ദിശാസൂചക ബോര്‍ഡുകളില്‍ പിഴവ്

വണ്ടിപ്പെരിയാര്‍: പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ദിശാസൂചക ബോര്‍ഡുകളില്‍ പിഴവ് ഏറെ. പെരിയാര്‍- മൂഴിയാര്‍ റോഡില്‍ വള്ളക്കടവ് ജങ്ഷനില്‍ ശബരിമല തീര്‍ത്ഥാടന കാലയളവില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളിലാണ് പിഴവുകള്‍ ഉണ്ടായിരിക്കുന്നത്. വള്ളക്കടവില്‍ നിന്ന് ശബരിമലയിലേക്ക് 32 കിലോമീറ്റര്‍ ദൂരമെന്നാണ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലേക്ക് 20 കിലോമീറ്ററില്‍ താഴെ മാത്രമെ ദൂരമുള്ളൂ എന്നതാണു വസ്തുത. തീര്‍ത്ഥാടകര്‍ക്ക് മനസിലാവുന്ന രൂപത്തില്‍ ആറു ഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ കരാറുകാരന്‍ സ്ഥാപിച്ചത്. മകരവിളക്കിനു മുന്നോടിയായി റോഡ് നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും അനാസ്ഥ മൂലം നിലച്ചു. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഇടപെട്ടാണ് റോഡ് നിര്‍മാണം പുനരാംരംഭിച്ചത്.   ബോര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന കണക്കില്‍ പിഴവ് ശ്രദ്ധയില്‍പ്പെട്ടതായും എത്രയും വേഗം നീക്കം ചെയ്ത് പരിഹാരം കാണുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top