ദീപ നിശാന്തിനെതിരേ കൊലവിളിയുമായി സംഘപരിവാരം

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരേ കൊലവിളിയുമായി സംഘപരിവാരം. രമേശ് കുമാര്‍ നായര്‍ എന്ന ബിജെപി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ഭീഷണി സന്ദേശം. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ചെന്നും ശനിയാഴ്ച ഇയാളിട്ട പോസ്റ്റില്‍ പറയുന്നു. ഞങ്ങള്‍ അതിനായി ശ്രമിക്കുകയാണ് എന്നായിരുന്നു ബിജെപി നേതാവായ ബിജു നായരുടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റിന് വന്ന മറുപടി. ബിജെപി കേരളം ഐടി സെല്‍ തലവനും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അടുത്ത അനുയായിയുമാണ് ഇയാള്‍.
കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് എഴുതിയ ദീപക് ശങ്കരനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ദീപ നിശാന്ത് അനുകൂലിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തുകയും എല്ലാ പ്രവര്‍ത്തകരും ഇവര്‍ക്കെതിരേ രംഗത്തുവരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു പിന്നാലെയാണു രമേശിന്റെയും ബിജുവിന്റെയും കൊലവിളി. ഇതിനു മുമ്പും സംഘപരിവാര അനുകൂലികള്‍ ദീപ നിശാന്തിന് നേരെ ഫേസ്ബുക്കില്‍ ഇത്തരത്തില്‍ കൊലവിളി നടത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും രേഖാമൂലം പരാതിനല്‍കിയതായി ദീപ നിശാന്ത് തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top