ദുബയ് മനുഷ്യക്കടത്ത് കേസ്മുഖ്യപ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ

കൊച്ചി: ദുബയ് മനുഷ്യക്കടത്തു കേസില്‍ പ്രതികള്‍ക്ക് പത്തു വര്‍ഷം വീതം തടവും പിഴയും ശിക്ഷ വിധിച്ചു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി എസ് സന്തോഷ് കുമാറാണ് കേസിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി തൃശൂര്‍ വലപ്പാട് കൊണ്ടിയാര്‍ വീട്ടില്‍ കെ വി സുരേഷ്, രണ്ടാം പ്രതി തൃശൂര്‍ തെക്കുംകര ലിസി സോജന്‍, മൂന്നാം പ്രതി തൃശൂര്‍ ലോകമല്ലേശ്വരം ആണ്ടുറുതിയില്‍ ബഷീര്‍ എന്ന സേതുലാല്‍, ഏഴാം പ്രതി തൃശൂര്‍ എറിയാട് ആവണിത്തറയില്‍ എ പി മനേഷ് എന്നിവര്‍ക്ക് ലൈംഗികവൃത്തിക്കായി സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പത്തു വര്‍ഷം തടവു ലഭിച്ചു. സ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്ന കുറ്റത്തിന് അഞ്ചു വര്‍ഷവും അന്യായമായി തടഞ്ഞുവച്ചതിന് മൂന്നു വര്‍ഷവും തടവ് അനുഭവിക്കണം.  രണ്ടര ലക്ഷം രൂപ വീതം പിഴയൊടുക്കണം.
കേസിലെ നാലാം പ്രതി തിരുവനന്തപുരം ചിറ്റാഴ വിശ്വവിഹാറില്‍ അനില്‍ കുമാര്‍, അഞ്ചാം പ്രതി ഇടുക്കി ഇരുപതേക്കര്‍ പാറയ്ക്കല്‍ വീട്ടില്‍ പി വി ബിന്ദു, ആറാം പ്രതി കൊല്ലം പുനലൂര്‍ കുഴിവിള വീട്ടില്‍ ശാന്ത എന്നിവര്‍ ലൈംഗികവൃത്തിക്കായി തട്ടിക്കൊണ്ടുപോയ കുറ്റത്തിന് അഞ്ചു വര്‍ഷവും വഞ്ചനാക്കുറ്റത്തിന് അഞ്ചു വര്‍ഷവും തടവ് അനുഭവിക്കണം.
വേശ്യാവൃത്തി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളിലായി 1, 2, 3, 7 പ്രതികള്‍ പത്തു വര്‍ഷത്തെ തടവ് അനുഭവിക്കണം. ശിക്ഷ വിവിധ വകുപ്പുകളിലാണെങ്കിലും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. യുഎഇയിലേക്ക് ഇരകളെ തട്ടിക്കൊണ്ടുപോയി അടിമകളോട് പെരുമാറുന്നതുപോലെയാണ് പ്രതികള്‍ പെരുമാറിയതെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
8ാം പ്രതി സുധര്‍മന്‍, 9ാം പ്രതി വര്‍ഗീസ് റാഫേല്‍, 10ാം പ്രതി കബീര്‍ പി കെ, 11ാം പ്രതി സിറാജ്, 12ാം പ്രതി പി എ റഫീഖ്, 13ാം പ്രതി എം രമേശന്‍, 14ാം പ്രതി എസ് മുസ്തഫ എന്നിവരെ വെറുതെ വിട്ടു.
ഒന്നാം പ്രതി മസ്‌കത്ത്്, ഷാര്‍ജ, ദുബയ്, അജ്മാന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. പ്രതികളുടെ തടങ്കലില്‍ നിന്നു രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസ് 2013ലാണ് സിബിഐ ഏറ്റെടുത്തത്.

RELATED STORIES

Share it
Top