ദുരാചാരങ്ങള്‍ ഇല്ലാതായത് പ്രതികരണശേഷി കൊണ്ട്്: എം എ ബേബി

കോഴിക്കോട്: തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലാതായത് ദൈവത്തെ പ്രാര്‍ഥിച്ചതുകൊണ്ടല്ല, മറിച്ച് പ്രതിഷേധങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സിഐടിയു ദേശീയ കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി മുതലക്കുളത്ത് സംഘടിപ്പിച്ച മതം മതനിരപേക്ഷത വര്‍ഗ്ഗീയത എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതങ്ങള്‍ വിമോചനപരമായ ആശയങ്ങളായാണ് പിറവി കൊണ്ടത്. പിന്നീടതിനെ സ്വാര്‍ഥമായ കാര്യങ്ങള്‍ക്കായി പലരും ഉപയോഗപ്പെടുത്തി. ഇതേ സമയം തന്നെ മതങ്ങള്‍ക്കുള്ളിലെ അനാചാരങ്ങള്‍ക്കെതിരെ വലിയ നിലയിലുള്ള പ്രതിഷേധങ്ങളും പോരാട്ടങ്ങളും ഉണ്ടായി. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ മതത്തിനകത്തെ ഒരര്‍ഥത്തിലുള്ള വിപ്ലവ പ്രവര്‍ത്തനമായിരുന്നു.
മതവും മാര്‍ക്‌സ് മുന്നോട്ടുവച്ച വൈരുദ്ധ്യാത്മകതയും സമന്വയിക്കുന്ന ഒന്നായിരുന്നു അരുവിപ്പുറം പ്രതിഷ്ഠാ കര്‍മം. മതം എന്ന പ്രതിഭാസം ചരിത്രത്തില്‍ എന്ത് ചലനമാണ് ഉണ്ടാക്കിയത് എന്ന പരിശോധന അനിവാര്യമാണ്. യുദ്ധങ്ങളുടെ ചരിത്രമാണ് മതങ്ങള്‍ക്കു പറയാനുള്ളത്. രണ്ടു ലക്ഷം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ട കുരുശുയുദ്ധം വിശ്വാസപരമായ പുണ്യ നഗരത്തിനു വേണ്ടിയായിരുന്നു. ഒഴുക്ക് നഷ്ടപ്പെട്ട് കട്ടപിടിച്ചു കിടക്കുന്ന അവസ്ഥയില്‍ നിന്ന് മതങ്ങള്‍ക്ക് മോചനം ഉണ്ടാവണം.
അതിനു മതങ്ങളുടെ ചരിത്രപരമായ സ്ഥാനത്തെ കുറിച്ച് കൃത്യമായ ബോധ്യം വളര്‍ത്തിയെടുക്കുകയാണു വേണ്ടതെന്നും ബേബി പറഞ്ഞു. ചടങ്ങില്‍ കേളുവേട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. എ കെ രമേശ്, വി പി കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. എം ഗോകുല്‍ദാസ് എഴുതിയ എം മുകുനന്ദന്‍ എഴുത്ത് ജീവിതം കഥകള്‍ എന്ന പുസ്തകം കെ പി രാമനുണ്ണിക്കു നല്‍കി എം എ ബേബി പ്രകാശനം ചെയ്തു.

RELATED STORIES

Share it
Top