ദിവ്യ എസ് അയ്യര്‍ പതിച്ച് നല്‍കിയത് പുററമ്പോക്ക് ഭൂമിയെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: സബ് കലക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്കു നല്‍കിയതു സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടെത്തല്‍. പുറമ്പോക്കു ഭൂമിയാണു കൈമാറിയതെന്നു ജില്ലാ സര്‍വേ സൂപ്രണ്ട് കണ്ടെത്തി. ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്കു വിട്ടുകൊടുത്തത് വിവാദമായിരുന്നു.
വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി പുറമ്പോക്കാണെന്നു കണ്ടെത്തി തഹസില്‍ദാര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, തഹസില്‍ദാരുടെ ഈ നടപടിയെ റദ്ദാക്കി ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുക്കാനാണ് സബ് കലക്ടറായ ദിവ്യ എസ് അയ്യര്‍ തീരുമാനിച്ചത്. ഇതാണ് വിവാദമായത്. സംഭവം വിവാദമായ സാഹചര്യത്തില്‍ ഭൂമി കൈമാറ്റ ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ദിവ്യ എസ് അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെ എസ് ശബരിനാഥിന്റെ താല്‍പര്യപ്രകാരമാണെന്നായിരുന്നു ആരോപണം. സബ് കലക്ടറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അതില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഭൂമിയിടപാടില്‍ സബ് കലക്ടര്‍ക്ക് വീഴ്ച പറ്റിയെന്നു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദിവ്യ എസ് അയ്യര്‍ക്കെതിരേ നടപടിയെടുത്തത്.

RELATED STORIES

Share it
Top