ദുരൂഹത, അമ്പരപ്പ്, വിസ്മയം

പറവൂര്‍: തത്തപ്പിള്ളി അത്താണിയില്‍ മൂന്ന് ആണ്‍കുട്ടികളെ പുറംലോകം കാണിക്കാതെ മാതാപിതാക്കള്‍ വീട്ടില്‍ അടച്ചുപൂട്ടി വളര്‍ത്തുന്നുവെന്ന വാര്‍ത്ത അമ്പരപ്പോടെയാണ് നാട്ടുകാര്‍ കേട്ടത്. കുട്ടികളുടെ പിതാവ് ലത്തീഫിന്റെ സഹോദരനാണ് ഇതുസംബന്ധിച്ചു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന് പരാതി നല്‍കിയത്.
എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷിക്കുവാന്‍ എത്തിയ ഉദ്യോഗസ്ഥരോട് സഹകരിക്കുവാന്‍ കൂട്ടാക്കാതിരുന്ന മാതാപിതാക്കള്‍ സമ്മര്‍ദ്ദം മുറുകിയതോടെ വഴങ്ങുകയായിരുന്നു. വടക്കേക്കര പട്ടണം ഇത്തില്‍ പറമ്പില്‍ പഌച്ചോട്ടില്‍ പരേതനായ റിട്ട.ഫയര്‍ ഓഫിസര്‍ മുഹമ്മദാലിയുടെ ഇളയമകനാണ് കുട്ടികളുടെ പിതാവ് ലത്തീഫ്. പതിനഞ്ച് വര്‍ഷം ഏഴിക്കരയില്‍ നിന്നും ഇതരജാതിയില്‍ പെട്ട അഭിഭാഷകയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ കുടുംബവുമായുള്ള ബന്ധം വഷളായി. കുടുംബത്തിന് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെച്ചതോടെ ബന്ധം നിലച്ചതായും 15 വര്‍ഷതിനിടക്ക് രണ്ട് പ്രാവശ്യമാണ് താന്‍ ലത്തീഫിനെ കണ്ടിട്ടുള്ളതെന്ന് മൂത്ത സഹോദരന്‍ അബ്ദുല്‍മജീദ് പറഞ്ഞു.
ലത്തീഫിന്റെ മാതാവും സഹോദരനുമടങ്ങുന്ന കുടുംബം ഇപ്പോള്‍ മാഞ്ഞാലിയിലാണ് താമസം. നേരത്തെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ലത്തീഫ് പലയിടത്തും വക്കീലെന്ന നിലയിലാണറിയപ്പെട്ടിരുന്നത്. ഇതിനിടെ മാല്യങ്കര കോളജില്‍ തന്നെ പഠിപ്പിച്ചിരുന്ന പ്രൊഫസറില്‍നിന്നും പലപ്പോഴായി വന്‍തുക വാങ്ങിയെടുത്തിരുന്നു. ഇത് സംബന്ധിച്ച് പറവൂര്‍ കോടതിയില്‍ നടന്ന കേസില്‍ ലത്തീഫ് തോറ്റു. ഇതേ തുടര്‍ന്ന് പീപ്പിള്‍സ് ചാനലില്‍ ലത്തീഫ് നല്‍കിയ അഭിമുഖത്തില്‍ കേസില്‍ വിധിപറഞ്ഞ സബ് ജഡ്ജിക്കെതിരെ അഴിമതി ആരോപിച്ചു. ഇതിനെതിരെ സബ്ജഡ്ജി നല്‍കിയ കേസില്‍ ജാമ്യത്തിലിറങ്ങി നില്‍ക്കുകയാണ് ദമ്പതികള്‍. താന്‍ മഹ്ദി ഇമാമാണെന്നും തനിക്കുവേണ്ടി മലക്കുകള്‍ ഭൂമിയിലിറങ്ങുമെന്നെല്ലാം ലത്തീഫ് അവകാശപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മോചിപ്പിക്കപ്പെട്ട പന്ത്രണ്ട് വയസുകാരനോട് ഭാവിയില്‍ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ നല്ല മനുഷ്യനാകാന്‍ എന്ന മറുപടി ഏവരെയും വിസ്മയിപ്പിച്ചു. ലത്തീഫിനെയും രേഖയെയും കൗണ്‍സിലിങിന് വിധേയമാക്കി യാഥാര്‍ഥ്യലോകത്തേക്കു കൊണ്ടുവന്ന് കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്ന് ജേഷ്ടസഹോദരന്‍ അബ്ദുല്‍മജീദ് പറഞ്ഞു.

RELATED STORIES

Share it
Top