ദുരിതം വിതച്ച് മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കാലവര്‍ഷം തുടരുന്നു. ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴക്കെടുതികളില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട് നാലുപേരെ കാണാതായി.
ആലപ്പുഴ പൂച്ചാക്കലില്‍ വൈദ്യുതാഘാതമേറ്റ് മല്‍സ്യവില്‍പന തൊഴിലാളിയായ തൈക്കാട്ടുശ്ശേരി പഞ്ചായത്ത്, മണപ്പുറം ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്രയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ മാക്കേക്കടവിനു സമീപം വൈദ്യുതി കമ്പി വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന അയയാണെന്നു കരുതി കൈകൊണ്ടു നീക്കുന്നതിനിടെ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. മക്കള്‍: മഹേഷ്, മനീഷ്. മരുമക്കള്‍: അമ്പിളി, സനില.
കണ്ണൂര്‍ ഇരിട്ടി-പേരാവൂര്‍ റോഡിലെ കല്ലേരിമലയ്ക്കും എടത്തൊട്ടിക്കും ഇടയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ്് ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് ഹൗസില്‍ സിതാര(20)യാണ് മരിച്ചത്. മാതാപിതാക്കളായ സിറിയക് (48), സെലീന (42), ഇവരുടെ സഹോദരി പ്രസന്ന, ഓട്ടോറിക്ഷാ ഡ്രൈവര്‍ ആലച്ചേരി സ്വദേശി വിനോദ് (43) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് മൂന്നോടെ കോളിക്കടവിനടുത്ത പട്ടാരത്ത് ധ്യാനത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകവെയാണ് അപകടം. ഈ സമയം സണ്ണി ജോസഫ് എംഎല്‍എ പേരാവൂര്‍ ഭാഗത്തേക്ക് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നുണ്ടായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തെടുത്ത സിതാരയെ എംഎല്‍എയുടെ വാഹനത്തില്‍ കയറ്റി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടിയില്‍ മാതാപുഴ കറുത്താമക്കത്ത് ശാക്കിറയുടെ മകന്‍ മുഹമ്മദ് റബീഹിനെ(ഏഴ്) കാണാതായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ  വൈകുന്നേരം നാലുമണിയോടെയാണ് കാണാതായത്. വീട്ടിനടുത്തുള്ള പുഴവക്കില്‍ നിന്ന് ചെരിപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. വെളിമുക്ക് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അതിനിടെ, പാലക്കാട്ടെ കൊല്ലങ്കോട് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച കാണാതായ വിദ്യാര്‍ഥിയെ ഇനിയും കണ്ടെത്താനായില്ല. ആലത്തൂര്‍ കാവശ്ശേരി വിപുള്യാപുരം അബൂബക്കറിന്റെ മകന്‍ ആഷിഖി(22)നെയാണ് കാണാതായത്. വയനാട് പേര്യ വരയാലില്‍ തോട്ടില്‍ കാണാതായെന്നു സംശയിക്കുന്ന ഏഴുവയസ്സുകാരനു വേണ്ടിയും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പേര്യ 38ല്‍ തയ്യുള്ളതില്‍ അയ്യൂബിന്റെ മകന്‍ അജ്മലിനെ കാണാതായത്. ഇന്നലെ ഉച്ചയോടെ നാവികസേനയുടെ ഏഴംഗ സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പത്തനംതിട്ട അച്ചന്‍ കോവിലാറില്‍ ശനിയാഴ്ച കാണാതായ ബൈജു മത്തായി(37)യെയും ഇതുവരെ കണ്ടെത്താനായില്ല.
വയനാട്ടില്‍ 2,086 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. 12 വീടുകള്‍ പൂര്‍ണമായും 336 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 16 കോടി രൂപയ്ക്കു മുകളിലാണ് കൃഷിനാശം. എന്നാല്‍, ബാണാസുരസാഗര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി കവിഞ്ഞതിനെ തുടര്‍ന്ന് രണ്ടു ഷട്ടറുകള്‍ തുറന്നു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഒമ്പത് ഇഞ്ച് തുറന്നു.  ഇടുക്കിയില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റില്‍ പ്ലാവിന്റെ ശിഖരം ഒടിഞ്ഞുവീണ് വലിയതോവാളമെട്ട് കണിയാംപറമ്പില്‍ കെ കെ രാജന് (47) പരിക്കേറ്റു.
മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയിലേക്ക് ഉയരുന്നു. കനത്ത മഴയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 127.50 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. സെക്കന്‍ഡില്‍ 3653 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

RELATED STORIES

Share it
Top