ദുരിതാശ്വാസ കിറ്റില്‍ കോഴിത്തൂവല്‍

ബേപ്പൂര്‍: നടുവട്ടം തോണിച്ചിറ ഭാഗത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ ദുരിതാശ്വാസ കിറ്റില്‍ കോഴിത്തൂവല്‍ നിറച്ച തലയണ. ബേപ്പൂര്‍ വില്ലേജ് ഓഫിസില്‍ നിന്ന് നല്‍കിയ ടോക്കണ്‍ പ്രകാരം ചേനോത്ത് സ്‌കൂളില്‍ വെച്ചാണ് കിറ്റുകള്‍ വിതരണം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ക്കാണ് വിതരണം ചെയ്തത്.
വസ്ത്രങ്ങള്‍, അരി, ചെറുപയര്‍ തുടങ്ങിയ സാധനങ്ങളുടെ കൂടെ തലയണയും ഉണ്ടായിരുന്നു. തലയണയില്‍ ഉറുമ്പരിക്കുന്നത് കണ്ടപ്പോഴാണ് കിറ്റ് ലഭിച്ച തോണിച്ചിറയിലെ ത്രേസ്യ പരിശോധന നടത്തിയത്. രൂക്ഷ ദുര്‍ഗന്ധവും അനുഭവപ്പെട്ടു. തലയണ പൊട്ടിച്ച് നോക്കിയപ്പോഴാണ് പരുത്തിക്ക് പകരം കോഴിത്തൂവല്‍ നിറച്ചതായി കണ്ടത്.
വിവരം അയല്‍വാസികളെ അറിയിച്ചപ്പോള്‍ വേറെയും രണ്ടു വീട്ടുകാരുടെ തലയണയില്‍ കോഴിത്തൂവല്‍ കണ്ടതായി വിവരം കിട്ടി. ബേപ്പൂര്‍ വില്ലേജ് ഓഫിസറെ അറിയിച്ചപ്പോള്‍ കിറ്റിലുള്ളതിനെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നാണ് പറഞ്ഞത്. നാട്ടുകാര്‍ കളക്ടറേയും കോര്‍പ്പറേഷന്‍ അധികാരികളെയും വിവരമറിയിച്ചിട്ടുണ്ട്. വിവരം കൗണ്‍സിലര്‍ എന്‍ സതീഷ് കുമാറിനെയും അറിയിച്ചു.
അന്വേഷണത്തില്‍ കല്‍ക്കത്തയില്‍ നിന്നും കണ്ടൈനര്‍ ലോറി വഴിയാണ് നടുവട്ടം സപ്ലൈകോ ഗോഡൗണിലേക്ക് മൊത്തമായി വസ്ത്രങ്ങളും മറ്റും വിതരണത്തിനായി എത്തിയതെന്ന് അറിഞ്ഞു. ബംഗാളിലും മറ്റും തലയണയിലും ബെഡിലും സ്ഥിരമായി പരുത്തിക്കും തുണികള്‍ക്കും പകരം കോഴിത്തൂവല്‍ നിറയ്ക്കുക പതിവാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വിവരം ലഭിച്ചതായി കൗണ്‍സിലര്‍ അറിയിച്ചു.

RELATED STORIES

Share it
Top