ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം; മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിതന്നെ കൈക്കൊള്ളും.
സര്‍ക്കാര്‍ അഭ്യര്‍ഥന സര്‍വീസ് സംഘടനകള്‍ എതിര്‍ത്തിട്ടില്ലെങ്കിലും ഒരുമാസത്തെ ശമ്പളം പൂര്‍ണമായും നല്‍കുന്ന കാര്യത്തില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. ശമ്പളത്തിന്റെ എത്രഭാഗം നല്‍കാന്‍ കഴിയുമെന്ന് ജീവനക്കാരില്‍ നിന്ന് പ്രതികരണം തേടിയശേഷം അതിനനുസരിച്ചു മാത്രമേ വാങ്ങാവൂവെന്നാണ് സര്‍വീസ് സംഘടനകളുടെ നിലപാട്.
കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലും പ്രതിനിധികള്‍ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഒരുമാസത്തെ ശമ്പളം ലഭ്യമായേ തീരൂവെന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ വിഷയത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് വിഷയം മുഖ്യമന്ത്രി നേരിട്ട് പരിഹരിക്കാമെന്ന നിലയിലെത്തിയത്. ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയിട്ടുണ്ട്. രണ്ടുദിവസത്തെ ശമ്പളം ഈടാക്കാന്‍ പ്രളയത്തിന്റെ ആരംഭത്തില്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഓണം പ്രമാണിച്ച് കഴിഞ്ഞമാസം ശമ്പളവിതരണം നേരത്തെ ആരംഭിച്ചതിനാല്‍ ഭൂരിഭാഗം ജീവനക്കാര്‍ ഇതു കൈപ്പറ്റുകയും ചെയ്തു. ഈ തുക തിരിച്ചുചോദിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ ശമ്പളം നല്‍കാത്തവര്‍ എത്ര തുക നല്‍കാന്‍ താല്‍പര്യമെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നല്‍കിയവര്‍ക്ക് അധിക തുക നല്‍കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതും അറിയിക്കാം. ഇതിന്റെ വിവരങ്ങള്‍ സാലറി ഡ്രോയിങ് ഓഫിസര്‍മാരെ അറിയിക്കണം.
അടുത്ത ഒന്നുമുതല്‍ വിതരണം ചെയ്യുന്ന ശമ്പളത്തില്‍ നിന്നും തുക ഈടാക്കാനാണു ധനവകുപ്പിന്റെ ആലോചന.

RELATED STORIES

Share it
Top