ദുരിത യാത്രയൊരുക്കി തൃശൂര്‍-കുന്നംകുളം പാത

തൃശൂര്‍: യാത്രക്കാര്‍ക്ക് ദുരിതമായി തൃശൂര്‍-കുന്നംകുളം റോഡിലെ ടാറിങ്. മുതുവറയില്‍ മാസങ്ങളായിട്ടും തീരാത്ത റോഡ് പണിക്കിടേയാണ് രണ്ട് ദിവസമായി കേച്ചേരിക്കും മുണ്ടൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നത്.
ഇതോടെ ഈ റൂട്ടിലൂടെയുള്ള ഗതാഗതം ദുസ്സഹമായി. ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ കേച്ചേരി മേഖലയില്‍ ഗതാഗതം പൂര്‍ണമായും ദീര്‍ഘ ദൂരബസ്സുകളടക്കം മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാണ് റോഡില്‍ അശാസ്ത്രീയമായി ടാറിംഗ് നടത്തുന്നത്.
മകരവിളക്കിനോടനുബന്ധിച്ച് ഗുരുവായൂരിലേക്കുള്ള ആയിരക്കണക്കിന് അയ്യപ്പഭക്തരടക്കമുള്ളവര്‍ കുരുക്കില്‍പ്പെട്ടു. രാവിലെ തിരക്കേറിയ സമയത്താണ് കേച്ചേരിക്കും മുണ്ടൂരിനുമിടയില്‍ ഏതാനുമിടങ്ങളില്‍ ഓട്ടയടയ്ക്കല്‍ ആരംഭിച്ചത്. തിരക്കില്ലാത്ത സമയത്തോ അവധി ദിനങ്ങളിലോ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ ഏറ്റവും തിരക്കേറിയ സമയത്ത് ആരംഭിച്ചതോടെ വാഹനങ്ങള്‍ നിറഞ്ഞ് റോഡ് നിശ്ചലമായി. രോഗികളെ കൊണ്ടുപോയിരുന്ന ആംബുലന്‍സുകളും കുരുക്കില്‍പ്പെട്ടു.
ഇതേ സമയം ഗതാഗതം സുഗമമാക്കുന്നതിന് ഒരു വിധത്തിലുള്ള തയ്യാറെടുപ്പും പൊതുമരാമത്ത് വിഭാഗം ചെയ്തിരുന്നില്ല. 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തൃശൂര്‍ കുന്നംകുളം പാതിയില്‍ ഇപ്പോള്‍ 2 മണിക്കൂറോളം സമയമാണ് യാത്രയ്‌ക്കെടുക്കുന്നത്.
പുഴയ്ക്കലിലേയും മുതുവറയിലേയും കുരുക്കിന് പുറമേയാണ് റോഡ് പണിയുടെ കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണ് തൃശൂര്‍  കുന്നംകുളം പാത. മകരവിളിക്കിനോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കൂടിയെത്തുന്ന വേളയിലാണ് റോഡിലെ ടാറിങ്. ജനം ദുരിതം കൊണ്ട് വീര്‍പ്പുമുട്ടുമ്പോഴും അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സംശയകരമായ മൗനവും പുലര്‍ത്തുകയാണെന്ന് ആക്ഷേപം ഉയര്‍ന്നു.

RELATED STORIES

Share it
Top