ദുരിതബാധിതര്‍ക്ക് ഏഴുവര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക കൊടുത്തുതീര്‍ന്നില്ല

ടോമി  മാത്യു

കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തുക ഏഴുവര്‍ഷമായിട്ടും നല്‍കിക്കഴിഞ്ഞിട്ടില്ലെന്ന് വിവരാവകാശ രേഖപ്രകാരം മറുപടി. 1150 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഇനിയും നിര്‍വീര്യമാക്കാനുണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ കാസര്‍കോട്് കലക്ടറേറ്റ് സ്‌െപഷ്യല്‍ സെല്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്റ്റിംസ് ഹെഡ് ക്ലാര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 2010 ഡിസംബര്‍ 31നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. എന്നാല്‍, ധനസഹായം കൊടുത്തുതീര്‍ക്കാനുള്ള കാലാവധി കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. 2017 നവംബര്‍ 30 വരെ 3,524 പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്്. 2017 ല്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാനുണ്ട്. ദുരിതബാധിത പട്ടിക റീകാറ്റഗറൈസ് ചെയ്തുവരുന്നതേയുള്ളൂവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. 2017 നവംബര്‍ 30 വരെ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ട 577 പേര്‍ മരിച്ചിട്ടുണ്ട്്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. മരിച്ചവര്‍ക്കുള്ള തുക പൂര്‍ണമായും നല്‍കിക്കഴിഞ്ഞിട്ടില്ലെന്നും അനന്തരാവകാശ സര്‍ട്ടിഫിക്ക് ലഭ്യമാവുന്നതിനുള്ള കാലതാമസമാണ് ഇതിനു കാരണമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ദുരിതബാധിതര്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതിനായി കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 53.105 കോടി രൂപ നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരമായി ലഭിച്ച തുക പൂര്‍ണമായും വിതരണം ചെയ്തുകഴിഞ്ഞിട്ടില്ലെന്നും 4.48 കോടി രൂപ ഇനിയും ബാക്കിയുണ്ടെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍വീര്യമാക്കാത്ത 1,150 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട് ജില്ലയിലെ ചീമേനി, രാജപുരം, പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിര്‍വീര്യമാക്കാന്‍ കണ്ടെത്തിയ പ്ലാന്റി ല്‍ നാട്ടുകാരുടെ എതിര്‍പ്പുമൂലമാണ് അതിനു കഴിയാത്തത്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ പട്ടികയില്‍ പൂര്‍ണമായും കിടപ്പായ രോഗികള്‍ 258 പേരാണ്. 2017ലെ മെഡിക്കല്‍ ക്യാംപിലെ പട്ടിക ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. പൂര്‍ണമായി കിടപ്പായവര്‍ക്ക്് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top