ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

വാണിമേല്‍: വിലങ്ങാട് മലയോരത്തെ ഉടുമ്പിറങ്ങി മലയില്‍ അനധികൃത കരിങ്കല്‍ ഖനനം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന്‍കുട്ടി സ്ഥലം സന്ദര്‍ശിച്ചു. വടകര താഹസില്‍ദാര്‍ കെ ബി  സതീഷ്—കുമാര്‍, വിലങ്ങാട് വില്ലേജ് ഓഫിസര്‍ വി കെ ജയരാജന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഉടുമ്പിറങ്ങി മലയില്‍ ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന മുഴുവന്‍ സ്ഥലങ്ങളും മലയുടെ മുകള്‍ ഭാഗവും മുമ്പ് ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളും റവന്യൂ സംഘം സന്ദര്‍ശിച്ചു.
കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിക്കുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മലയോരത്ത് നടക്കുന്നതെന്നാണ് റവന്യൂ സംഘത്തിന്റെ വിലയിരുത്തല്‍. പരിസ്ഥിതി ദുര്‍ബല പ്രദേശവുമായി തൊട്ടു കിടക്കുന്ന ഈ മേഖലയില്‍ ഖനനത്തിനായി വെടിമരുന്നു ഉപയോഗിച്ച് നടത്തുന്ന സ്—ഫോടനങ്ങള്‍ ഉരുള്‍ പൊട്ടല്‍ അടക്കമുള്ള വന്‍ ദുരന്തത്തിന് ഇടയാക്കിയേക്കുമെന്ന് കലക്ടര്‍ പറഞ്ഞു. 2016ല്‍ ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ ഭൂമിയില്‍ എങ്ങിനെ നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ നടന്നു എന്നത് അന്വേഷിക്കുമെന്നും ഇതിനായി വടകര താഹസില്‍ദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. മേഖലയില്‍ നടത്തിയ പ്രവൃത്തിയെകുറിച്ച് രണ്ട് ദിവസത്തിനകം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, വളാഞ്ചേരി, മലപ്പുറം പ്രദേശത്തെ ഒമ്പത് പ്രവാസി വ്യവസായികളാണ് 2009ല്‍ ഉടുമ്പിറങ്ങി മലയില്‍ കൃഷിക്കെന്ന് പറഞ്ഞ് അന്ന് നിലവിലുള്ള വിലയുടെ മൂന്നും നാലും ഇരട്ടി നല്‍കി ഭൂമി വാങ്ങിക്കൂട്ടിയത്.
2013ല്‍ ഇവര്‍ കരിങ്കല്‍ ക്വാറി ആരംഭിക്കാനായി വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിന് അപേക്ഷ നല്‍കി. ഇതനുസരിച്ച് ഗ്രാമപ്പഞ്ചായത്ത് ഇവര്‍ക്ക് ഖനനത്തിനായി ലൈസന്‍സ് നല്‍കി. പ്രദേശവാസികളുടെയും വിവിധ യുവജന സംഘടകളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു പഞ്ചായത്തിന്റെ ഈ നടപടി. ഖനനം ആരംഭിച്ചതോടെ ക്വറിക്കെതിരെ സമരം ശക്തമായി. റവന്യൂ അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രകൃതിക്ക് ഹാനിയുളവാക്കുന്ന യാതൊരു വിധ നിര്‍മാണപ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ പാടില്ല എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി ഖനനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ഖനന പ്രവൃത്തി നടന്നില്ല. ഇപ്പോള്‍ രണ്ടു മാസമായി മലയുടെ മുകള്‍ ഭാഗത്ത് ഖനനത്തിനായി മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രകൃതി ദത്തമായ നീര്‍ച്ചാലുകള്‍ നികത്തിയും മലയിടിക്കലും അടക്കമുള്ള വന്‍ തോതിലുള്ള നിര്‍മാണമാണ് നടക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബിപിന്‍ തോമസ്, ഷെബി സെബാസ്റ്റ്യന്‍, സജി കൊടിമരം,യുവമോര്‍ച്ചാ നേതാക്കളായ എം സി അനീഷ്, സിനൂപ് രാജ്, ഡി വൈ എഫ് ഐ നേതാവ് ജിജി സന്തോഷ് എന്നിവരും ഉടുമ്പിറങ്ങി മലയില്‍ എത്തിയിരുന്നു.

RELATED STORIES

Share it
Top