ദുരന്തം വിട്ടൊഴിയുന്നില്ല; കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാതെ നിര്‍മാണ മേഖല

കോഴിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന വാശി നിര്‍മാണ മേഖലയില്‍ തുടരുന്നു. നഗരം ഇന്നലെ മറ്റൊരു മണ്ണിടിച്ചില്‍ ദുരന്തത്തിന് കൂടി സാക്ഷിയായി.
റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡിലാണ് , അഞ്ച് ദിവസത്തിനിടെ നഗരത്തില്‍ രണ്ടാമത്തെ മണ്ണിടിച്ചിലുണ്ടായത്. ഇവിടെ ആളപായമില്ലാത പോയത് ഭാഗ്യമൊന്നുകൊണ്ട് മാത്രമാണ്. കഴിഞ്ഞ മുന്നിന് ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്്തിരുന്നു.
വേണ്ടത്ര സുരക്ഷയൊരുക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് രണ്ടിടത്തെയും അപകട കാരണം. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികളായതിനാല്‍ വലിയ പ്രശ്‌നമില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ഇന്നലത്തെ അപകടം സൂചിപ്പിക്കുന്നത്. യാതൊരുവിധ പ്രാഥമിക സുരക്ഷാ സംവിധാനവും ഒരുക്കാതെയാണ് കെട്ടിട നിര്‍മാണ കരാറുകാര്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ഇവിടെയും ജോലി ചെയ്യിപ്പിച്ചത്. മഴയായതിനാല്‍ തല്‍കാലം പണി നിര്‍ത്തിവയ്ക്കണമെന്നും സുരക്ഷാ മതില്‍ കെട്ടിയശേഷം മാത്രമേ പണി നടത്താവൂ എന്നും പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാര്‍ ചെവിക്കൊണ്ടില്ലെന്ന് സമീപത്തെ വീടിന്റെ ഉടമ സുനില്‍ നിവാസില്‍ മോഹനന്‍ പറയുന്നു.
ചിന്താവളപ്പിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ രണ്ടാമത്തെ അപകടമുണ്ടായത്. ആദ്യ അപകടമുണ്ടായപ്പോള്‍ തന്നെ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുരക്ഷയൊരുക്കും വരെയെങ്കിലും നിര്‍ത്തിവയ്പ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായി  ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഷോപ്പിങ് മാളിനുവേണ്ടി അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതിനായി മണ്ണെടുത്ത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ സമീപത്തെ വീടിനോട് ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞുവീണാണ് ആനിഹാള്‍ റോഡില്‍ അപകടമുണ്ടായത്. നിര്‍മാണ സ്ഥലത്തുണ്ടായിരുന്ന എക്‌സ്‌കവേറ്റര്‍ ഡ്രൈവറുടെ അവസരോചിത ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമാണ് തൊഴിലാളികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ഡ്രൈവര്‍ ഇരുമ്പു ഷീറ്റ് ശരീരത്തില്‍ വീഴുന്നത് തടഞ്ഞുനിര്‍ത്തിയില്ലായിരുന്നെങ്കില്‍ അപകടത്തിന്റെ ചിത്രം മറ്റൊന്നാവുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു.
നഗരസഭാ അധികൃതരുടേയും ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തേണ്ട ഉദ്യോഗസ്ഥരുടേയും നിസ്സംഗതയാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം അപകടം പിടിച്ച ജോലികളെടുക്കാന്‍ തദ്ദേശീയര്‍ തയ്യാറാവാതിരിക്കുന്നത് നിയമ ലംഘനം തുടരാന്‍ വലിയൊരളവോളം സഹായകമാവുന്നുണ്ട്. ഇടനിലക്കാര്‍ വഴിയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കരാര്‍ ജോലിക്കെത്തുന്നത്.
സുരക്ഷയില്ലാത്ത തൊഴിലുകളെടുക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ നാട്ടിലേക്കു പറഞ്ഞുവിടുകയാണ് പതിവ്.  ഇത് ഭയന്ന് അവര്‍ ഏത് തരം ജോലിയും ചെയ്യാന്‍ തയ്യാറാവുന്നു. ഇത് ഇത്തരം നിയമ ലംഘനങ്ങള്‍ നിര്‍ബാധം തുടരാന്‍ കരാറുകാര്‍ക്ക് സഹായകമാവുന്നുണ്ട്.

RELATED STORIES

Share it
Top