ദുബയില്‍ ആഡംബര വീട്; 7,500 ഇന്ത്യക്കാര്‍ക്കെതിരേ ആദായ നികുതി വകുപ്പ് അന്വേഷണം

ന്യൂഡല്‍ഹി: ദുബയില്‍ ആഡംബരവീടുകള്‍ വാങ്ങിക്കൂട്ടിയ 7,500 ഇന്ത്യക്കാര്‍ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ 1,387 ഇന്ത്യക്കാര്‍ ദുബയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 30 ദശലക്ഷം യുഎഇ ദിര്‍ഹത്തിന്റെ 1,550 ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. ആദായനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ദുബയ് അധികൃതരില്‍ നിന്ന് ആരാഞ്ഞിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സാണ് പ്രധാനമായും അന്വേഷിക്കുന്നത്.
2017ല്‍ മാത്രം 15.6 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം ഈ മേഖലയില്‍ ഇന്ത്യക്കാര്‍ നടത്തി. 2003നും 2017നും ഇടയില്‍ 83.65 ബില്യണ്‍ ദിര്‍ഹത്തിന്റെ സ്വത്തുക്കള്‍ ഇന്ത്യക്കാര്‍ ദുബയില്‍ വാങ്ങിക്കൂട്ടിയതായി ദുബയ് ലാന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെ നിയമപ്രകാരം ഇന്ത്യക്കാര്‍ ദുബയില്‍ വസ്തു വാങ്ങുന്നത് കുറ്റകരമല്ല. റിസര്‍വ് ബാങ്ക് ചട്ടപ്രകാരം വര്‍ഷം 2,50,000 ഡോളറിന്റെ നിക്ഷേപം വിദേശത്തു നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍, ആദായനികുതി നിയമപ്രകാരം ഇന്ത്യക്കാര്‍ വിദേശത്തുള്ള അവരുടെ സ്വത്തുവിവരങ്ങള്‍ ആദായനികുതി വകുപ്പിനോട് വെളിപ്പെടുത്തിയിരിക്കണം.
കള്ളപ്പണം ഇല്ലാതാക്കുന്നതിനുള്ള നിയമമനുസരിച്ച് കള്ളപ്പണംകൊണ്ട് വിദേശരാജ്യങ്ങളില്‍ നടത്തിയ നിക്ഷേപവും ശിക്ഷാനടപടിയുടെ പരിധിയില്‍ വരും. 30 ശതമാനമാണ് ഇതിനുള്ള നികുതി. ശിക്ഷയായി 300 ശതമാനം നികുതിയും കേസും നേരിടേണ്ടിവരും. ദുബയിലെ 20 സുപ്രധാന റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലായി 29 ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപം ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍ ഇതിനകം അന്വേഷിച്ചുവരുകയാണ്.

RELATED STORIES

Share it
Top