശം മുഴുവന്‍ സുനാമി വിഴുങ്ങുകയാണ് എന്ന മട്ടില്‍ റിപോര്‍ട്ടുകള്‍ വന്നത് ആളുകളിലുണ്ടാക്കിയ പരിഭ്രാന്തി ചെറുതല്ല. നിരുത്തരവാദപരമായാണ് മിക്ക ചാനലുകളും സംഭവം റിപോര്‍ട്ട് ചെയ്തത്. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറി. ഇക്കഴിഞ്ഞ പ്രളയകാലത്ത് മാധ്യമങ്ങള്‍ വളരെ ഉത്തരവാദിത്തബോധം പ്രകടിപ്പിച്ചു. സര്‍ക്കാരുമായും സന്നദ്ധസംഘടനകളുമായും അങ്ങേയറ്റം സഹകരിച്ചാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിലകൊണ്ടത്. സര്‍ക്കാരിന് വലിയ പിന്തുണ നല്‍കുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ അവര്‍ വലിയ അളവില്‍ പങ്കാളികളാവുകയും ചെയ്തു. പത്തുപതിനഞ്ച് വര്‍ഷങ്ങള്‍കൊണ്ട് ഇലക്ട്രോണിക് മീഡിയ വല്ലാതെ മാറി. അനുഭവങ്ങളില്‍നിന്നുണ്ടായ മാറ്റമാണിത്. ചാനലുകളുടെ മാറ്റത്തിനു പിറകില്‍ പല ഘടകങ്ങളുണ്ട്. അതിലൊന്ന്, നിരുത്തരവാദിത്തം പ്രേക്ഷകര്‍ ചോദ്യംചെയ്യും എന്നതാണ്. പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടപെടാനുള്ള അവസരമുണ്ട്. അവതാരകന്‍ പറയുന്നതല്ല ശരിയെന്നു പറയാന്‍ അവര്‍ക്ക് സമൂഹമാധ്യമങ്ങളുണ്ട്. അതുകൊണ്ടുതന്നെ ചാനലുകള്‍ക്ക് ഏകപക്ഷീയമായ ശൈലി പിന്തുടരാനാവില്ല. ടെക്‌നോളജി മാറി, സമൂഹം മാറി, പ്രേക്ഷകര്‍ കൂടുതല്‍ ജാഗരൂകരായി. അതിനനുസൃതമായി മാധ്യമപ്രവര്‍ത്തകരും വളരെ പോസിറ്റീവായ മനോഭാവം വച്ചുപുലര്‍ത്തുന്നു.
എന്നാല്‍, ഈ മാറ്റങ്ങളൊന്നും പ്രകടമാവാത്ത ചില ചാനലുകളുണ്ട്, റിപബ്ലിക് ടിവിപോലെ. അയാള്‍ക്ക് തലയ്ക്ക് വെളിവുണ്ടോ എന്നുപോലും സംശയമാണ്. അയാള്‍ ഏതോ സ്വപ്‌നലോകത്താണ് ജീവിക്കുന്നത്. ആളുകള്‍ ഇതിനോടു പ്രതികരിച്ചാല്‍ അത് അംഗീകരിക്കാനും തയ്യാറാവില്ല. ഒരു ഭ്രാന്തമായ സമൂഹത്തെയാണ് അവര്‍ സംബോധന ചെയ്യുന്നത്.
ചാനല്‍ ചര്‍ച്ചകളില്‍ കഴിഞ്ഞ ഒന്നരപതിറ്റാണ്ടോളമായി ഞാന്‍ പങ്കെടുക്കുന്നുണ്ട്. എനിക്കു മനസ്സിലായൊരു കാര്യം, ചര്‍ച്ചയുടെ ക്വാളിറ്റിയില്‍ കാലക്രമേണ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നതാണ്. തുടക്കത്തിലുണ്ടായിരുന്ന അവതരണരീതിയില്‍ നിന്ന് മാറിയിട്ടുണ്ട് പല ആങ്കര്‍മാരും. പലരും നന്നായി പഠിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാരണം, ചാനലുകള്‍ക്കിടയില്‍ നല്ല മല്‍സരമുണ്ട്. മറ്റു ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ അവതരിപ്പിച്ചെങ്കിലേ ആളുകളെ പിടിച്ചിരുത്താനാവുകയുള്ളൂ. സ്വയം മാറാനും സമൂഹത്തിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരാവാനും കഴിയുന്ന ആങ്കര്‍മാര്‍ക്കും ചാനലുകള്‍ക്കും മാത്രമേ മെച്ചപ്പെട്ട റേറ്റിങ് കിട്ടുന്നുള്ളൂ.
ഏഷ്യാനെറ്റിനെ നോക്കൂ. മറ്റു പല പ്രശ്‌നങ്ങളുണ്ടെങ്കിലും അവരുടെ ചര്‍ച്ചകള്‍ കഴിഞ്ഞകാലത്തെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ടിട്ടുണ്ട്. വിഷയങ്ങളോടുള്ള അവരുടെ ഉത്തരവാദിത്തബോധം, ചര്‍ച്ചയ്ക്ക് നീക്കിവയ്ക്കുന്ന സമയം, ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുവദിക്കുന്ന സമയം- ഇതിലൊക്കെത്തന്നെ അവര്‍ ഒരുപാടു മാറി. അവര്‍ മുമ്പിലേക്ക് കയറിവന്നിരിക്കുന്നു. അതേസമയം, ഞാന്‍ മുമ്പു പ്രവര്‍ത്തിച്ചിരുന്ന കൈരളി ചാനല്‍ കൂടുതല്‍ ഏകപക്ഷീയവും വിഭാഗീയവുമായിക്കൊണ്ട് സ്വയമേ ഉള്‍വലിഞ്ഞു. ഒരുതരത്തിലുള്ള ഗൗരവബോധത്തോടെയുമല്ല അവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.
ഭേദപ്പെട്ട ചര്‍ച്ചകളും മെച്ചപ്പെട്ട വിവരണങ്ങളുമാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ അവര്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് കാഴ്ചപ്പാടുകളുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ നിലപാടുകള്‍ അവരെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ വിജയിക്കണമെങ്കില്‍ വിശ്വാസ്യതയും നിലപാടിലെ കൃത്യതയും വളരെ പ്രധാനമാണ്. അത്തരത്തിലുള്ള മാധ്യമങ്ങള്‍ക്കൊപ്പമേ ആളുകള്‍ നില്‍ക്കൂ.
വ്യത്യസ്തമായ നിലപാടുകളുള്ളവരെ അഭിപ്രായം പറയാന്‍ ക്ഷണിക്കാനുള്ള താല്‍പര്യം മലയാള ചാനലുകള്‍ക്കുണ്ട്. ദലിത് വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ദലിത് ചിന്തകരെയും എഴുത്തുകാരെയും അവര്‍ക്കിടയിലെ ആക്റ്റിവിസ്റ്റുകളെയുമൊക്കെ പങ്കെടുപ്പിക്കാറുണ്ട്. ഇന്ത്യയിലെ മറ്റേതു ഭാഷയിലാണ് ഇതു കാണാനാവുക? സ്ത്രീകളുടെ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന നേതാക്കള്‍, ന്യൂനപക്ഷം പ്രമേയമാവുമ്പോള്‍ അവരില്‍ നിന്നുള്ള നേതാക്കള്‍... അങ്ങനെ പാര്‍ശ്വവല്‍കൃതരായ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ചാനലുകള്‍ അവസരം നല്‍കുന്നുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ പല ചാനലുകളും മതിയായ സമയം നല്‍കുന്നില്ല എന്നതൊരു പരാജയമാണ്. അതു മാറിയേ പറ്റൂ. കാരണം മീഡിയ ഒരു പ്രത്യേക വിഭാഗത്തെയല്ല അഭിസംബോധന ചെയ്യുന്നത്. വിശാലമായ സമൂഹത്തെയാണ്. അവരില്‍ ദലിതരും ന്യൂനപക്ഷങ്ങളും തൊഴില്‍രഹിതരും ആദിവാസി വിഭാഗങ്ങളുമുണ്ട്. അവരെ അഡ്രസ്സ് ചെയ്യുകയെന്നത് ചാനലുകളുടെ കച്ചവടതാല്‍പര്യങ്ങളുടെ കൂടി ഭാഗമാണ്. പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മാറ്റിനിര്‍ത്താനാവില്ല. കൂടുതല്‍ പേര്‍ ശ്രദ്ധിക്കുകയെന്നതാണ് പരസ്യദാതാക്കളുടെ ആഗ്രഹവും താല്‍പര്യവും. അതുകൊണ്ടുതന്നെ ആരെയെങ്കിലും അവഗണിച്ചുകൊണ്ട് ഒരു മാധ്യമത്തിനും മുന്നോട്ടുപോവാനാവില്ല. മറ്റുള്ളവരോട് സംസാരിക്കാന്‍ തയ്യാറില്ലാത്ത ചാനലായാലും പത്രങ്ങളായാലും രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും അവരുടെ അടിത്തറ പതുക്കെപ്പതുക്കെ തകര്‍ന്നുകൊണ്ടിരിക്കും.
കേരളത്തിന്റെ ഒരു ദുരന്തം ബൗദ്ധിക നിലവാരത്തകര്‍ച്ചയാണ്. നമ്മുടെ സൊസൈറ്റിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് കൃത്യമായും ധൈഷണികമായും അഭിപ്രായം പറയാന്‍ കഴിയുന്നവര്‍ വളരെ കുറവാണ്. പറയാന്‍ കഴിയുന്നവര്‍ മാത്രമല്ല, എഴുതാന്‍ പറ്റുന്നവരും വിരളമാണ്. സാമ്പത്തികശാസ്ത്രത്തെക്കുറിച്ച്, അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച്, ശാസ്ത്രസാങ്കേതിക മാറ്റങ്ങളെക്കുറിച്ചൊക്കെ എഴുതാന്‍ കഴിയുന്നവര്‍ വളരെ കുറവാണിവിടെ. സ്വാഭാവികമായും സംഭവിക്കുക, ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് ആളുകള്‍ക്കിടയില്‍ പേരെടുത്ത ഒരാളെ ചാനലുകള്‍ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കും. അവര്‍ ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായം പറയും. അറിഞ്ഞുകൂടാത്ത കാര്യത്തില്‍ പോലും അഭിപ്രായം പറയും. മീഡിയയില്‍ കൂടുതല്‍ ചെലവാകുന്ന കാരക്ടറായി ഒരാള്‍ മാറുന്നതോടെ ചര്‍ച്ചയില്‍ അയാളുണ്ടാവുന്നത് ഗുണമാണെന്ന് ചാനലുകള്‍ കരുതും. വിഷയത്തെക്കുറിച്ച് ഒരു ധാരണയുമില്ലെങ്കിലും അയാള്‍ അഭിപ്രായം പറയും. വിവിധ മേഖലകളില്‍ കഴിവുള്ള പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരുകയാണ് പരിഹാരം. ഇപ്പോള്‍ നടക്കുന്നത് അഭിപ്രായം പറയുന്ന ആളെ കിട്ടാനുള്ള മല്‍സരമാണ്. അതുകൊണ്ട് ലൈവ് ചാനല്‍ ചര്‍ച്ചകള്‍ പലതും ഒരു മണിക്കൂര്‍ മുമ്പ് റിക്കാഡ് ചെയ്തു കാണിക്കേണ്ട അവസ്ഥയാണുള്ളത്. ഒരു ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ അതേസമയം മറ്റൊരു ചാനലില്‍ ചര്‍ച്ചയ്ക്കിരിക്കുന്നതു കാണാം. ടാലന്റ് പൂള്‍ ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. കഴിവും പ്രതിഭയുമുള്ള ആളുകള്‍ ജേണലിസത്തിലേക്കു കടന്നുവരുന്നില്ല എന്നതും പ്രശ്‌നമാണ്. എന്റെയൊക്കെ തലമുറ ഉയര്‍ന്ന പരിഗണനയാണ് ജേണലിസത്തിനു നല്‍കിയിരുന്നത്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ പരിഗണന ലഭിക്കുന്ന തൊഴില്‍മേഖലയായി പത്രപ്രവര്‍ത്തനം മാറി. ി

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top