ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണമെന്ന്

താമരശ്ശേരി: ദുരിതബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്്—ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ചിലയിടങ്ങളിലെ ദുരന്തബാധിതര്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി അനുവദിക്കുമ്പോള്‍ മറ്റിടങ്ങളില്‍ ഒന്നും നല്‍കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
മുറിവുണങ്ങാത്ത കരിഞ്ചോലക്കൊപ്പം എന്ന പ്രമേയത്തില്‍ ജില്ലാ മുസ്്—ലിംലീഗ് കമ്മിറ്റി താമരശ്ശേരിയില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഖി പോലുള്ള ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് വലിയതുക നഷ്ടപരിഹാരം നല്‍കിയപ്പോള്‍ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലടക്കമുള്ള ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തത് മനുഷ്യത്വരഹിതവും ക്രൂരതയുമാണ്.
സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആരംഭിച്ച പണപ്പിരിവ് ഇപ്പോഴും തുടരുകയാണ്. പിരിച്ച തുക ദുരിതബാധിതര്‍ക്ക് സമയബന്ധിതമായി എത്തിച്ചു നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി പേര്‍ ഇപ്പോഴുമുണ്ട്. ഈ യുഗത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മുഴുവന്‍ പ്രളയംകൊണ്ട് തീര്‍ക്കാനുള്ള സര്‍ക്കാര്‍ നയം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചോലയില്‍ മനുഷ്യത്വരഹിതമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം പോലെയാണ് സംസ്ഥാന സര്‍ക്കാര്‍ കരിഞ്ചോലയോട് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, സി മോയിന്‍കുട്ടി, വി എം ഉമ്മര്‍മാസ്റ്റര്‍, സി പി ചെറിയമുഹമ്മദ്, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, നാസര്‍ എസ്റ്റേറ്റ്മുക്ക്, നജീബ് കാന്തപുരം സംസാരിച്ചു.

RELATED STORIES

Share it
Top