ദൂരദര്‍ശന്‍ മാഹി കേന്ദ്രം അടച്ചുപൂട്ടി; തലശ്ശേരി കേന്ദ്രവും പൂട്ടുന്നു

തലശ്ശേരി: കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാഹിയിലെ ദൂരദര്‍ശന്‍ കേന്ദ്രം അടച്ചുപൂട്ടി. തലശ്ശേരി കേന്ദ്രം അടുത്ത മാസം 12ന് അടച്ചുപൂട്ടാന്‍ വകുപ്പ് മന്ത്രാലയം ഉത്തരവിട്ടു. തലശ്ശേരി-മാഹി ദേശീയപാതയില്‍ നാട്ടുകാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്റെ കേന്ദ്രമാണ് ജില്ലയില്‍ ആദ്യം അടച്ചുപൂട്ടിയത്. തലശ്ശേരി കുണ്ടൂര്‍ മലയിലെ തലശ്ശേരി കേന്ദ്രവും അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്.
എന്തിനു വേണ്ടിയാന്ന് പുട്ടുന്നതെന്ന് സംബന്ധിച്ച് ഒരു വിവരവും ഇവിടുത്തെ ജീവനക്കാര്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ അറിയില്ല. ദേശീയപാതയില്‍ മാഹിയില്‍ ഒരേക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ആവശ്യമായ വൈദ്യൂതി പോലും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ജീവനക്കാര്‍ പോലും ഇല്ലാത്ത ഇവിടെ സ്ഥാപനത്തിന് ഒരു നഷ്ടവും ഇല്ലന്നാണ് പറയപ്പെടുന്നത്. പിന്നെന്തിനാണ് അടച്ചുപൂട്ടതെന്നു ചോദ്യവും അവശേഷിക്കുകയാണ്.
എന്നാല്‍ തലശ്ശേരിയില്‍ വേണ്ടത്ര ജീവനക്കാര്‍ ഉണ്ടെങ്കിലും ഇവിടെയും നഷ്ടക്കണക്കുകള്‍ ഒന്നും തന്നെ പറഞ്ഞു കേള്‍ക്കുന്നില്ല. ഇതു സംബന്ധിച്ച് ഒരു വിശദീകരണവും ദൂരദര്‍ശന്‍ കേന്ദ്രം നല്‍കിയിട്ടുമില്ല.
തലശ്ശേരി കേന്ദ്രത്തിനു കീഴിലാണ് മാഹി കേന്ദ്രം പ്രവര്‍ത്തുന്നത്. ഇത് പൂട്ടിയതോടെ നിലവില്‍ മലയാളം സംപ്രേഷണം നിലച്ചിരിക്കുകയാണ്. തലശ്ശേരിയും കൂടി അടച്ചുപൂട്ടി സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കാനാണു നീക്കമെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
അങ്ങനെയായാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇതുവഴി വന്‍ ലാഭമുണ്ടാക്കാനാവുമെന്നാണ് ആക്ഷേപം. പൂട്ടാനൊരുങ്ങുന്ന തലശ്ശേരി കേന്ദ്രത്തില്‍ നിലവില്‍ അഞ്ച് ജീവനക്കാരുണ്ട്. കേന്ദ്രം പൂട്ടുന്നതോടെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.


RELATED STORIES

Share it
Top