ദുരന്തം തകര്‍ത്തെറിഞ്ഞ കാടിന്റെ മക്കള്‍ കൂരക്കായി കേഴുന്നു

സമീര്‍ കല്ലായി

മലപ്പുറം: പ്രളയവും പ്രകൃതിയും സംഹാരതാണ്ഡവമാടിയ മലയോരമനസ്സില്‍ നിന്ന് ഭീതിയുടെ കനലുകള്‍ ഇനിയും അണഞ്ഞില്ല. അന്തിയുറങ്ങിയ കൂരയും മണ്ണും കുത്തിയൊലിച്ചുപോയ നിമിഷങ്ങള്‍ അവരുടെ ചിന്തകളെ അത്രയ്ക്കും വേട്ടയാടുന്നുണ്ട്. മലപ്പുറം ജില്ലയിലെ അവശേഷിക്കുന്ന ദുരിതാശ്വാസ ക്യാംപായ ചാലിയാര്‍ എരഞ്ഞിമങ്ങാട് യത്തീംഖാന സ്‌കൂളില്‍ കഴിയുന്ന ഇനിയും വീടണയാത്ത 53 കുടുംബങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു, ഇല്ല, ഇനി ആ ദുരന്തഭൂമിയിലേക്ക് ഒരു മടങ്ങിപ്പോക്ക്. ഒരായുസ്സിന്റെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായതിനൊപ്പം ഉറ്റവരും ഉടയവരും ജീവനുവേണ്ടി യാചിച്ച നിമിഷങ്ങള്‍, ആര്‍ത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിനും കൂറ്റന്‍ പാറകള്‍ക്കുമിടയിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിയ നിമിഷങ്ങള്‍ എല്ലാം അവര്‍ക്ക് നടുക്കുന്ന ഓര്‍മകളാണ്. പലരുടെയും ഭൂമി റീസര്‍വേ തന്നെ നടത്തി സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ചിലരുടേതാവട്ടെ മണ്ണൊലിച്ചുപോയ നീര്‍ച്ചാലുകള്‍ മാത്രം. നിലമ്പൂരിലെ ഒരു സുമനസ്സ് വീടുവയ്ക്കാന്‍ സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കാട്ടാന ഇറങ്ങുന്ന ഭൂമിയായതിനാല്‍ ഇനി ഒരു പരീക്ഷണത്തിന് അവര്‍ തയ്യാറല്ല. അതിലുപരി ജനിച്ച മണ്ണും പരിസരവും വിട്ടുപോരാന്‍ കാടിന്റെ മക്കള്‍ക്കുള്ള പ്രയാസവും. പുതിയ ജീവിതം പടുത്തുയര്‍ത്തണമെങ്കില്‍ ശീലിച്ച ജോലിയും ജീവിതസാഹചര്യങ്ങളും തന്നെ തുടര്‍ന്നും വേണം. 53 കുടുംബങ്ങളിലായി 186 അംഗങ്ങളാണ് ഇപ്പോഴും ക്യാംപിലുള്ളത്. ഇതില്‍ 28 ആദിവാസി കുടുംബങ്ങളും 18 ദലിത് കുടുംബങ്ങളും ഉള്‍പ്പെടും. ഏഴു കുടുംബങ്ങള്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടതാണ്. 60 പുരുഷന്‍മാരും 83 സ്ത്രീകളും 27 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഇവിടെ ഒരു മനസ്സോടെ കഴിയുന്നു. ജീവാപായമടക്കമുണ്ടായ ചെട്ടിയാംപാറ, മതില്‍മൂല കോളനിയിലെ ഹതഭാഗ്യരാണിവര്‍. പറഞ്ഞറിയിക്കാനാവാത്ത നഷ്ടങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ തിരിെവട്ടം ഇവരുടെ പ്രകാശം നഷ്ടപ്പെട്ട കണ്ണുകളില്‍ മിന്നിത്തെളിയുന്നുണ്ട്. എന്നാല്‍, ഈ നിസ്സഹായര്‍ക്കു മുമ്പില്‍ അധികൃതര്‍ പകച്ചുപോവുകയാണ്. ദുരിതബാധിതരുടെ ആവശ്യപ്രകാരം സമീപപ്രദേശത്ത് അവര്‍ക്ക് കൂരയൊരുക്കാന്‍ സര്‍ക്കാര്‍ ഭൂമിയില്ല. ഉള്ളതാവട്ടെ വനഭൂമിയും. ഇതു പതിച്ചുനല്‍കാന്‍ ഒട്ടേറെ നിയമതടസ്സങ്ങളുമുണ്ട്. ജിസിസി ആസ്ഥാനമായുള്ള സ്വകാര്യ മെഡിക്കല്‍ ഗ്രൂപ്പ് 10 മാസത്തേക്ക് വാടകവീടൊരുക്കാമെന്നു പറഞ്ഞതാണ് ഏക ആശ്വാസം.

RELATED STORIES

Share it
Top