ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നിശ്ചയിക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല

കൊച്ചി: പ്രളയത്തിനു ശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ നല്‍കേണ്ട സംഭാവന എത്രയാണെന്ന് നിശ്ചയിക്കാ ന്‍ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ജീവനക്കാര്‍ സ്വയം സന്നദ്ധരായി നല്‍കുന്നതാണ് സംഭാവനയെന്നും തുക തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും, സഹകരണ സൊസൈറ്റികളിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന സഹകരണ രജിസ്ട്രാറുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഒരുതരത്തിലുള്ള സമ്മര്‍ദവുമില്ലാതെത്തന്നെ അവരവരുടെ സാമ്പത്തികാവസ്ഥയ്ക്കനുസരിച്ച് സംഭാവന നല്‍കാനുള്ള അവസരം ജീവനക്കാര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പി എ യൂസുഫ്, അംഗം സിബി ചാക്കോ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. രജിസ്ട്രാറുടെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. പിയൂഷ് എ കൊറ്റം വാദിച്ചു. ജീവനക്കാര്‍ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലമാണ് ശമ്പളമെന്നും ബന്ധപ്പെട്ട സേവന-വേതന വ്യവസ്ഥയിലെ ചട്ടങ്ങളും നിയമങ്ങളും പാലിച്ചു മാത്രമേ ശമ്പളത്തില്‍ നിന്ന് തുക പിടിക്കാനോ കുറവു ചെയ്യാനോ തൊഴിലുടമയ്ക്ക് അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.
താന്‍ ചെയ്യുന്ന സേവനത്തിനനുസരിച്ച് ഉടമയില്‍ നിന്ന് പ്രതിഫലം പറ്റാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. ശമ്പളം തൊഴിലുടമയുടെ ഔദാര്യമല്ലെന്ന് സ്‌റ്റേറ്റ് ഓഫ് ബിഹാര്‍- അബ്ദു ല്‍ മജീദ് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല, തൊഴിലാളി രേഖാമൂലം നല്‍കുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശമ്പളം പിടിക്കാനാവൂ. ഒരു മാസത്തെ അല്ലെങ്കില്‍ തുല്യമായ പത്തു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നിര്‍ദേശിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറില്‍ ഒരു നിര്‍ബന്ധ സ്വരം അടങ്ങിയിട്ടുണ്ട്. ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ അക്കാര്യം അറിയിച്ച് വിസമ്മതപത്രം നല്‍കണമെന്ന നിര്‍ദേശം സ്വേച്ഛാപരവും നിയമവിരുദ്ധവുമാണ്.
സ്വയം നല്‍കുന്നതോ കൈമാറ്റം ചെയ്യുന്നതോ മാത്രമേ സംഭാവനയാവുകയുള്ളൂ. നേരിട്ടും അല്ലാതെയും ബലപ്രയോഗത്തിന്റെ രൂപത്തില്‍ ജീവനക്കാരനില്‍ നിന്ന് പണം പിരിച്ചെടുക്കുന്നത് പിടിച്ചുപറിയാണ്. അതിനെ സംഭാവനയെന്നു പറയാനാവില്ല. സംഭാവന നല്‍കേണ്ടത് ഇത്ര തുകയാണെന്ന് പറയാന്‍ തൊഴിലുടമയ്ക്ക് കഴിയില്ല. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ പാടുപെടുന്ന ഒേട്ടറെ ജീവനക്കാരുണ്ട്. നിര്‍ബന്ധാവസ്ഥ ധ്വനിപ്പിക്കുന്ന അധികൃതരുടെ ഉത്തരവിനോട് വിസമ്മതത്തോടെ പ്രതികരിക്കാന്‍ കെല്‍പില്ലാത്തവരാണിവര്‍. ഇവരുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി പിടിച്ചെടുക്കുന്നത് ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
ഈ സാഹചര്യത്തില്‍ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സപ്തംബര്‍ 17നു സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യുന്നതായി കോടതി വ്യക്തമാക്കി. ഒരു മാസത്തിനകം എതിര്‍കക്ഷികള്‍ ഇതു സംബന്ധിച്ച വിശദീകരണം നല്‍കണം. അതേസമയം, സഹകരണ ബാങ്ക് ജീവനക്കാര്‍ അവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനു തടസ്സമില്ലെന്നും എട്ടു പേജുള്ള ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top