ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ അഭയസ്ഥാനം ഉറപ്പാക്കണം

കൊച്ചി: പ്രളയശേഷം വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്കും അപകടസാധ്യതയുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്കും സര്‍ക്കാര്‍ സുരക്ഷിതമായ അഭയസ്ഥാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. നാശനഷ്ടങ്ങള്‍ പരിശോധിച്ച് വിലയിരുത്തി വിശദ വിവരങ്ങ ള്‍ പഞ്ചായത്ത് ഓഫിസില്‍ പ്രസിദ്ധീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്രളയം സംബന്ധിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
പ്രളയബാധിതര്‍ക്ക് ഇതുവരെ നല്‍കിയ സഹായങ്ങളും ഭാവിനടപടികളും വ്യക്തമാക്കി റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസുകള്‍ ഈ മാസം 31നു വീണ്ടും പരിഗണിക്കും. പ്രളയബാധിതരായ 6,71,077 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം സഹായം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. അയോഗ്യരായ 520 കുടുംബങ്ങള്‍ കോഴിക്കോട് ജില്ലയില്‍ ഈ സഹായധനം സ്വന്തമാക്കി. ഇതു തിരിച്ചുപിടിക്കാ ന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പാലക്കാട് 11 കുടുംബങ്ങളില്‍ നിന്നും മലപ്പുറത്ത് 205 കുടുംബങ്ങളില്‍ നിന്നും വയനാട്ടില്‍ 63 കുടുംബങ്ങളില്‍ നിന്നും പണം തിരികെപ്പിടിച്ചുകഴിഞ്ഞു.
ഇതുവരെ 12,253 താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകള്‍ നടത്തിയതായും സത്യവാങ്മൂലം പറയുന്നു. വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കായി 66 ക്യാംപുകള്‍ ഇപ്പോഴും നടത്തുന്നുണ്ട്. 1626 പേരാണ് ഈ ക്യാംപുകളിലുള്ളത്. ഇതു തുടരും. കുട്ടനാട്ടില്‍ ശുദ്ധജലം ഉറപ്പാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട്. സ്വന്തം വീടുകള്‍ പ്രളയബാധിതര്‍ക്കു വിട്ടുനല്‍കാമെന്ന സുമനസ്സുകളുടെ വാക്ക് പരിഗണിക്കും.
7442 പശു-പോത്ത്-എരുമകളാണ് പ്രളയത്തില്‍ കൊല്ലപ്പെട്ടത്. 6568 ആടുകളും 5400 കന്നുകുട്ടികളും 17,09,610 കോഴി, താറാവ് തുടങ്ങിയവയും കൊല്ലപ്പെട്ടു. പശു, പോത്ത് തുടങ്ങിയവയ്ക്ക് 30,000 രൂപയും കന്നുകുട്ടികള്‍ക്ക് 16,000 രൂപ വീതവും ആടുകള്‍ക്ക് 3000 രൂപയും കോഴി, താറാവ് എന്നിവയ്ക്ക് 50 രൂപ വീതവും നഷ്ടപരിഹാരം നല്‍കും. 86,704.55 ഹെക്ടര്‍ കൃഷിഭൂമിയാണ് പ്രളയത്തില്‍ നശിച്ചത്. 97.48 കോടി രൂപ നഷ്ടപരിഹാരമായി കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. നശിച്ച 3,72, 963 കിണറുകളില്‍ 3,53,849 എണ്ണം ശുചീകരിച്ചു.
പ്രളയബാധിതരായ 2,12,797 പേര്‍ക്ക് മനശ്ശാസ്ത്ര കൗണ്‍സലിങ് നല്‍കി. 1543 പേര്‍ക്ക് മാനസികാരോഗ്യ ചികില്‍സ നല്‍കി. പ്രളയബാധിതര്‍ക്ക് ഇനിയും ആശങ്ക, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുണ്ടാവാം എന്നതിനാല്‍ ദീര്‍ഘകാലത്തേക്കുള്ള സമഗ്രമായ പദ്ധതി വേണം. ഉപജീവനമാര്‍ഗം സംബന്ധിച്ച് അടുത്ത മാസം 1, 2 തിയ്യതികളില്‍ ആസൂത്രണ ബോര്‍ഡ് പ്രത്യേക കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നുണ്ടെന്നും സത്യവാങ്മൂലം പറയുന്നു.

RELATED STORIES

Share it
Top