ദുരിതാശ്വാസനിധിയിലേക്ക് നിലയ്ക്കാത്ത സഹായപ്രവാഹം

വടകര : നവകേരള നിര്‍മ്മിതിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തുന്ന ധനശേഖരണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണത്തില്‍ വടകരയില്‍ നിന്നും ലഭിച്ചത് 72,94,373 രൂപ. വടകര റസ്റ്റ്ഹൗസില്‍ നടന്ന ധനസമാഹരണ ചടങ്ങിന്റെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയില്‍ നിന്നും 5,00,000 രൂപയുടെ ചെക്ക് വാങ്ങി കൊണ്ട് നിര്‍വ്വഹിച്ചു.
വെളളപൊക്കം പോലുളള ദുരിതം നേരിടുമ്പോള്‍ അനേകം പാവങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറിതാമസിക്കേണ്ട അവസ്ഥ മാരണമെന്നും എല്ലാവര്‍ക്കും സുരക്ഷിതമായ വീട് സൗകര്യം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവ പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട്. കൂടാതെ പുതിയൊരു തൊഴില്‍ അന്തരീക്ഷവും ഉണ്ടാവണം. കാര്‍ഷിക മേഖലയിലും അനിവാര്യമായ മാറ്റം വേണം. ദുരിതാശ്വാസ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ഫണ്ട് നല്‍കാനായി സര്‍ക്കാര്‍ ആരിലും നിര്‍ബന്ധവും സമ്മര്‍ദ്ദവും ചെലുത്തുന്നില്ല. സ്വമനസ്സാലെയാണ് എല്ലാവരും ഫണ്ട് നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഭവ സമാഹരണത്തിന് സമൂഹത്തിലെ നാനാതുറകളില്‍ നിന്നും വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതില്‍ തോടന്നൂരില്‍ നിന്നും സികെ പ്രമീളയുടെ നേതൃത്വത്തില്‍ 6 മാസം കൊണ്ട് 100 സ്ത്രീകളെ യോഗ പരിശീലിപ്പിച്ചതിന്റെ ഗുരുദക്ഷിണയായി ലഭിച്ച 10,000 രൂപ മുതല്‍ വടകര നഗരസഭയുടെ 10,00,000 രൂപയുടെ ചെക്ക് വരെ ഉള്‍പ്പെടുന്നു. നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നാണ് പത്ത് ലക്ഷം രൂപ നല്‍കിയത്.
കൂടാതെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 50,000 രൂപയും നല്‍കിയിട്ടുണ്ട്. വടകര ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നര ലക്ഷം രൂപ സംഭാവന നല്‍കി. സ്‌കൂളിലെ പ്രധാനധ്യാപകനും സംസ്ഥാന സ്‌കൂള്‍ അധ്യാപക അവാര്‍ഡ് ജേതാവുമായ സത്യനാഥന്‍ അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും സംഭാവന നല്‍കി.
അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഇടി അയൂബ്, സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ചെക്ക് കൈമാറി. കുറ്റിയാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കുറ്റിയാടി പഞ്ചായത്ത് ഹാളില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുറ്റിയാടി പഞ്ചായത്ത് പത്ത് ലക്ഷം, കുറ്റുമ്മല്‍ ബ്ലോക്ക് അഞ്ച് ലക്ഷവും അംഗങ്ങളുടെ ഓണറേറിയമായി 1,06,500 കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് 12 ലക്ഷം തുടങ്ങി സിറ്റിങില്‍ ലഭിച്ച ചെക്കുകള്‍ മന്ത്രിമാരായ ടിപി രാമകൃഷ്ണനും എകെ ശശീന്ദ്രനും ഏറ്റുവാങ്ങി. പഞ്ചായത്തുകള്‍, വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍ മുഖേന രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ധനസമാഹരണം നടന്നത്.
എംഎല്‍എമാരായ സികെ നാണു, ഇകെ വിജയന്‍, ദുരിതാശ്വാസനിധി സ്‌പെഷ്യല്‍ഓഫീസര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍, ജില്ലാകലക്ടര്‍ യുവി ജോസ്, വടകര നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, ആര്‍ഡിഒ വി അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top