ദുരിതാശ്വാസ നിധിയിലേക്ക് എടപ്പാളയത്തിന്റെ സഹായംദമ്മാം: എടപ്പാളുകാരുടെ ആഗോള പ്രവാസി കൂട്ടായ്മയായ എടപ്പാളയത്തിന്റെ സൗദി ഘടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി. പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച രണ്ടു ലക്ഷം രൂപയാണ് മന്ത്രി കെ ടി ജലീലിന് കൈമാറിയത്. നേരത്തെ എടപ്പാളയം ഡിസാസ്റ്റര്‍ ഹെല്‍പ് ഡെസ്‌കിലൂടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപുകളിലും ദുരിത ബാധിത പ്രദേശങ്ങളിലും നാലു ലക്ഷത്തോളം രൂപയുടെ സഹായമെത്തിച്ചിരുന്നു. എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍ പഞ്ചാത്തുകളിലെ 700ഓളം കുടുംബങ്ങളില്‍ ഭക്ഷണ കിറ്റുകള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തിരുന്നു. എടപ്പാള്‍, പൊന്നാനി തൃക്കാവ്, പുറത്തൂര്‍ സ്‌കൂളുകളിലെ എന്‍എസ്എസ് യൂനിറ്റുകളുമായി സഹകരിച്ച് ജില്ലക്കകത്തും പുറത്തുമുള്ള ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കാനാണ് രണ്ടാം ഘട്ടത്തില്‍ ശ്രമിച്ചത്. കൂടാതെ എടപ്പാളയം ആഗോള സമിതി സ്വരൂപിച്ച മൂന്നര ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കെ ടി ജലീലിന് കൈമാറി. പ്രതിനിധികളായ റഫീഖ് എടപ്പാള്‍, കായിങ്കല്‍ മുഹമ്മദ് കുട്ടി (ഖത്തര്‍), മൊയ്തീന്‍ കുട്ടി എടപ്പാള്‍, സുനില്‍, ഗഫൂര്‍, സമീര്‍ മാങ്ങാട്ടൂര്‍ (ജിദ്ദ), മുസ്തഫ കാടഞ്ചേരി, സിറാജ്, ഷറഫ് (ദമ്മാം), ശറഫുദ്ദീന്‍ (ത്വാഇഫ്) ചടങ്ങില്‍ സംബന്ധിച്ചു. സൗദിയില്‍ ജിദ്ദ, ദമ്മാം, റിയാദ് ചാപ്റ്ററുകളില്‍ എടപ്പാളയം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.

RELATED STORIES

Share it
Top