ദുരിതാശ്വാസനിധി ധനസമാഹരണം: മുഴുവന്‍ ആളുകളും മുന്നിട്ടിറങ്ങണം-ജില്ലാ കലക്ടര്‍

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ധനസമഹാരണത്തിനായി ജില്ലയിലെ പൊതുജനങ്ങളയാകെ പങ്കാളികളാക്കാന്‍ മുഴുവന്‍ വകുപ്പുകളും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അഭ്യര്‍ത്ഥിച്ചു. ധനസമാഹാരണം പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന. ധനസമാഹാരണത്തിന്റെ സംസ്ഥാനതല ചുമതല വഹിക്കുന്ന ഓഫീസര്‍ സന്തോഷ് കൗശിക് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. സാധ്യതയുളള എല്ലാ വകുപ്പുകളെയും കേരള പുനര്‍നിര്‍മ്മാണത്തിനും ദുരിതാശ്വാസ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹാരണമോ സാധനസാമഗ്രി സമാഹരണമോ നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിവിധ വകുപ്പ് പ്രതിനിധികളുടെ അവരവരുടെ സാധ്യതകള്‍ ജില്ലാ കളക്ടറെ അറിയിച്ചു. ജില്ലയില്‍ ദുരിതാശ്വാസപ്രവര്‍ത്തങ്ങള്‍ക്കായി സര്‍ക്കാര്‍ 100 കോടി രൂപയോളം അനുവദിച്ചതായി ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് ഇത് വരെ ജില്ലയില്‍ നിന്നുളള സംഭാവന അഞ്ചരകോടി രൂപയില്‍ താഴെയാണ്. ജില്ലയില്‍ 3597 വീടുകള്‍ പൂര്‍ണ്ണമായും 23000 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇവയുടെ പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിക്കും തന്നെ ഇനിയും വലിയൊരു തുക ആവശ്യമുണ്ട്. ധനസമാഹരണത്തിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വകുപ്പുകള്‍ തയ്യാറാകണം. ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍ ആവശ്യത്തിലേറെ സഹായമായി ലഭിക്കുന്നുണ്ട്. ഇനിയത്തരം സഹായം ചെയ്യാന്‍ കഴിയുന്നവര്‍ അത് പണമായി ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയാല്‍ നന്ന്. ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ എല്ലാ വകുപ്പുകളുടെ ഓഫീസിലും പ്രദര്‍ശിപ്പിക്കണം. ധനസമാഹാരണ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ എല്ലാവരും തയ്യാറാകണം. ദുരിതാശ്വാസനിധിയിലേക്കുളള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സപ്തംബര്‍ 7 ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ചുമതലയുളള ഓഫീസര്‍ സന്തോഷ് കൗശിക് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. അതിനു മുമ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

RELATED STORIES

Share it
Top