ദുരിതാശ്വാസ ക്യാംപിലെ ജാതിവിവേചനം; പോലിസ് കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ ആഞ്ഞിലിമൂട് എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തില്‍ ജാതിവിവേചനം നടന്നതായുള്ള ദലിത് അംഗങ്ങളുടെ പരാതിയില്‍ ഹരിപ്പാട് പോലിസ് കേസെടുത്തു. കെപിഎംഎസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ കേന്ദ്രത്തിലെ ഒരു പ്രത്യേക സമുദായാംഗങ്ങളായ 20ഓളം പേര്‍ക്കെതിരേ കേസെടുത്തത്.
സംഭവത്തെക്കുറിച്ചു കേരള പുലയര്‍ മഹാസഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാ ന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടിരുന്നു. അന്വേഷിച്ച് ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാ ന്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആഞ്ഞിലിമൂട് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലെ 23 ദലിത് കുടുംബങ്ങളില്‍പ്പെട്ട 56 അംഗങ്ങള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കലക്ടര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ദുരിതാശ്വാസ ക്യാംപിലെ ക്രിസ്ത്യന്‍ സമുദായാംഗം തങ്ങളെ ജാതി പറഞ്ഞ് അപമാനിച്ചതായാണ് പരാതി. അതിനിടെ, കഴിഞ്ഞ വെള്ളിയാഴ്ച ക്യാംപ് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞങ്ങളുടെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പഞ്ചായത്ത് അധികാരികളും തയ്യാറായില്ല. അതിനാലാണ് മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതെന്ന് അവര്‍ വിശദീകരിച്ചു. ജാതിവിവേചനത്തിന്റെ പേരില്‍ ദുരിതാശ്വാസ ക്യാംപില്‍ താമസിച്ചിരുന്ന 27 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം മറ്റൊരു ക്യാംപിലേക്ക് താമസം മാറ്റിയതായും ഇവര്‍ പറയുന്നു.
കഴിഞ്ഞ 18നാണ് ഇവര്‍ ദുരിതാശ്വാസ ക്യാംപിലെത്തുന്നത്. അച്ചങ്കോവില്‍ നദിയിലെ വെള്ളപ്പൊക്കത്തില്‍ ഇവരുടെ വീടുകള്‍ തകര്‍ന്നതോടെ ആഞ്ഞിലിമൂട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിത്താമസിപ്പിച്ചെങ്കിലും ഇവിടെ ഇവര്‍ക്കൊപ്പം മാറ്റിത്താമസിപ്പിക്കപ്പെട്ട ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ തങ്ങളുമായി സഹകരിക്കുന്നില്ലെന്നും ഭക്ഷണം പാചകം ചെയ്ത് പങ്കുവയ്ക്കുന്നതിലും മറ്റും ഇവര്‍ വിവേചനം കാണിക്കുന്നതായുമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പുലയര്‍മഹാസഭ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ക്യാംപില്‍ 23 ദലിത് കുടുംബങ്ങളും 28 ക്രിസ്ത്യന്‍ കുടുംബങ്ങളും ഉണ്ടായിരുന്നു. ഇവരുടെ ആവശ്യപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വാര്‍ഡ് മെംബറും ചേര്‍ന്ന് ഇവര്‍ക്കായി പ്രത്യേക ക്യാംപ് തുറന്നതായും പരാതിയില്‍ പറയുന്നു.
ആഞ്ഞിലിമൂട് എല്‍എല്‍ സ്‌കൂളില്‍ ക്രമീകരിച്ചിരുന്ന ദുരിതാശ്വാസ ക്യാംപില്‍ 51 കുടുംബങ്ങളുണ്ടെന്ന് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി എന്‍ സാനു പറയുന്നു. ഇവിടെ രണ്ട് സംഘങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്നും ഇത് ജാതി അടിസ്ഥാനത്തിലുള്ളതല്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും  ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതിരുന്നതോടെയാണ് ക്രിസ്ത്യന്‍ സമുദായത്തിലെ അംഗങ്ങളെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ദുരിതാശ്വാസ ക്യാംപുകളില്‍ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി ജി സുധാകരന്‍ അടക്കമുള്ളവരുടെ നിലപാട്.

RELATED STORIES

Share it
Top