ദുരന്തമുഖത്ത് വാഴവെട്ടിയവര്‍

രാഷ്ട്രീയ കേരളം - എച്ച് സുധീര്‍

അപ്രതീക്ഷിതമായെത്തിയ ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍ നിന്ന് ഇനിയും കരകയറാനാവാതെ വേദനിക്കുകയാണു കേരളം. നിരവധി ജീവനുകള്‍ നഷ്ടമായെന്നു മാത്രമല്ല, തീരപ്രദേശമാകെ ഓഖിയുടെ വരവോടെ നാശോന്മുഖമായി. ഇരുനൂറിലേറെ പേര്‍ ഇനിയും വീടുകളിലേക്കു മടങ്ങിയെത്തിയിട്ടുമില്ല. കിട്ടിയ അവസരം മുതലെടുത്ത് ജനകീയ പിന്തുണയ്ക്കായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ മല്‍സരിച്ച് തീരമേഖലയില്‍ സജീവമാണെങ്കിലും ദുരന്തനിവാരണത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ഉണ്ടായില്ലെന്ന വസ്തുത കേരളംപോലെയൊരു സംസ്ഥാനത്തിന് അപമാനം തന്നെയാണ്. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന പണി ദുരന്തമുഖത്ത് പൊതുവെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവലംബിക്കാറില്ല. പ്രതിസന്ധിഘട്ടത്തില്‍ വിലയിരുത്തലും വിമര്‍ശനവും മാറ്റിവയ്ക്കലാണു പതിവ്. എന്നാല്‍, ഓഖിയില്‍ സംഭവിച്ചതു നേരെ മറിച്ചാണ്. ഒന്നിച്ചുനിന്ന് പ്രയത്‌നിക്കേണ്ട ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം തീരും മുമ്പേ പരസ്പരം വിഴുപ്പലക്കലുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തുവന്നു. കേന്ദ്രവും സംസ്ഥാനവും ഭരണപക്ഷവും പ്രതിപക്ഷവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്ന് ഇരകളുടെ കണ്ണീരൊപ്പുന്നതിനു പകരം ഓഖിയുടെ പേരില്‍ വാഴവെട്ടല്‍ തുടങ്ങി. ആരാദ്യം എത്തി എന്നതില്‍ പിടിച്ചാണ് തമ്മിലടി തുടങ്ങിയത്. ചുഴലിക്കാറ്റ് സംബന്ധിച്ച പ്രവചനം കേരളത്തിന് നേരത്തേ ലഭിച്ചെന്നും ഇല്ലെന്നുമുള്ള തര്‍ക്കമാണ് പിന്നീട് വീശിയടിച്ചത്. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ച് ആലോചിക്കേണ്ട സമയത്താണ് ഈ തര്‍ക്കമെന്നതും വിസ്മരിച്ചുകൂടാ. എന്തിനും ഏതിനും ഡല്‍ഹിയിലേക്ക് സര്‍വകക്ഷിസംഘത്തെ അയക്കുന്ന കേരള സര്‍ക്കാര്‍ ഇക്കാര്യത്തിലും വൈകിപ്പോയി. ദുരന്തമുണ്ടായി ഒമ്പതുദിവസത്തിനു ശേഷമാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍പോലും സര്‍ക്കാരിനു കഴിഞ്ഞത്. ഓഖി ദുരന്തം വിതച്ച് 17 ദിവസം കഴിയുമ്പോഴും ദുരിതബാധിതരെക്കുറിച്ചുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ കണക്കില്‍ അവ്യക്തത തുടരുന്നുവെന്നതും സര്‍ക്കാര്‍ സമീപനത്തിലെ പാളിച്ചയുടെ ഉദാഹരണമാണ്. ഒടുവില്‍ സഹികെട്ട് ലത്തീന്‍ അതിരൂപത ഇടപെട്ടതോടെ ഈ വിഷയം ഹൈക്കോടതി കയറാന്‍ ഒരുങ്ങുകയാണ്. കോടതി ഇടപെടുന്നതോടെ വരുംദിവസങ്ങളില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നതില്‍ സംശയമില്ല. തിരുവനന്തപുരത്ത് 241 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് അതിരൂപതയുടെ കണക്ക്. എന്നാല്‍, ഔദ്യോഗിക കണക്കുപ്രകാരം കാണാതായവര്‍ 105 പേരാണ്. അതേസമയം, കഴിഞ്ഞ ദിവസത്തെ പോലിസ് കണക്കുപ്രകാരം 177 പേരെ കണ്ടെത്താനുണ്ട്. തീരദേശങ്ങളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് മരിച്ചവരുടെയും കാണാതായവരുടെയും വിവരം ശേഖരിച്ചാണ് പോലിസ്് കണക്ക് തയ്യാറാക്കിയത്. പോലിസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 177 പേരില്‍ 72 പേര്‍ റവന്യൂ വകുപ്പിന്റെ കണക്കിലില്ല. പോലിസ് റിപോര്‍ട്ട് പ്രകാരം ഇതുവരെയുള്ള മരണം 64 ആണെങ്കില്‍ റവന്യൂ വകുപ്പിന്റെ കണക്കില്‍ 68 ആണ്. ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴും തീരദേശവാസികള്‍ കടുത്ത അസംതൃപ്തിയിലാണ്. അടിയന്തര ഘട്ടത്തില്‍ തങ്ങള്‍ക്കു തണലാവേണ്ട ഭരണകൂടം തീര്‍ത്തും അവഗണിച്ചെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ പരാതി. അടിയന്തര സഹായം എന്ന നിലയില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഇവരുടെ കൈകളില്‍ എത്തിയില്ലെന്നു മാത്രമല്ല, സൗജന്യമായി നല്‍കിയ റേഷന്‍ അരിയില്‍പോലും തട്ടിപ്പു നടത്താമെന്ന 'ഉദാത്തമായ മാതൃക'യും സമൂഹത്തിന് കാണിച്ചുകൊടുത്തു. ഇതിന്റെ പ്രതിഫലനം ദുരന്തമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് നേരിടേണ്ടിയും വന്നു. ഓഖി ചുഴലിക്കാറ്റിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അടിമുടി മാറിയിട്ടുണ്ട്്. മന്ത്രിസഭാ യോഗങ്ങളില്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തിയിരുന്ന മുഖ്യനിപ്പോള്‍ നിരന്തരം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, മാധ്യമങ്ങളുമായുള്ള കഴിഞ്ഞ രണ്ടു കൂടിക്കാഴ്ചകളിലും പ്രതീക്ഷയ്ക്കു വകനല്‍കുന്ന ഒന്നുമുണ്ടായില്ലെന്നതാണു വസ്തുത. പാക്കേജ് എന്ന സ്ഥിരം പല്ലവി ഒന്ന് പുതുക്കിപ്പറഞ്ഞെന്നു മാത്രം. എന്തായാലും വല്യേട്ടന്റെ റോളില്‍ സംസ്ഥാന ഭരണത്തിന് ചുക്കാന്‍പിടിക്കുന്ന സിപിഎം ഓരോ ദിവസം പിന്നിടുമ്പോഴും നനഞ്ഞ പടക്കമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓഖി ദുരന്തത്തിനൊപ്പം ഒന്നിനു പിറകെ ഒന്നായി രാഷ്ട്രീയദുരന്തങ്ങളും സിപിഎമ്മിനെയും മുഖ്യനെയും വേട്ടയാടുന്നു. പ്രതിപക്ഷത്തിനെതിരേ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന രാഷ്ട്രീയ ആയുധങ്ങളുടെ മുനയൊടിഞ്ഞെന്നു മാത്രമല്ല, സ്വന്തം പാളയത്തില്‍ നിന്നുതന്നെ പണികിട്ടിത്തുടങ്ങിയതോടെ സര്‍ക്കാരിന്റെ കെട്ടുറപ്പിലുള്ള വിശ്വാസ്യതപോലും ചോദ്യംചെയ്യപ്പെടുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രിയെ താഴെയിറക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയവര്‍ അധികാരത്തിലെത്തി ഒന്നരവര്‍ഷം പിന്നിട്ടപ്പോഴേക്കും അടിതെറ്റി താഴെ വീണത് മൂന്നു മന്ത്രിമാര്‍. മാത്രമല്ല, ചുമലിലേറ്റി വിജയിപ്പിച്ച മറ്റൊരു എംഎല്‍എയുടെ അവസ്ഥയാവട്ടെ കയ്യാലപ്പുറത്തെ തേങ്ങപോലെയും. ഇതിനെല്ലാം പുറമേ കൃത്യമായ ഇടവേളകളില്‍ സിപിഐയുടെ വകയായുള്ള പണികള്‍ വേറെയും. കായല്‍കൈയേറ്റത്തില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതു തന്നെ ഏറെ പഴികേട്ട ശേഷമാണ്. ഇതിന്റെ ഭാരം വിട്ടുമാറും മുമ്പേ നിലമ്പൂരില്‍ നിന്നുള്ള നിയമസഭാ സാമാജികനായ പി വി അന്‍വറിന്റെ രൂപത്തില്‍ അടുത്ത പണിയെത്തി. പരിസ്ഥിതിനിയമം ലംഘിച്ച് വാട്ടര്‍തീംപാര്‍ക്ക് നിര്‍മിച്ചതില്‍ ആരോപണം നേരിടുന്ന അന്‍വര്‍ നിയമസഭാ പരിസ്ഥിതി സമിതിയില്‍ അംഗമാണെന്നതു തന്നെയാണ് ഏറ്റവും വലിയ തമാശ. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കുന്നതില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കങ്ങളും നിയമപോരാട്ടത്തിന്റെ പാതയിലാണ്. മൂന്നാര്‍ പരിസ്ഥിതി സംരക്ഷണത്തില്‍ സിപിഐ നടത്തിയ നിര്‍ണായക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കുന്നതിലേക്കു വരെ കാര്യങ്ങളെത്തി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയംഗം പി പ്രസാദാണ് ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കിയത്. മൂന്നാറിലെ ഭൂമിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വൈകാതെ വിശദീകരണം നല്‍കണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം. ജനുവരി 12ന് ഹരജി വീണ്ടും പരിഗണിക്കും. നിര്‍ണായക വിഷയങ്ങളില്‍ സിപിഐ ഇടഞ്ഞുനില്‍ക്കുന്നത് സിപിഎം ഗൗരവത്തോടെയാണു കാണുന്നത്. സിപിഐയുമായുള്ള തര്‍ക്കങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടുപോവരുതെന്നാണു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ദേശീയനേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം. അതേസമയം, മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലെ കൈയേറ്റങ്ങള്‍ പരിശോധിച്ച മന്ത്രിതലസംഘം ജോയ്‌സ് ജോര്‍ജ് എംപി നടത്തിയ കൈയേറ്റങ്ങളെ മനപ്പൂര്‍വം വിസ്മരിച്ചെന്ന ആക്ഷേപങ്ങളും ഗൗരവകരമാണ്. ഇതു മുതലെടുത്ത് 19ന് കൊട്ടക്കാമ്പൂരിലെയും വട്ടവടയിലെയും കൈയേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യുഡിഎഫ് സംഘം തീരുമാനിച്ചതോടെ കുറിഞ്ഞി ഉദ്യാനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജനുവരി ആദ്യയാഴ്ച മുഖ്യമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സോളാര്‍ കേസിലായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങളെല്ലാം പിഴച്ചു. കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതു നിലനില്‍ക്കില്ലെന്ന നിയമോപദേശം കൂടി എത്തിയതോടെ തോല്‍വിയുടെ ആഘാതമേറി. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവാതിരിക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

RELATED STORIES

Share it
Top