ദീപയ്ക്കും കുടുംബത്തിനും സ്വന്തം വീട്ടില്‍ പുതുജീവിതം

കണ്ണൂര്‍: ആലംബമറ്റ ദീപയ്ക്കും വയോധികരായ അമ്മമാര്‍ക്കും അത്താണിയുടെ തണലില്‍ പുതുജീവിതം. സ്ത്രീ വയോജനങ്ങളുടെ പുനരധിവാസ കേന്ദ്രമായ ആയിക്കര അത്താണിയില്‍നിന്ന് നവീകരിച്ച സ്വന്തം വീട്ടിലേക്ക് ഇവര്‍ ഇന്നലെ താമസം മാറി. അമ്മൂമ്മയെ തല്ലുന്ന ചെറുമകള്‍ എന്ന രീതിയില്‍ ഉപ്പാലവളപ്പിലെ ദീപയുടെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലിസ് കേസെടുത്തെങ്കിലും ഇവരുടെ ദുരിതം പുറംലോകം അറിഞ്ഞതോടെ കഥയുടെ ഗതി മാറി. ദീപയുടെയും കുടുംബത്തിന്റെയും സംരക്ഷണം അത്താണി ഏറ്റെടുത്തു. ഇപ്പോഴിതാ ഇവര്‍ക്ക് പുതിയ വീട് സജ്ജമായി.
രണ്ടു പെണ്‍കുട്ടികളും വയോധികരായ രണ്ട് അമ്മമാരുമൊത്ത് ആയിക്കരയിലെ ചെറിയ വീട്ടില്‍ ദുരിതങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞിരുന്ന ദീപയ്ക്ക് സുമനസ്സുകളുടെ കാരുണ്യത്തിലാണ് പുതിയ തണലൊരുങ്ങിയത്. ദീപയുടെ വീട് അത്താണി പ്രവര്‍ത്തകര്‍ നവീകരിച്ചു. ഈ വീട്ടിലേക്കാണ് ഇന്നലെ താമസം മാറ്റിയത്. ഗൃഹപ്രവേശന ചടങ്ങ് പി കെ ശ്രീമതി എംപിയും, കുടുംബസംഗമം അഡ്വ. പി വി സൈനുദ്ദീനും ഉദ്ഘാടനം ചെയ്തു. അത്താണി ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ സുരേഷ്, സാമൂഹികനീതി ഓഫിസര്‍ പവിത്രന്‍ തൈക്കണ്ടി, മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top