ദിവ്യ എസ് അയ്യര്‍ക്ക് കലക്ടറുടെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് ക്ലീന്‍ചിറ്റ്. ഇടപാടില്‍ വീഴ്ചയില്ലെന്നു കാട്ടി തിരുവനന്തപുരം കലക്ടര്‍ കെ വാസുകി റവന്യൂ വകുപ്പിന് റിപോര്‍ട്ട് നല്‍കി. ഭൂപതിവ് ചട്ടപ്രകാരമാണു നടപടിയെന്നും സ്വകാര്യ വ്യക്തിക്കു സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയിട്ടില്ലെന്നും കലക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നു. വര്‍ക്കല ഭൂമി ഇടപാടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സബ്കലക്ടര്‍സ്ഥാനത്തുനിന്നു മാറ്റിയതിനിടെയാണു കുറ്റിച്ചല്‍ ഭൂമിയിടപാടില്‍ ദിവ്യക്ക് ക്ലീന്‍ചിറ്റുമായി കെ വാസുകിയെത്തിയത്.
വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനല്‍കിയെന്നതായിരുന്നു ദിവ്യ എസ് അയ്യര്‍ക്കെതിരേ ഉയര്‍ന്ന ആദ്യ ആരോപണം. തൊട്ടുപിന്നാലെ കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ഇടപാടിലും ആരോപണമെത്തി. 83 സെന്റ് പുറമ്പോക്ക് ഭൂമി കോ ണ്‍ഗ്രസ് അനുകൂലിക്കു പതിച്ചുനല്‍കിയെന്നു കുറ്റിച്ചല്‍ പഞ്ചായത്തിന്റെ പരാതിയില്‍ റവന്യൂ മന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു.
ഭൂമിയില്‍ പതിറ്റാണ്ടുകളായി അവകാശവാദം ഉന്നയിക്കുന്ന വ്യക്തിയോട് ഉയര്‍ന്ന കമ്പോളവില ഒടുക്കാനാണ് സബ്കലക്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തുക അടയ്ക്കാതെ സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്. അതിനാല്‍ ഭൂമി ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ല. ദിവ്യക്കെതിരേ പരാതി നല്‍കിയ കുറ്റിച്ചല്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ ഉദേശ്യശുദ്ധിയിലും കലക്ടര്‍ സംശയം പ്രകടിപ്പിക്കുന്നു. 2010 മുതല്‍ തുടങ്ങിയ കേസില്‍ 2017ല്‍ മാത്രമാണു പഞ്ചായത്ത് ആക്ഷേപമുന്നയിച്ചതെന്നാണു കുറ്റപ്പെടുത്തല്‍. റവന്യൂ സെക്രട്ടറിക്കു നല്‍കിയ റിപോര്‍ട്ട് മന്ത്രിക്കു കൈമാറും. വര്‍ക്കല ഭൂമി ഇടപാടില്‍ ദിവ്യക്കെതിരേ നടപടി വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനു പിന്നാലെയാണു കഴിഞ്ഞദിവസം തല്‍സ്ഥാനത്തുനിന്നു നീക്കിയത്.

RELATED STORIES

Share it
Top