ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്ന എളാട് ചെക്ഡാം

പെരിന്തല്‍മണ്ണ: കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നതാണ് ശുദ്ധജല തടാകത്തിന്റെ മനോഹരമായ കാഴ്ച. എന്നാല്‍, ആ കാഴ്ചയ്ക്കുള്ളില്‍ അപകടങ്ങള്‍ നിറഞ്ഞ പാറക്കെട്ടുകളും ആഴങ്ങളറിയാത്ത കയങ്ങളും ചുഴികളും ഏറെയാണ്. ഇത് മുതുകുര്‍ശ്ശി എളാട് ചെക്ക്ഡാം. 2013ല്‍ നബാര്‍ഡിന്റെ സഹായത്തോടെ ആര്‍ഐഡിഎഫ് ഫണ്ടില്‍ നിന്നും 61.50 ലക്ഷം രൂപ ചെലവിട്ട് പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മാപ്പാട്ടു കരയേയും മലപ്പുറം ജില്ലയിലെ മുതുകുര്‍ശ്ശി എളാടിനെയും ബന്ധിപ്പിച്ച് കാര്‍ഷിക കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മിച്ച തടയണ കാഴ്ചയില്‍ മനോഹരമാണെങ്കിലും തടയണക്കുള്ളിലെ ചളിയും പാറക്കെട്ടുകളോട് ചേര്‍ന്ന കയങ്ങളും ഇവിടെ നിരവധി ജീവനുകളാണെടുത്തിട്ടുള്ളത്.
തടയണയോട് ചേര്‍ന്ന മാപ്പാട്ടുകര ആനപ്പാറ കുന്നിന്റെ ദൃശ്യം കാണാനെത്തുന്നവരടക്കം സമീപ ജില്ലകളില്‍ നിന്നും ദൂരദിക്കുകളില്‍ നിന്നും കേട്ടറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ കുളിക്കാനായി എത്തുന്നത്. വേനലാവുന്നതോടെ ഇത് ഇരട്ടിയിലധികവുമാകാറുണ്ട്. തടയണയില്‍ ഇറങ്ങുന്നത് നിരോധിച്ചുകൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ആരും ഇത് വകവയ്ക്കാറില്ല. വര്‍ഷങ്ങളായി നിരവധി പേരാണ് ഡാമില്‍ മുങ്ങിമരിച്ചിട്ടുള്ളത്.
2013ല്‍ സ്ഥാപിച്ച ഡാമില്‍ ഇറങ്ങുന്നത് തടഞ്ഞുകൊണ്ടുള്ള സുരക്ഷാവേലികള്‍ ഒന്നും ഇല്ലാത്തതും നാട്ടുകാര്‍ ഇറങ്ങുന്നതുകണ്ട് പരിചയമില്ലാത്തവര്‍ ഡാമില്‍ ഇറങ്ങുന്നതോടെയാണ് അപകടങ്ങളില്‍ മിക്കതും സംഭവിക്കാറുള്ളത്. പാറക്കെട്ടുകള്‍ക്കിടയില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ ചളിയില്‍ ആഴ്ന്നുപോകുന്നതോടെ തടയണയില്‍ മുങ്ങുന്നവര്‍ക്ക് പുറത്തേക്ക് വരാന്‍ കഴിയാത്തതാണ് അപകടങ്ങളിലേറെയുമെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം വല്ലപ്പുഴ യതീംഖാന ഹയര്‍സെക്കണ്ടറി സ്—കൂള്‍ വിദ്യാര്‍ഥിയുടെ മരണവും ഇത്തരത്തിലായിരുന്നുവെത്രെ. തടയണയെ അറിയാത്തവര്‍ ഒരുകാരണവശാലും തടയണയില്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ഉച്ചസമയങ്ങളില്‍ ആളുകള്‍ കുറയുന്ന സമയത്തടക്കം നിരവധി പേര്‍ തടയണയില്‍ കുളിക്കാനും മറ്റുമായി ഇറങ്ങുന്നുണ്ട്. ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തുകയാണ്.

RELATED STORIES

Share it
Top