ദുബയ് : സന്നദ്ധപ്രവര്‍ത്തനത്തിന് പുതിയ ചട്ടം

ദുബയ്: ദുബയില്‍ സേവനം നടത്തുന്ന വോളന്റിയര്‍മാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പുതിയ നിയമം നടപ്പാക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആണ് പുതിയ നിയമം നടപ്പാക്കിയത്.
ദുബയ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (സിഡിഎ) നേതൃത്വത്തില്‍ പ്രത്യേക വിഭാഗങ്ങളായി തിരിച്ചായിരിക്കും സേവനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. സേവനപ്രവര്‍ത്തകരുടെ വസ്തുതകള്‍ വിശദമായി പരിശോധിച്ചായിരിക്കും സിഡിഎ ലൈസന്‍സ് നല്‍കുക. സന്നദ്ധപ്രവര്‍ത്തകര്‍ പണം പിരിക്കാനോ പണം ശേഖരിക്കാന്‍ ആഹ്വാനം ചെയ്യാനോ പാടില്ല. സന്നദ്ധപ്രവര്‍ത്തനം ആധികാരികമായ സമയപരിധിക്കകത്തായിരിക്കണം. പൂര്‍ണമായും സിഡിഎ നിര്‍ദേശിക്കുന്ന നിലവാരത്തിലും നിയന്ത്രണത്തിലുമായിരിക്കണം. വോളന്റിയര്‍മാരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും ശാരീരിക ക്ഷമതയ്ക്കും യോജിച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും അനുമതി ലഭിക്കുക. സന്നദ്ധപ്രവര്‍ത്തനത്തിനു വേണ്ട എല്ലാ ഉപകരണങ്ങളും നല്‍കുന്നതോടൊപ്പം വോളന്റിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യും.
വോളന്റിയര്‍മാര്‍ 18 വയസ്സിനു മുകളിലുള്ളവരായിരിക്കണം. അല്ലാത്തവര്‍ രക്ഷിതാക്കളുടെ അനുമതിപത്രം ലഭ്യമാക്കണം. തത്ത്വങ്ങളും നിയമങ്ങളും മനസ്സിലാക്കി സ്വകാര്യ വിവരങ്ങള്‍ രഹസ്യമാക്കുന്നവരുമായിരിക്കണം വോളന്റിയര്‍മാര്‍. സന്നദ്ധപ്രവര്‍ത്തനത്തിനായി ലഭിക്കുന്ന ഉപകരണങ്ങള്‍ സേവനം കഴിഞ്ഞാല്‍ ഉടനെ ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്നും പുതിയ ചട്ടത്തില്‍ പറയുന്നു.

RELATED STORIES

Share it
Top