ദുരൂഹതകളും ചോദ്യങ്ങളും അവശേഷിപ്പിച്ച് ഗോപിനാഥന്‍ പിള്ള വിടവാങ്ങി

താഹിര്‍ എം എം

വള്ളിക്കുന്നം(ആലപ്പുഴ): രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അഹ്മദാബാദ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ഗുലാം ശെയ്ഖിന്റെ പിതാവ് താമരക്കുളം കൊട്ടക്കാട്ടുശ്ശേരില്‍ മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ള(78) വിടവാങ്ങി. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഗോപിനാഥന്‍പിള്ളയുടെ സംസ്‌കാരം ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് വീട്ടുവളപ്പില്‍ നടന്നത്. മകന്‍ അരവിന്ദനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. അപകട വാര്‍ത്തയറിഞ്ഞ് കൊല്ലപ്പെട്ട ജാവേദിന്റെ ഭാര്യ സാജിദയും മക്കളായ അബൂബക്കര്‍ സിദ്ദീഖ്, സദഫ്, മൂസാ ഖലീലുള്ള  എന്നിവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.
മാവേലിക്കര എംഎല്‍എ രാജേഷ്, ഡിസിസി പ്രസിഡന്റ് എം ലിജു, ദേവസ്വം ബോര്‍ഡ് മെംബര്‍ കെ രാഘവന്‍, മുന്‍ എംഎല്‍എ കെ കെ ഷാജു, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ് സാലിം, സെക്രട്ടറി സിയാദ് മണ്ണാമുറി, ഷിഹാബ് എ, കെഎംവൈഎഫ് സംസ്ഥാന സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ജില്ലാ സെക്രട്ടറി എസ് കെ നസീര്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
അതേസമയം, പാതിയാക്കി വച്ച മനുഷ്യാവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം നിരവധി ദൂരുഹതകളും ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് ഗോപിനാഥന്‍ പിള്ള യാത്രയാവുന്നത്. ഏപ്രില്‍ പതിനൊന്നിനു രാവിലെ ആറരയോടെ ചേര്‍ത്തല വയലാര്‍ കവലയില്‍ ദേശീയ പാതയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഗോപിനാഥന്‍പിള്ള കഴിഞ്ഞ ദിവസം ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെടുന്നത്. ഇദ്ദേഹം സഞ്ചരിച്ച കാറിന്റെ പിറകില്‍ ടിപ്പറിടിച്ച് നിയന്ത്രണം വിടുകയും തുടര്‍ന്ന് എതിരേ വന്ന മിനി ലോറി ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് പിന്നിലിടിച്ച ടിപ്പര്‍ലോറി നിര്‍ത്താതെ പോയി. മരണസമയത്ത് കാര്‍ ഓടിച്ചിരുന്നത് സഹോദരന്‍ മാധവന്‍ പിള്ളയായിരുന്നു. ഇദ്ദേഹം പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഗോപിനാഥന്‍ പിള്ള ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികില്‍സയ്ക്കായി എറണാകുളത്തേക്ക് പോവുകയായിരുന്നു. അപകടത്തില്‍ ഗോപിനാഥ പിള്ളയുടെ കൈ മുട്ടിനു മാത്രമേ പ്രത്യക്ഷത്തില്‍ പരിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും നിലവില്‍ ചികില്‍സിച്ചു കൊണ്ടിരിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹം സാധാരണ നിലയില്‍ ആയിരുന്നുവെന്നും സഹോദരന്‍ പറയുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്ന്  കഴിച്ച് കൊണ്ടിരുന്ന ഗോപിനാഥ പിള്ളയ്ക്ക് അപകടത്തില്‍ കൈമുട്ടിനു പരിക്ക് പറ്റിയതിനുള്ള ചികില്‍സയുടെ ഭാഗമായ മരുന്നിന്റെ പ്രയോഗം മൂലം ഹൃദയ സ്തംഭനം ഉണ്ടായെന്നാണ് എന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും അദ്ദേഹം തേജസിനോട് പറഞ്ഞു.
ഗോപിനാഥന്‍ പിള്ളയെ സ്ഥിരമായി ചികില്‍സിച്ചു കൊണ്ടിരിക്കുന്ന ആശുപത്രിയില്‍ നിന്നും ചികില്‍സാ പിഴവ് വന്നു എന്നതും  സംശയത്തിനിടയാക്കിയിട്ടുണ്ട്. സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്നും ഗുജറാത്തിലെ രഹസ്യാന്വേഷണ കേന്ദ്രങ്ങളില്‍ നിന്നും നിരന്തരം ഭീഷണിയുള്ള ആളായത് കൊണ്ട് വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും സംഘടനകളും ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.
പിന്നില്‍ വാഹനമിടിച്ച് നിയന്ത്രണം തെറ്റിയ കാറില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്നാണ് മാധവന്‍ പിള്ള പറയുന്നത്. പിന്നില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയതാണ് ദുരൂഹതയ്ക്ക് കാരണമാവുന്നത്. എന്നാല്‍, പിന്നില്‍ വാഹനം ഇടിച്ചതില്‍ ഒരു ദുരൂഹതയും ഇല്ലന്നാണ് മാധവന്‍പിള്ള പറയുന്നത്. കൈക്ക് ക്ഷതം സംഭവിച്ച ഗോപിനാഥന്‍ പിള്ളയ്ക്ക് അമൃതയിലെ ചികില്‍സയില്‍ നല്‍കിയ മരുന്ന് ദോഷം ചെയ്തതാണ് മരണകാരണമായതെന്ന് സഹോദരന്‍ പറയുന്നുണ്ടെങ്കിലും ഇതിലൊന്നും യാതൊരു ദുരൂഹതയും ഇല്ലെന്നും ഇദ്ദേഹം പറയുന്നു.  ഇനിയൊരു നിയമപോരാട്ടത്തിന് നടക്കാന്‍ തങ്ങള്‍ക്ക് സമയമില്ലെന്നും അതിനാല്‍ എല്ലാ അധ്യായങ്ങളും ഇവിടെ അവസാനിപ്പിക്കുകയാണെന്നുമാണ് മാധവന്‍പിള്ള പറഞ്ഞുനിര്‍ത്തിയത്.
ഗോപിനാഥന്‍ പിള്ളയുടെ മരുമകള്‍ സാജിദയോടും മകന്‍ അബൂബക്കര്‍ സിദ്ദീഖിനോടും സംസാരിക്കുന്നതും ബന്ധുക്കളില്‍ ചിലര്‍ തടസ്സപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top