ദുരന്തത്തിന്റെ ഇരകള്‍ക്ക് ഇനി അഭയം വാടകവീട്

ഇരിട്ടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായ 15 കുടുംബങ്ങള്‍ ഭാവിജീവിത പ്രതീക്ഷകളുമായി ഇന്ന് ദുരിതാശ്വാസ ക്യാംപില്‍നിന്ന് യാത്രയാവും. സ്‌കൂള്‍ തുറക്കുന്നതിനാല്‍ അന്തേവാസികളെ പായം പഞ്ചായത്ത് കണ്ടെത്തിയ വാടകവീടുകളിലേക്ക് മാറ്റും. 13 വീടുകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. കിളിയന്തറയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിത കുടുംബങ്ങളെ മന്ത്രി കെ കെ ശൈലജ ഇന്നലെ സന്ദര്‍ശിച്ചു. പുനരധിവാസത്തിന് നാട് കൈകോര്‍ത്ത് അരയേക്കര്‍ ഭൂമിയും നല്ല റോഡും കുടിവെള്ള സൗകര്യവും ലഭ്യമാക്കുമെന്നു നല്‍കിയ ഉറപ്പ് മനുഷ്യ സൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇനി വീട് നിര്‍മിക്കാന്‍ തുകയാണാവശ്യം, ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജും. ഇക്കാര്യം റവന്യൂ-കൃഷി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാരായ കെ കെ രാഗേഷ്, പി കെ ശ്രീമതി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവരുടെ ശ്രദ്ധയിലും ഈ വിഷയങ്ങളുണ്ട്—. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയും പ്രത്യേക പാക്കേജിന് വേണ്ടി പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലില്‍ മരിച്ച ശരത്തിന്റെ വീട്ടിലെത്തിയ മന്ത്രി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

RELATED STORIES

Share it
Top