ദീപക് മിശ്രക്ക് എതിരായ ഇംപീച്ച്‌മെന്റ്: കോണ്‍ഗ്രസ് ഹരജി പിന്‍വലിച്ചുന്യൂഡല്‍ഹി: ചിഫ് ജസ്റ്റ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി കോണ്‍ഗ്രസ് പിന്‍വലിച്ചു. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചത്.  അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് കാണണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ഒരു കോടതിയുടെ ഉത്തരവ് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു ഉത്തരവില്ലെങ്കില്‍  മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഒരു അഡ്്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ ചീഫ് ജസ്റ്റിന് ഇക്കാര്യം ഭരണഘടനാ ബെഞ്ചിന് വിടാനുള്ള അധികാരമില്ലെന്ന് കപില്‍ സിബല്‍ വാദിച്ചു. ബന്ധപ്പെട്ട രജിസ്ട്രാര്‍ക്ക് ഇക്കാര്യം നേരിട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാനാവില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. എന്നാല്‍, വെങ്കയ്യ നായിഡുവിന് ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസിന് അതിനുള്ള അധികാരമുണ്ടെന്ന് പറഞ്ഞു.

കേസില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ജസ്റ്റിസ് ജെ.ചലമേശ്വര്‍ അറിയിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ജസ്റ്റിസ് എ കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡേ, എന്‍ വി രമണ, അരുണ്‍മിശ്ര, എ കെ ഗോയല്‍ എന്നിവരാണ് ഉള്ളത്. ഭരണഘടനാ ബെഞ്ചില്‍ നിന്ന് കൊളീജിയം ജഡ്ജിമാരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു നിയമവിരുദ്ധവും ഏകപക്ഷീയവുമായാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതെന്നാരോപിച്ച് പഞ്ചാബില്‍ നിന്നുളള പ്രതാപ് സിങ് ബാജ്വാ, ഗുജറാത്തില്‍ നിന്നുളള അമീ ഹര്‍ഷാദ്രെ യാഞ്ജനിക് എന്നീ രാജ്യസഭാംഗങ്ങളാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top