ദുരഭിമാനക്കൊല: പിതാവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു

അരീക്കോട്: വിവാഹത്തലേന്ന് മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. മകള്‍ ആതിര (21)യെ വെട്ടിക്കൊലപെടുത്തിയ കേസിലാണ് കീഴുപറമ്പ് പത്തനാപുരം പൂവത്തികണ്ടി പാലത്തിങ്ങല്‍ രാജനുമായി അരീക്കോട് പോലിസ് തെളിവെടുപ്പ് നടത്തിയത്. കൊലപ്പെടുത്തിയ സ്ഥലവും കൊലപ്പെടുത്തിയ രീതിയും ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍ മുമ്പാകെ വിവരിച്ചു.
വിവാഹശേഷം തങ്ങള്‍ വീട്ടിലേക്ക് വരില്ലെന്ന് ആതിര പറഞ്ഞിരുന്നു. അതാണ് കൊലപാതകത്തിന് കാരണമെന്ന് രാജന്‍ പോലിസിന് മൊഴിനല്‍കി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്നത്. വന്‍ പോലിസ് സന്നാഹവും ഉണ്ടായിരുന്നു. കൊലപാതകം വിവരിച്ച ശേഷം മകളുടെ മൃതദേഹം അടക്കംചെയ്ത സ്ഥലവും രാജന്‍ കണ്ടു. തെളിവെടുപ്പിനും വൈദ്യ പരിശോധനയ്ക്കും ശേഷം ഇയാളെ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഫോറസ്റ്റ് കോടതി ജഡ്ജി ഇ വി റാഫേലിനു മുമ്പില്‍ പോലിസ് ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ മഞ്ചേരി സബ്ജയിലിലേക്കയച്ചു.

RELATED STORIES

Share it
Top