ദുരന്തനിവാരണ സേനയുടെ സ്ഥിരം സംവിധാനം വേണം

കട്ടപ്പന: ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ഇടുക്കി ജില്ലയില്‍ സ്ഥിരമായി ലഭിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. മുമ്പ് മുല്ലപ്പെരിയാര്‍ പ്രശ്‌നം മുന്‍നിര്‍ത്തി ഇടുക്കിയില്‍ ദുരന്തനിവാരണ സേനയുടെ കേന്ദ്രം ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. മഴക്കെടുതികളും മറ്റ് അപകടങ്ങളുമാകട്ടെ ജില്ലയില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനം വൈകുന്നത് പലപ്പോഴും ദുരന്തങ്ങളുടെ ആഘാതം വര്‍ധിപ്പിക്കുകയാണ്. പ്രകൃതിക്ഷോഭം അടക്കം ജില്ലയില്‍ ഉണ്ടായേക്കാവുന്ന ദുരന്തമേഘലകളില്‍ ഉടനടി രക്ഷാപ്രവര്‍ത്തനം നടത്താനാണ് കുമളിക്കടുത്ത് അണക്കരയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാന്‍ തീരുമാനിച്ചത്. തുടങ്ങിയ ഇടത്തുതന്നെയാണ് ഇതിന്റെ നില. ഇടുക്കിയുമായി ബന്ധപ്പെട്ട് അപകട സാധ്യതകള്‍ ഏറെയാണ്. ശക്തമായി മഴവന്നാല്‍ ഉരുള്‍പൊട്ടല്‍, ആളുകളും കന്നുകാലികളും വീടുകളും വെള്ളത്തില്‍ ഒഴുകിപോവല്‍ തുടങ്ങിയവ സാധാരണമാണ്. വേനലായാല്‍ കാട്ടുതീ, കാട്ടുമൃഗങ്ങളുടെ ആക്രമണം തുടങ്ങി എപ്പോഴും ഇടുക്കി ദുരന്തമുഖത്താണ്.
മുല്ലപ്പെരിയാര്‍ പ്രശ്‌നം മുന്‍നിര്‍ത്തി നടത്തിയ ദുരന്ത നിവാരണ സേനയുടെ മുന്‍കരുതല്‍ നടപടികളുടെ ആലോചനകള്‍ക്കിടയില്‍ ഉരുള്‍പൊട്ടലും ഭൂചലനവും ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ വിഷയമായിരുന്നു. കാലവര്‍ഷക്കെടുതികളും പതിവായതോടെയാണ് ദുരന്ത നിവാരണസേന ജില്ല കേന്ദ്രീകരിച്ച് വേണമെന്ന ആവശ്യം ബലപ്പെട്ടത്. തമിഴ്‌നാട് ആര്‍ക്കോണത്തു നിന്നുള്ള ദുരന്തനിവാരണ സേനയെയാണ് അടിയന്തര ഘട്ടങ്ങളില്‍ ജില്ലയില്‍ എത്തുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു വിഭാഗം ജില്ലയില്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം. കലക്ടറേറ്റ് കേന്ദ്രീകരിച്ച് പ്രത്യേക വിഭാഗത്തെ നിയോഗിക്കാനായിരുന്നു തീരുമാനം.
മുല്ലപ്പെരിയാര്‍ വിഷയം മുന്‍നിര്‍ത്തി പീരുമേട്ടിലും സേനയെ സജ്ജമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ജില്ലയില്‍ എവിടെയും അപകടമുണ്ടായാലും കാലതാമസം കൂടാതെ സേവനം നല്‍കാന്‍ സജ്ജമായ തരത്തില്‍ 50 പേരടങ്ങുന്ന സംഘത്തെയാണ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇടുക്കിയില്‍ ആകെ അഗ്നിശമന സേന സ്റ്റേഷനുകള്‍ എട്ടെണ്ണം മാത്രമാണ് ഉള്ളത്. അസൗകര്യങ്ങള്‍കൊണ്ടു വീര്‍പ്പുമുട്ടുകയാണ് ജില്ലയിലെ പല അഗ്‌നിശമന സേന യൂനിറ്റുകളും. ജീവനക്കാരുടെ കുറവ്, കെട്ടിടത്തിന്റെ പരിമിതികള്‍, വെള്ളം നിറയ്ക്കുന്നതിനു മതിയായ സംവിധാനങ്ങളില്ലായ്മ, വാഹനങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും അപര്യാപ്തതകള്‍ എന്നിവയെല്ലാം അഗ്നിശമന സേന സ്റ്റേഷനുകളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ്.
ചില അഗ്നിശമന സേന സ്റ്റേഷനുകളില്‍ ഫയര്‍മാന്‍മാരുടെയും ഡ്രൈവര്‍മാരുടെയും എണ്ണം ആവശ്യമായതിന്റെ പകുതിയോ അതില്‍ താഴെയോ മാത്രമാണ്. അപകട സ്ഥലങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് എല്ലാവിധ ഉപകരണങ്ങളോടും കൂടിയ എമര്‍ജന്‍സി ടെന്‍ഡര്‍ എന്ന വാഹനം ജില്ലയിലെ ഒരു സ്‌റ്റേഷനിലുമില്ല.

RELATED STORIES

Share it
Top