ദുരിതത്തില്‍ നിന്ന് എളമ്പ്രംകോളനി ഇനിയും മോചിതരായില്ല

ചാലക്കുടി: പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ നിന്നും എളമ്പ്രം കോളനി ഇനിയും മോചിതരായില്ല. മേലൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉ ള്‍പ്പെടുന്ന എളമ്പ്രം കോളനിക്കാണ് പ്രളയകെടുതിയില്‍ കാര്യമായ നഷ്ടം സംഭവിച്ചത്. കോളനിയിലുള്ള 65 വീടുകളില്‍ ഭൂരിഭാഗവും വാസയോഗ്യമല്ലാതായി. ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. മുപ്പതോളം വീടുകളിലെ ചുരുകളില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട ഇവിടത്തെ നിവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. കോളനിയിലെ മുഴുവന്‍ വീടുകളും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയും നശിച്ചു. വാര്‍ഡിലെ കവലക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും താറുമാറായി. ഇവിടത്തെ രണ്ടു മോട്ടോറും നശിച്ചു. ഇതോടെ ഒന്നാം വാര്‍ഡിലെ കുടിവെള്ള സംവിധാനവും അവതാളത്തിലായിരിക്കുകയാണ്. മേലൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചിട്ടുള്ളത്. വാര്‍ഡിലെ 428 വീടുകളില്‍ 390 ഓളം വീടുകള്‍ക്ക് കേടുപാടികള്‍ സംഭവിച്ചിട്ടുണ്ട്. വാര്‍ഡിന്റെ മൂന്ന് ഭാഗവും പുഴയായതിനാല്‍ മൂന്ന് ഭാഗത്ത് നിന്നും മഴവെള്ളം ഇവിടേക്കൊഴുകിയെത്തി. ഒരു സ്വകാര്യ വ്യക്തിയുടെ 57 സെന്റ് സ്ഥലം വെള്ളപ്പാച്ചലില്‍ മണ്ണിടിഞ്ഞ് നശിച്ചു.

RELATED STORIES

Share it
Top