ദുരന്തങ്ങള്‍ ഉല്‍സവമാക്കുന്ന മാധ്യമപ്രവര്‍ത്തനം

 പരമു

നിനച്ചിരിക്കാതെയാണു കേരളത്തില്‍ ഓഖി ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്. ആയിരക്കണക്കിനു മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ദുരന്തം. ആഴക്കടലില്‍ വിപുലമായ തിരച്ചില്‍ നടത്തി വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളാലാവുംവിധം ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി തന്നെ കേരളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ദുരന്തസൂചനകള്‍ ലഭിച്ച ഉടനെ തന്നെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കര്‍മനിരതരായി. മനുഷ്യസാധ്യമായ എല്ലാ പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തിയിട്ടും ഒട്ടേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി. അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ ഈ ദുരന്തം ജനങ്ങളെയാകെ തീരാദുഃഖത്തിലാഴ്ത്തി. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഇതൊരു മഹാവേദനയായി മാറി. ഓര്‍ക്കാപ്പുറത്തുണ്ടായ ഈ ദുരന്തം നമ്മുടെ ചില മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ഒരു ഉല്‍സവംപോലെയാണ് ആഘോഷിച്ചത്. കടലില്‍ പോയി കാണാതായ ഭര്‍ത്താവിനെ കണ്ണീരോടെ നോക്കിയിരിക്കുന്ന ഭാര്യയെയും മക്കളെയും കാമറയില്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ മല്‍സരിച്ചു. കരച്ചിലിനുവേണ്ടി മാധ്യമങ്ങള്‍ ഓടിനടന്നു. ചാനല്‍ മൈക്കുകള്‍ കരയുന്നവരുടെ പിറകെ വിടാതെ പിന്തുടര്‍ന്നു. സങ്കടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം വിവാദങ്ങള്‍ സൃഷ്ടിക്കാനും മാധ്യമങ്ങള്‍ വലിയ പങ്കു വഹിച്ചു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ തങ്ങളുടെ ധര്‍മവും ജനാധിപത്യമര്യാദയുടെ സകല സീമകളും ലംഘിച്ചു എന്നുതന്നെ പറയാം. സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവന്‍ പണയപ്പെടുത്തി രാവും പകലും നടത്തിയ ത്യാഗോജ്വലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ മറച്ചുവയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം പരിശ്രമിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കാളുപരി വിമര്‍ശനങ്ങളും പരാതികളും ഉന്നയിക്കാനാണ് മിക്ക മാധ്യമങ്ങളും ശ്രമിച്ചത്. അതിനു പറ്റിയവരുടെ അഭിമുഖങ്ങളും സംഘടിപ്പിച്ചു. മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയും അന്തസ്സുമാണ് ഇവിടെ നഷ്ടപ്പെട്ടത്. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പു ലഭിച്ചെന്നു ചില മാധ്യമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, ഇതിനു ശാസ്ത്രീയമായ തെളിവുകളൊന്നും നിരത്താന്‍ അവര്‍ക്കായില്ല. ഒരുപക്ഷേ, മുന്നറിയിപ്പ് നേരത്തേ ലഭിച്ചിട്ടുണ്ടായിരിക്കാം. സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചിരിക്കാം. മുന്നറിയിപ്പുകള്‍ അവഗണിച്ചിരിക്കാം. എന്നാല്‍, ദുരന്തം സംഭവിച്ച ഉടനെ തന്നെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിയിരുന്നുവെന്ന് ആരും സമ്മതിക്കും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് മാധ്യമങ്ങള്‍ വിവാദങ്ങള്‍ കത്തിച്ചത്. അതുകൊണ്ടു തന്നെ തീരദേശവാസികള്‍ സര്‍ക്കാരിന് എതിരായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ പരത്താനും മാത്രമേ ഇതൊക്കെ ഉപകരിച്ചിട്ടുള്ളൂ.മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും മാധ്യമങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് അതു വിവരിക്കാന്‍ മടിച്ചുനിന്നു. ദുരന്തഭൂമിയില്‍ ചെന്നുനിന്ന് കണ്ണീര്‍പൊഴിക്കാനും ചാനല്‍ മൈക്കുകള്‍ക്കു മുമ്പില്‍ വര്‍ത്തമാനം പറയാനും മുഖ്യമന്ത്രിയും മന്ത്രിമാരും സന്നദ്ധരായില്ല. അതൊരു വീഴ്ചയായി കണക്കാക്കി ഗവണ്‍മെന്റിനെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കാന്‍ ചില മാധ്യമങ്ങള്‍ ഓവര്‍ടൈം പണിയെടുക്കുന്നതു കാണാമായിരുന്നു. തങ്ങളുടെ പ്രവൃത്തി മുഖ്യമന്ത്രിയെ തടയുന്നതു വരെ എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കാലാവസ്ഥാ വകുപ്പാണ് ഓരോ സംസ്ഥാനത്തിനും മുന്നറിയിപ്പു നല്‍കാനുള്ള നോഡല്‍ ഏജന്‍സി. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും മാനദണ്ഡപ്രകാരമുള്ള ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും മറ്റും പറയുന്നത് ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല! ഈ ചുഴലിയെ ഓഖി എന്നു പേരിട്ട് ചുഴലിയായി അംഗീകരിച്ചതു തന്നെ ഇതു വീശിയതിനു ശേഷമാണെന്ന കോസ്റ്റ്ഗാര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പ്രസ്താവന ആരും ഗൗരവമായെടുത്തില്ല. ഏതൊരു ദുരന്തവും സംഭവിച്ചാല്‍ ജനങ്ങളും സര്‍ക്കാരും മാധ്യമങ്ങളുമെല്ലാം ഒറ്റക്കെട്ടായി അതു നേരിട്ട് രക്ഷാപ്രവര്‍ത്തനം നടത്തുകയാണു വേണ്ടതെന്ന് ആരും ഉപദേശിക്കേണ്ടതില്ല. പുര കത്തുമ്പോള്‍ ആരും വാഴ വെട്ടാറില്ലല്ലോ? മാധ്യമങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നാണ് ഏവരും കരുതുന്നത്. എന്നാല്‍, ഈ ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സംസ്ഥാനത്തെ ചില മാധ്യമങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു നിഷ്പക്ഷമതികള്‍പോലും സമ്മതിക്കും.                   ി

RELATED STORIES

Share it
Top