ദുരിതജീവിതത്തോട് മുഖം തിരിച്ച് അധികൃതര്‍

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ടകോളനിയിലെ ആദിവാസികളുടെ ദുരിതജീവിതത്തിന് പരിഹാരമായില്ല. 23 കുടുംബങ്ങളില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് വീടുള്ളത്. ഇതില്‍ 12 വീടുകളും വാസയോഗ്യമല്ല. മാറി മാറി വന്ന സര്‍ക്കാറുകളും പട്ടികവര്‍ഗ്ഗ വകുപ്പും നിരവധി തവണകളായി ഈ കോളനിയിലേക്ക് ചെലവഴിച്ച തുക കേട്ടാല്‍ ഞെട്ടും.
ഓരോ കുടുംബത്തിനും ഒന്നിലധികം തവണ വീടുകള്‍ അനുവദിക്കുകയും കരാറുകാര്‍ പണം വാങ്ങി മുങ്ങുകയും ചെയ്തു. മുരിക്കിന്റെ് പലകള്‍ കൊണ്ടാണ് വാതിലുകളും ജനലുകളും നിര്‍മിച്ചിട്ടുള്ളത്. തേപ്പ് ഉള്‍പ്പെടെയുള്ള പണികള്‍ നടത്തിയിട്ടുമില്ല. വീട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാര്‍ മുങ്ങി.
ഇവിടെ വാതിലുകള്‍ ഇല്ലാത്ത വീടുകളും ഉണ്ട്. സമ്പൂര്‍ണ്ണ ശൗചാലയ പദ്ധതി പൂര്‍ത്തികരിച്ച സംസ്ഥാനത്ത് ഈ ആദിവാസി കോളനിയുടെ ചിത്രം വിഭിന്നമാണ്. 23 കുടുംബങ്ങളില്‍ 12 കുടുംബങള്‍ക്ക് മാത്രമാണ് സ്വന്തമായി കക്കുസുള്ളത്. ബാക്കി കുടുംബങ്ങളിലെ സ്ത്രികളും കുട്ടികളും പ്രാഥമിക ആവശ്യങ്ങള്‍ക്കായി സമീപത്തെ വനമേഖലയെയാണ് ആശ്രയിക്കുന്നത്. ആദിവാസി കോളനികളിലെ വീടുനിര്‍മാണം പുറമെ നിന്നുള്ള കരാറുകാരെ ഏല്‍പ്പിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോള്‍ രാഷ്ട്രീയകാരുടെയും ഉദ്യോഗസ്ഥരുടെയും ബിനാമികളാണ് കല്ലുണ്ടകോളനിയില്‍ വീട് നിര്‍മാണം നടത്തിയത.് അതാണ് നിലവിലെ ദുരവസ്ഥക്ക് കാരണം.
ആദിവാസികളുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ വരുന്നതു കരാറുകാര്‍ വാങ്ങിയെടുക്കും. തുക വാങ്ങി നല്‍ക്കുന്നതിന് പ്രതിഫലമായി ഓരോ തവണയും 500 രുപ വീതം നല്‍ക്കും. കല്ലുണ്ടകോളനിയിലെ ക്രമക്കേട് പുറത്തു കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഐടിഡിപി ജില്ലാ ഓഫിസ് നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെക്കിലും ആദിവാസി ക്ഷേമത്തിലുപരി ഫണ്ടുകള്‍ എങ്ങനെ തങ്ങള്‍ക്കു കൂടി ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് ഇവര്‍ക്ക്. പോഷകാഹാരക്കുറവ് കുട്ടികളിലും സ്ത്രികളിലും ഉണ്ടെന്ന് ആരോഗ്യ വകുപ്പും പറയുന്നു.

RELATED STORIES

Share it
Top