ദുരൂഹതയുമായി കൂട്ടുപുഴയില്‍ വീണ്ടും കര്‍ണാടക വനംവകുപ്പ് സര്‍വേ

ഇരിട്ടി: കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കൂട്ടുപുഴയില്‍ കേരളം നടത്തുന്ന പാലം നിര്‍മാണം തടസ്സപ്പെടുത്തിയതിനു പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും കര്‍ണാടക വനംവകുപ്പിന്റെ സര്‍വേ. കഴിഞ്ഞ ആഴ്ചയും ദുരൂഹത ഉയര്‍ത്തി കര്‍ണാടക അധികൃതര്‍ മേഖലയില്‍ സര്‍വേ നടത്തിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ഇവര്‍ സര്‍വേക്ക് എത്തിയത്.
മാധ്യമപ്രവര്‍ത്തകരോട് മുഖം തിരിച്ചുനില്‍ക്കുന്ന കര്‍ണാടകം യാതൊരു പ്രതികരണത്തിനും തയ്യാറാവുന്നില്ല. ഫോട്ടോ എടുക്കുന്നതിനും വിലക്കുണ്ട്. മൂന്നു വാഹനങ്ങളിലെത്തിയ പതിനഞ്ചോളം വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണു സര്‍വേ നടത്തുന്നത്. കേരളം ഇതുവരെ തങ്ങളുടേതായി  കൈവശംവച്ചിരുന്ന ഭാഗങ്ങളിലാണ് സര്‍വേ. കൂട്ടുപുഴയില്‍ ഇപ്പോഴുള്ള പാലം വരെയുള്ള ഭാഗങ്ങളില്‍ പുതിയ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പാലത്തിനോട് ചേര്‍ന്നും കഴിഞ്ഞ ദിവസം പുതുതായി സര്‍വേക്കല്ല് പാകിയിട്ടുണ്ട്. അതേസമയം, തദ്സ്ഥിതി വിവരശേഖരണം നടത്തുകയാണെന്നും റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ മേലധികാരികള്‍ നിര്‍ദേശിച്ച പ്രകാരമാണ് സര്‍വേ നടപടിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഇതിനുശേഷം കേരളവും കര്‍ണാടകവും ചേര്‍ന്ന് സംയുക്ത സര്‍വേ നടത്താന്‍ തീരുമാനമുണ്ടാവും. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. പാലം നിര്‍മാണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി തലത്തിലും, റവന്യൂ സെക്രട്ടറി തലത്തിലും കഴിഞ്ഞ ദിവസം ഇടപെടലുകള്‍ നടത്തിയിരുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം പൂര്‍ണമായും തങ്ങളുടേതാണെന്നാണ് കര്‍ണാടകയുടെ അവകാശ വാദം.
എന്നാല്‍ മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം കേരളത്തിന്റെ റവന്യൂ ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് കേരളാ റവന്യൂ വകുപ്പും അവകാശപ്പെടുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം തങ്ങളുടേതാണെന്നു തെളിയിക്കാന്‍ പര്യാപ്തമായ യാതൊരു രേഖയും കര്‍ണാടക കാണിക്കുന്നില്ല. സംസ്ഥാന പുനസ്സംഘടനാ വേളയില്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായി നിര്‍ണയിച്ച അതിര്‍ത്തിരേഖ കേരള റവന്യൂ സംഘത്തിന്റെ പക്കലുണ്ട്. എന്നാല്‍ ബ്രിട്ടിഷ് ഭരണകാലത്ത് ബ്രഹ്മഗിരി വന്യ ജീവി സങ്കേതം പ്രഖ്യാപിച്ചപ്പോള്‍ അതിര്‍ത്തിയായി കണക്കാക്കിയ കൂട്ടുപുഴ വരെയുള്ള രേഖ ആധികാരിക രേഖയായി കാണിച്ചാണ് കര്‍ണാടകം വാദിക്കുന്നത്. ഇതിന് നിയമസാധുത ഇല്ലെന്നിരിക്കെ കര്‍ണാടകം ഇപ്പോള്‍ നടത്തുന്ന  സര്‍വേയില്‍ നിറയെ ദുരൂഹതയാണ്.
കേരളത്തിന്റെ ഭാഗത്തെ പാലത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. കര്‍ണാടകത്തിന്റെ ഭാഗത്തുനിന്ന് അനുമതി വൈകുകയാണെങ്കില്‍ ഈ മഴക്കാലത്തും പാലം പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല.

RELATED STORIES

Share it
Top